2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക

0

2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് മാര്‍ച്ച് 3, 4 തീയതികളില്‍ തൃശ്ശൂരില്‍ ചേര്‍ന്ന ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹകസമിതി യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഫലത്തില്‍ 2008-ലെ നിയമത്തെ അട്ടിമറിക്കുന്നതാണ്. 2008-ലെ നിയമത്തിന്റെ ഭാഗമായി ഉണ്ടാകേണ്ട നെല്‍വയല്‍ നീര്‍ത്തട ഡേറ്റാബാങ്ക് 10 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അധികാരത്തില്‍ വന്ന് 6 മാസത്തിനകം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കുറ്റമറ്റ ഡേറ്റാബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നാണ് എല്‍.ഡി.എഫ്. പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഭേദഗതിപ്രകാരം ഡേറ്റാബാങ്ക് വഴി വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം അതിന്റെ ന്യായവിലയുടെ പകുതി അടച്ച് എത്രവേണമെങ്കിലും നികത്താവുന്നതാണ്. മാത്രമല്ല 10 സെന്റുവരെ നികത്തുന്നതിന് യാതൊരു അനുമതിയും ആവശ്യമില്ലതാനും. ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കാനായി ഒന്നും ചെയ്യാതെ അതില്‍ ഉള്‍പ്പെടാത്ത വയല്‍ നികത്താം എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്? സംസ്ഥാനത്ത് നെല്‍വയല്‍ വിസ്തൃതി ഓരോ വര്‍ഷവും ഭീതിദമായവിധം കുറഞ്ഞുവരികയാണ്. പ്ലാനിംഗ് ബോര്‍ഡിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് നെല്‍വയല്‍ വിസ്തൃതിയില്‍ 13 ശതമാനവും നെല്ലുല്പാദനത്തില്‍ 21 ശതമാനവും കുറവു വന്നിട്ടുണ്ട്. വേനല്‍ച്ചൂടും കുടിവെള്ളക്ഷാമവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമാകുമെന്നാണ് ഈ വര്‍ഷം ഇതുവരെയുള്ള കാലാവസ്ഥാസൂചന. നെല്‍വയലുകളും മറ്റു തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതും അതിനായി കുന്നിടിക്കുന്നതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും എന്നു പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തില്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ ഭേദഗതി ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് പരിഷത്തിന്റെ കേന്ദ്രനിര്‍വാഹകസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് സര്‍ക്കാരിനു നിവേദനം നല്‍കുകയും ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണകള്‍ സംഘടിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ അതു പരിഗണിക്കാതെ കേരളനിയമസഭയുടെ നടപ്പു സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കാനായി ലിസ്റ്റു ചെയ്തിട്ടുള്ളതായി കാണുന്നു. ആയതിനാല്‍ ഇക്കാര്യം വ്യാപക ചര്‍ച്ചയ്ക്കു വിധേയമാക്കുന്നതിനായി തിരുവനന്തപുരത്ത് ജനസഭ ചേരുന്നതിന് തീരുമാനിച്ചു. ഡോ. ആര്‍.വി.ജി.മേനോന്‍, സുഗതകുമാരി ടീച്ചര്‍, പ്രൊഫ: എം.കെ.പ്രസാദ്, ഡോ. എ.അച്യുതന്‍, പരിഷത്ത് പ്രസിഡണ്ട് ടി.ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതുകൂടാതെ എല്ലാ ജില്ലകളിലും വ്യാപകമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നിര്‍വാഹകസമിതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *