സൂര്യഗ്രഹണം വന്നേ.. വലയസൂര്യഗ്രഹണം വന്നേ..

0
സൂര്യഗ്രഹണ വിളംബരയാത്ര പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ഗ്രഹണക്കുപ്പായവുമിട്ട് രണ്ടു പേർ വണ്ടിയിൽ നിന്നിറങ്ങുന്നു. പിന്നെ പറച്ചിലാണ്. ഡിസംബർ 26 ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തെപ്പറ്റി, ശാസ്ത്രം കെട്ടുകഥയല്ല എന്നതിനെപ്പറ്റി, ഗ്രഹണം കാണാനുള്ള സുരക്ഷിതമാർഗങ്ങളെപ്പറ്റി. തടിച്ചുകൂടുന്ന ആളുകൾ സംശയങ്ങളുടെ കെട്ടഴിക്കുന്നതോടെ സൂര്യഗ്രഹണം ജനകീയ ശാസ്ത്രോത്സവമായി പരിണമിക്കുന്നു. ഗ്രഹണത്തെ ദൃശ്യവൽക്കരിക്കുന്ന മൊബൈൽ ആപ്പുകൾ കൂടി പരിചയപ്പെടുത്തുന്നതോ സംഗതി ജോറായി.പശ്ചാത്തലത്തിൽ മൂന്നു നാലു പേർ കറങ്ങി നടക്കും. സൗരക്കണ്ണട, നോട്ടീസ്, യുറീക്ക, ശാസ്ത്രകേരളം എന്നിവയുമായി. ആവശ്യക്കാർക്ക് നൽകാൻ മാത്രം കണ്ണട കൈയിലില്ലാ അവസ്ഥയാണുള്ളത്.
തികച്ചും വ്യത്യസ്തമായ, ആവേശകരമായ അനുഭവങ്ങളുമായാണ് മലപ്പുറം ജില്ലയിൽ നാലു ദിവസമായി നടന്ന സൂര്യഗ്രഹണ വിളംബര യാത്ര പര്യടനം പൂർത്തിയാക്കിയത്. സൂര്യഗ്രഹണ വിളംബരയാത്ര പ്രൊഫ. കെ പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രഹണ കാഴ്ച പ്രത്യേക പതിപ്പ് കെ സിൽസിലയ്ക്കും സൗരക്കണ്ണട വി എസ് ആദിത്യനും നൽകി പ്രൊഫ. കെ പാപ്പൂട്ടി പ്രകാശനം ചെയ്തു. നാലു ദിവസങ്ങളിലായി 55 ലധികം കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾ നാട്ടുകാരുമായി സംവദിച്ചു. സി സുബ്രഹ്മണ്യൻ ജാഥാ ക്യാപ്റ്റനും, വി.വി മണികണ്ഠൻ മാനേജരും, വി.ആർ പ്രമോദ് കൺവീറും ആയ ജാഥയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *