ഹൃദ്യയുടെ സ്കോളര്‍ഷിപ്പ് തുക കാര്‍ബണ്‍ ലഘൂകരണത്തിന്
വയനാട്: പഠന മികവിന് ലഭിച്ച സ്കോളർഷിപ്പ് തുക കാർബൺ ലഘൂകരണത്തിന് ഉപയോഗിച്ച് വിദ്യാർഥിനി. കാര്യവട്ടം ഗവ. കോളേജ് യൂണിയൻ വൈസ് ചെയർമാനും ബിഎസ്‌സി വിദ്യാർഥിനിയുമായ വൈത്തിരിയിലെ ഹൃദ്യ രേവതിയാണ് ചൂടാറാപ്പെട്ടികള്‍ വിതരണം ചെയ്ത് ഊര്‍ജ സംരക്ഷണത്തിൽ മാതൃകയാവുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളില്‍ മുന്നിൽ നിൽക്കുന്ന കാർബൺഡൈഓക്സൈഡിന്റെ ഉത്ഭവകേന്ദ്രങ്ങളിലൊന്നാണ് നമ്മുടെ അടുക്കള. ചൂടാറാപ്പെട്ടിയിലൂടെ ഒരു കിലോ അരി വേവിക്കുമ്പോൾ 100 എം ജി ഗ്യാസ് അല്ലെങ്കിൽ ഒന്നര കിലോ വിറക് ലാഭിക്കാൻ കഴിയും. ഇതിലൂടെ കാർബണ്‍ ലഘൂകരണവും നടക്കും. ഗ്യാസ് ഉപയോഗിക്കുന്ന വീട്ടിൽ പ്രതിവർഷം 36 കിലോ ഗ്യാസ് ലഭിക്കുവാനും 112 കിലോ കാർബൺഡൈഓക്സൈഡ് ഉത്സർജനം തടയാനും കഴിയും. വിറക് മാത്രം ഉപയോഗിക്കുന്ന വീടുകളാണെങ്കിൽ 540 കിലോ വിറക് ലാഭവും 1000 കിലോ കാര്‍ബണ്‍ ഉത്സർജനം തടയാനും കഴിയും.
ഹൃദ്യ നല്‍കിയ ചൂടാറാപ്പെട്ടി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി ഗുണഭോക്താക്കള്‍ക്ക് കൈമാറി. സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ സി ജയരാജന്‍, പഞ്ചായത്ത് അംഗം ഷൈനി ഉദയകുമാർ, പ്രധാനാധ്യാപകൻ ഇ ശ്യാംകുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പി അനിൽകുമാർ സ്വാഗതവും കുടുംബശ്രീ എഡിഎസ് ജാസ്മിൻ നന്ദിയും പറഞ്ഞു. കമല ഭാസ്കരൻ ആദ്യ ചൂടാറാപ്പെട്ടി ഏറ്റുവാങ്ങി.
വയനാട് ജില്ലാ ട്രഷറര്‍ പി അനില്‍ കുമാറിന്റെ മകളും പരിഷത്ത് പ്രവര്‍ത്തകയുമാണ് ഹൃദ്യ.