ശാസ്ത്രഗവേഷണത്തിൽ കണിശതയും നൈതികതയും നഷ്ടമാകുന്നത് വൻദുരന്തം – ഡോ. പാർത്ഥ പി മജുംദാർ
സയൻസിലെ കണിശതയും മൂല്യങ്ങളും കൈവിടുന്നത് വൻദുരന്തത്തിലേക്ക് നയിക്കുമെന്നും അതു തടയാൻ അടിയന്തിര ഇടപെടലുകൾ അനിവാര്യമാണെന്നും പ്രമുഖ ജനിതകശാസ്ത്രജ്ഞനും സയൻസ് ആൻഡ് എഞ്ചിനിയറിംഗ് ബോർഡ് നാഷണൽ ചെയറുമായ പാർത്ഥാ പി മജുംദാർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62-ാം സംസ്ഥാന വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജ വിവരങ്ങൾ സൃഷ്ടിക്കലും പ്രബന്ധഭാഗങ്ങളുടെ കോപ്പിയടിയും എ.ഐ.ഉപാധികളുടെ ദുരുപയോഗവും ഒക്കെ വഴി രചിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം അപകടകരമാംവിധം വർധിക്കുകയാണ്. ഇവ വേണ്ടത്ര പരിശോധന കൂടാതെ ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും പിന്നീടു പിൻവലിക്കുകയും ചെയ്യുന്ന ഗതികേടാണുള്ളത്. ഇത്തരം വ്യാജ പ്രബന്ധങ്ങളുടെ പിൻവലിക്കലിൽ ബമ്പർ കുതിപ്പാണ് 2023 ൽ ഉണ്ടായത്. ഇക്കാര്യത്തിൽ ഇന്ത്യ അതിവേഗം അമേരിക്കയുടെ രണ്ടിരട്ടി എണ്ണം പിൻവലിക്കലിലേക്കെത്തിയിരിക്കുകയാണ് . രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളും ഗവേഷണ ഗൈഡുമാരുമെല്ലാം നിക്ഷിപ്ത താത്പര്യങ്ങളോടെ വ്യാജഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് വന്നിരിക്കുന്നക്കുന്നത്.
ഫാക്കൽറ്റി നിയമനത്തിനും സ്ഥാനക്കയറ്റത്തിനും പരിശീലനങ്ങൾക്കുമൊക്കെ തെരഞ്ഞെടുക്കപ്പെടാൻ ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണമാണിന്ന് നോക്കുന്നത്. ഇത് മാറണം. ഗുണമേന്മയാകണം മാനദണ്ഡം. കണിശതയും നൈതികതയും ഗവേഷണത്തിന്റെ രൂപകല്പനാ ഘട്ട൦ മുതൽ ഉറപ്പിക്കണം. വ്യക്തിതലം മുതൽ സാമൂഹികതല വരെ ഈ ജാഗ്രത പുലർത്തണം.
തെറ്റായ ഗവേഷണ ഫലങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്ന സ്ഥിതി ഉണ്ടാകാതെ നോക്കണം. എന്നാൽ തുടക്കം മുതൽ വ്യാജ വിവരങ്ങൾ ഉപയോഗിക്കുന്ന ‘ക്രിമിനൽ കുറ്റ’മാണ് ചിലർ ചെയ്യുന്നത്. വ്യാജ ഗവേഷണങ്ങളും പ്രബന്ധങ്ങളും ഉണ്ടാകുന്നത് തടയാൻ ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ എല്ലാം ഗവേഷണങ്ങളിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെപ്പറ്റി വിദ്യാർത്ഥികളെ പഠിപ്പിക്കണം.
പ്രബന്ധങ്ങൾ വിദഗ്ധ പരിശോധന നടത്തുക, പ്രസിദ്ധീകരിച്ചാലും പുനഃപരിശോധനകൾ നടത്തുക, തട്ടിപ്പുകളെ പറ്റി മുഴുവൻ ശാസ സമൂഹവും പൊതുസമൂഹവും ജാഗ്രത പുലർത്തുക എന്നിവ ഉറപ്പാക്കണം. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ജനകീയ ശാസ്ത്ര സംഘടനകൾക്ക് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ആകുമെന്നും പാർത്ഥ പി മജുംദാർ അഭിപ്രായപ്പെട്ടു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി കെ മീരാഭായ് അധ്യക്ഷയായ ഉദ്ഘാടന സമ്മേളനം ബി എസ് ശ്രീകണ്ഠൻ ചിട്ടപ്പെടുത്തിയ സ്വാഗത ഗാന അവതരണത്തോടെ ആരംഭിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ ജില്ലാ പഞ്ചായത്ത് പ്രസ്ഡന്റ് കെ ബിനുമോൾ സ്വാഗതവും ജനറൽ കൺവീനർ പി. അരവിന്ദാക്ഷൻ നന്ദിയും രേഖപ്പെടുത്തി.