യുദ്ധ ഭ്രാന്ത് വളർത്തരുത്! സമാധാനം പുലരട്ടെ! കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാനവാർഷികസമ്മേളനം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
62 -ാം സംസ്ഥാനവാർഷികസമ്മേളനം
2025 മെയ് 9 10 11 .ധോണി ,പാലക്കാട്
പ്രമേയം
യുദ്ധ ഭ്രാന്ത് വളർത്തരുത്! സമാധാനം പുലരട്ടെ!
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
62 -ാം സംസ്ഥാനവാർഷികസമ്മേളനം
ഇരുപത്തിയാറ് നിരപരാധികളായ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തെ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62-ാം വാർഷിക സമ്മേളനം ശക്തമായി അപലപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി യുദ്ധസമാനമായ അവസ്ഥയിലേക്ക് നീങ്ങിയത് അങ്ങേയറ്റം ഉത്ക്കണ്ഠയോടെയും ഗൗരവത്തോടെയുമാണ് പരിഷത്ത് സമ്മേളനം നോക്കിക്കാണുന്നത്. സാമ്രാജ്യത്വശക്തികളുടെ ആവശ്യത്തിനനുസരിച്ച് ഭീകരരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ നടത്തുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്ത പാക്കിസ്ഥാനിൻ്റെ പ്രവർത്തനങ്ങൾ പഹൽഗാം ഭീകരാക്രമണത്തിനും കാരണമായിട്ടുണ്ട്. തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഏതൊരു രാജ്യത്തിനും അവകാശവും കടമയും ഉണ്ട്. അത്തരത്തിൽ ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ സൈനിക നടപടി ന്യായീകരിക്കത്തക്കതുമാണ്. എന്നാൽ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലുപരി രണ്ട് രാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേയ്ക്ക് നീങ്ങുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം യുദ്ധത്തിൻ്റെ കരിനിഴലിലായ പ്രതീതിയുണ്ട്. ആത്യന്തികമായി എല്ലാ യുദ്ധങ്ങളും സാർവ്വത്രിക ദുരന്തമാണ് മനുഷ്യരാശിക്ക് നൽകിയിട്ടുള്ളത്. വിവേകപൂർണമായ ഈ നിലപാടോടെ യുദ്ധത്തെ മനുഷ്യപക്ഷത്തു നിന്ന് സമീപിക്കുന്നതിനു പകരം ബഹുജനങ്ങളിൽ യുദ്ധജ്വരം മൂർച്ഛിപ്പിക്കുന്ന വിധത്തിലാണ് മാധ്യമങ്ങൾ യുദ്ധവാർത്തകൾ റിപ്പോർട് ചെയ്യുന്നത്. യുദ്ധത്തെ ദേശാഭിമാനവുമായി സമീകരിച്ച് സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന ‘വാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളും ആവേശപൂർവ്വം പ്രചരിപ്പിക്കുന്നു.
യുദ്ധം രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പൊതുവിലോ ഈ മേഖലയിലെ തീവ്രവാദത്തിന് വിശേഷിച്ചോ പരിഹാരം കാണാൻ പര്യാപ്തമായ ഒന്നല്ല. യുദ്ധം വിനാശമല്ലാതെ മറ്റൊന്നും മാനവസമൂഹത്തിന് സംഭാവന ചെയ്തിട്ടില്ല. അത് മാരകമാംവിധം ആൾനാശവും വിഭവനാശവും വരുത്തുന്നു. മരണവും ദുരിതവും പട്ടിണിയും നിലവിളിയും കണ്ണുനീരുമാണ് അത് നൽ കുന്നത്. അതുകൊണ്ട് ഏത് സാഹചര്യത്തിലും ഇന്ത്യയും പാക്കിസ്ഥാനും ഒരു യുദ്ധത്തിലേയ്ക്ക് നീങ്ങരുത് എന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ അറുപത്തിരണ്ടാം വാർഷികസമ്മേളനം അധികാരികളോട് അഭ്യർത്ഥിക്കുന്നു.