10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ആശങ്കകൾ ഉടൻ പരിഹരിക്കണം

0

10, 12 ക്ലാസുകളിലെ കുട്ടികളുടെ മുഖാമുഖ ക്ലാസുകൾ ജനവരി ഒന്നിന് ആരംഭിക്കുമെന്നും അവരുടെ പൊതുപരീക്ഷകൾ മാർച്ച് 17 ന് ആരംഭിച്ച് 30 ഓടെ അവസാനിക്കുമെന്നും സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
ഈ അക്കാദമിക വർഷം ഇതുവരെയും ക്ലാസ്സുകൾ നടന്നത് ഡിജിറ്റൽ രീതിയിലാണ്. പ്ലസ് ടു വിൽ 46 വിഷയങ്ങൾ ഉള്ളതിൽ 17 വിഷയങ്ങളിൽ മാത്രമാണ് ഡിജിറ്റൽ ക്ലാസുകൾ നടന്നിട്ടുള്ളത്. എല്ലാ ക്ലാസുകളിലും നടന്ന ക്ലാസുകൾ ആകട്ടെ സമയക്കുറവു കൊണ്ടും വേഗത കാരണവും മറ്റും ഉള്ളടക്കം മനസ്സിലാക്കുന്നതിൽ കുട്ടികൾക്ക് ഒട്ടേറെ പ്രയാസം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പരിഷത്ത് തയ്യാറാക്കിയ പഠന റിപ്പോർട്ട് സർക്കാരിന്റെ മുമ്പിൽ ഉണ്ട്. പല വിഷയങ്ങളിലും ആകെ ഉള്ളടക്കത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഓൺലൈനിലൂടെ ഇതിനകം കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ഡിജിറ്റൽ ക്ലാസുകൾ മുഖാമുഖ ക്ലാസുകൾക്ക് ബദൽ അല്ലെന്നും മതിയായ അളവിൽ മുഖാമുഖ ക്ലാസുകൾ നടത്തിയതിനുശേഷമേ പൊതുപരീക്ഷ ഉണ്ടാകുകയുള്ളുവെന്നും സംസ്ഥാന സർക്കാർ തന്നെ നേരത്തെ വ്യക്തമാക്കിയതുമാണ്.
വസ്തുതകൾ ഇതായിരിക്കെ, തിടുക്കപ്പെട്ട് പരീക്ഷകൾ പതിവ് സമയത്ത് നടത്തി തീർക്കാനുള്ള തീരുമാനം കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഒരു പുന:പരിശോധന ആവശ്യമാണെന്നും ബന്ധപ്പെട്ടവരുടെ ആശങ്കകൾ എത്രയും വേഗം ദൂരീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
തീരുമാനമെടുക്കുമ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. പത്താം ക്ലാസിലെ പരീക്ഷയും തുടർന്നുള്ള പഠനവും ഒരു പരിധിവരെ സംസ്ഥാനത്തിനകത്ത് തീരുമാനിക്കാം. എന്നാൽ അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷകൾ എഴുതി സംസ്ഥാനത്തിന് പുറത്ത് ഉൾപ്പെടെ തുടർപഠനം നടത്താൻ ആഗ്രഹിക്കുന്ന പ്ലസ് ടു കുട്ടികളുടെ കാര്യത്തിൽ എടുക്കുന്ന തീരുമാനം, കേന്ദ്ര സർക്കാരും കേന്ദ്ര പരീക്ഷാ ബോർഡുകളും കൈക്കൊള്ളുന്ന തീരുമാനത്തെ കൂടി കണക്കിലെടുത്തേ ആകാവൂ. കൂടാതെ ഏപ്രിൽ/ മെയ് മാസം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ്, ജൂണിൽ വരാനിരിക്കുന്ന മൺസൂണും അതിന്റെ ഭാഗമായ മഴക്കെടുതികളും ഒക്കെക്കൂടി പരിഗണിച്ചേ കേരളത്തിൽ ഒരു തീരുമാനം എടുക്കാനാവൂ. അതാകട്ടെ കുട്ടികൾക്ക് മതിയായ അളവിൽ മുഖാമുഖ ക്ലാസുകൾ ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനം കൂടി പരിഗണിച്ചും ആവണം. ആകയാൽ താഴെ ചേർക്കുന്ന നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും കുട്ടികൾക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങൾ ഉണ്ടാവണമെന്നും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
1. പത്താം ക്ലാസിലെ പൊതുപരീക്ഷ മെയ് അവസാന വാരം നടക്കുന്ന രീതിയിൽ ക്രമീകരിക്കാം. തെരഞ്ഞെടുപ്പ് തീയതി കൂടി വന്നു കഴിഞ്ഞേ അന്തിമമായ ടൈംടേബിൾ തീരുമാനിക്കാവൂ.
2. ഇതോടൊപ്പം കേന്ദ്ര ബോർഡുകളുടെ തീയതികളും കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളും കൂടി പരിഗണിച്ച് പ്ലസ് ടു വിന്റെ പരീക്ഷാ ടൈംടേബിൾ തീരുമാനിക്കുന്നതാകും ഉചിതം.
3. ഈ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് മാത്രമേ പരീക്ഷയുടെ ചോദ്യരീതിയും നടത്തിപ്പും തീരുമാനിക്കാവൂ. പാഠഭാഗങ്ങൾ പരമാവധി പൂർത്തീകരിക്കുക എന്നത് പ്രധാനമാണ്. അതേസമയം കുട്ടികൾക്ക് പലഭാഗങ്ങളും വേണ്ടത്ര മനസ്സിലാക്കിയെടുക്കാൻ ഇനി സമയമില്ല എന്ന വസ്തുത കൂടി പരിഗണിക്കണം. അതുകൊണ്ട് അവർ നന്നായി തയ്യാറായ പാഠഭാഗങ്ങളിലെ ചോദ്യങ്ങൾ തെരഞ്ഞെടുക്കാൻ കഴിയും വിധം പതിവിൽ നിന്ന് ഭിന്നമായി വളരെ കൂടുതൽ ചോയ്സ് നൽകാൻ ശ്രമിക്കണം. ഒപ്പം ആഴത്തിലുള്ള പഠനം വേണ്ടത്ര നടക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ ചോദ്യങ്ങൾ പൊതുവേ എളുപ്പമുള്ളതാക്കാനും ശ്രദ്ധ വേണം. അപ്രകാരം തയ്യാറാക്കുന്ന ചോദ്യപ്പേപ്പറിനെക്കുറിച്ച് കുട്ടികൾക്ക് നല്ല ധാരണയുണ്ടാവണം. അതിനായി ഒരു മാതൃകാപരീക്ഷ നടത്തുന്നത് നന്നായിരിക്കും. കുട്ടികൾ തെരഞ്ഞെടുത്ത് നൽകുന്ന പഠന ഉൽപ്പന്നങ്ങളെ പരിഗണിച്ചു മാത്രമേ ഇപ്രാവശ്യം സി.ഇ. സ്കോറുകൾ നൽകൂ എന്നും തീരുമാനിക്കണം.
4. പരീക്ഷ സംബന്ധിച്ച മറ്റ് ഏതു തീരുമാനവും കുട്ടികളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കണ്ടുകൊണ്ടുള്ള രീതിയിൽ ആവണം.
5. കുട്ടികൾക്ക് ഉണ്ടാവാൻ ഇടയുള്ള മാനസികസമ്മർദം പരിഗണിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക വിശദീകരണം നൽകാനുള്ള നടപടികൾ കൈക്കൊള്ളണം. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ മുന്നോട്ടു പോകണം എന്നതു സംബന്ധിച്ച് അധ്യാപകർക്കും വ്യക്തമായ നിർദേശങ്ങൾ നൽകണം. കൂടാതെ സമ്മർദം ലഘൂകരിക്കുന്നതിനുള്ള കൗൺസലിംഗ് സംവിധാനങ്ങൾ സ്കൂൾ, ജില്ല, സംസ്ഥാന തലങ്ങളിൽ ഏർപ്പെടുത്തണം. പഠനവും പരീക്ഷയും സംബന്ധിച്ച ഏത് ആശങ്കയും അപ്പപ്പോൾ ദൂരീകരിക്കാൻ കഴിയണം.
6. ആദിവാസി തീരദേശ മേഖലകളിൽ നിന്നുള്ള കുട്ടികളും കോളനികളിൽ വസിക്കുന്നവരും ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരും ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്നവരും നിലവിലുള്ള സാഹചര്യത്തിൽ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്. ഇവരുടെ കാര്യത്തിൽ സർക്കാരും സ്കൂൾ അധികൃതരും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഗൃഹസന്ദർശനം, ഇതര പിന്തുണകൾ എന്നിവ തദ്ദേശ ഭരണാധികാരികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ആസൂത്രണം ചെയ്യാൻ വ്യക്തമായ നിർദേശങ്ങൾ നൽകണം.
7. പ്ലസ് ടു വിന്റെ പരീക്ഷ, തുടർപഠനം എന്നിവ സംബന്ധിച്ച് എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ടുള്ള കേന്ദ്ര തലത്തിലുള്ള തീരുമാനങ്ങൾ എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും ഇതോടൊപ്പം അഭ്യർഥിക്കുന്നു.
ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും അത് തുടർച്ചയായി നടത്താനും കുട്ടികൾക്ക് അവരുടെ അധ്യാപകർ വഴി പഠനപിന്തുണ ഉറപ്പിക്കാനും സംസ്ഥാന സർക്കാർ കാണിച്ച ശ്രദ്ധയും താൽപര്യവും ആസൂത്രണ മികവും പൊതുപരീക്ഷ സംബന്ധിച്ച കാര്യങ്ങളിലും ഉണ്ടാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed