അന്ധവിശ്വാസചൂഷണംനിരോധനനിയമംനിർമ്മിച്ച് നടപ്പിലാക്കുക കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 62 -ാം സംസ്ഥാനവാർഷികസമ്മേളനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
62 -ാം സംസ്ഥാനവാർഷികസമ്മേളനം
2025 മെയ് 9 10 11 .ധോണി ,പാലക്കാട്
പ്രമേയം
അന്ധവിശ്വാസചൂഷണനിരോധനനിയമം നിർമ്മിച്ച് നടപ്പിലാക്കുക
2013 ആഗസ്റ്റ് 20ന് നരേന്ദ്രധബോത്ക്കറുടെ രക്തസാക്ഷിത്വത്തോട് കൂടി ഇന്ത്യയിൽ പലയിടത്തും അന്ധവിശ്വാസചൂഷണംനിരോധനനിയമം വേണം എന്ന ആവശ്യത്തിന് കൂടുതൽ ജനകീയ അംഗീകാരം ലഭിച്ചുതുടങ്ങി.അതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്ത് പരിഷത്തിന്റെ നേതൃത്വത്തിൽ ചേർന്ന കൺവൻഷൻ കേരളത്തിലും ഇത്തരമൊരു നിയമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.അതിനുമുമ്പ് തന്നെ യുക്തിവാദി സംഘം പോലെയുള്ള സംഘടനകൾ ഇതേ ആവശ്യം ഉന്നയിച്ച് പ്രചരണ പ്രക്ഷോഭങ്ങൾ നട ത്തിയിട്ടുണ്ട്.പരിഷത്തിന്റെ കൺവെൻഷനിൽ അന്നത്തെ ആഭ്യന്തരമന്ത്രി പങ്കെടുക്കുകയും ഇത്തരമൊരു നിയമം നിർമിക്കുന്നതിന് സർക്കാർ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഈ പ്രഖ്യാപനപ്രകാരം അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ആ ഗവൺമെൻറ് അധികാരത്തിൽനിന്ന് പോകുന്നത് വരെ അത്തരമൊരു നിയമം ഉണ്ടായില്ല.2019 ജൂൺ 10ന് കേരള നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നിയമമന്ത്രി നൽകിയ മറുപടി ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം നിയമപരിഷ്കരണ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നായിരുന്നു.2019 ലെ ദ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസ്,സോർസെറി ആൻഡ് ബ്ലാക്ക് മാജിക്ബിൽ ആണ് ഈ മറുപടിയിൽ പരാമർശിക്കപ്പെട്ടത്.നിയമപരിഷ്കരണ കമ്മിറ്റിയാണ് ഈ നിയമം തയ്യാറാക്കിയത്.2018 ൽ യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും എന്ന തലക്കെട്ടിൽ മറ്റൊരു സ്വകാര്യബില്ല് നിയമസഭയുടെ പരിഗണനയിൽ വന്നിട്ടുണ്ട്.2021ൽ കേരള അന്ധവിശ്വാസ അനാചാരനിർമാർജ്ജനബിൽ 2021 നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി.ഇതിലൊക്കെ അനാചാരങ്ങൾ,അന്ധവിശ്വാസങ്ങൾ, മന്ത്രവാദം തുടങ്ങിയവയെ നിർവ ചിക്കുകയും കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏതൊക്കെ ഉൾപ്പെടുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.കൂടുതൽ സമഗ്രമായ ഔദ്യോഗി ബില്ല് സർക്കാർ തയ്യാറാക്കുമെന്നതിനാലാണ് ഇത്തരം സ്വകാര്യബില്ലുകൾ അംഗീകരിക്കപ്പെടാതെ പോയത്.അതായത് ഇക്കാര്യത്തിൽ നയപരമായ തടസ്സങ്ങളൊന്നുമില്ല എന്നർത്ഥം. ഇതു കൂടാതെ പരിഷത്തും കേരളയുക്തിവാദിസംഘവും വ്യത്യസ്ത കരട് ബില്ലുകൾ തയ്യാറാക്കി സർക്കാരിന്റെ പരി ഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 1954 ൽ ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ച ഡ്രഗ്സ് ആൻഡ് മാജിക്ക് റെമഡീ സ് (ഒബ്ക്ഷനബിൾ അഡ്വെർടൈസ്മെൻ്റ്) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉൽപ്പന്ന ങ്ങളും കുറ്റകരമാക്കിയിട്ടുണ്ട്.മഹാരാഷ്ട്ര,തമിഴ്നാട്,ബീഹാർ,ഛത്തിസ്ഗഡ്, ജാർഖണ്ഠ്,ഒഡിഷ,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഇതിനോടകം ഇത്തരം നിയമം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി വിവിധ അന്താരാഷ്ട്രഉടമ്പടികളും ഉണ്ടായിട്ടുണ്ട് .1948ലെ മനുഷ്യാവകാശ പ്രഖ്യാപനം,1966ലെ ഇന്റർ നാഷണൽ കൺവൻഷൻ ഫോർ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ്, 1979ലെ കൺവൻഷൻ ഓൺ എലിമിനേഷൻ ഓഫ് ഓൾ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷൻ എഗൻസ്റ്റ് വിമൺ എന്നിവയിലൊക്കെ അനാചാരങ്ങൾക്കെതിരായ പരാമർശങ്ങളുണ്ട്. ആധുനികകേരളത്തിന്റെ പിറവി തന്നെ സാമൂഹ്യനവോത്ഥാനപ്രക്രിയയിലൂന്നിയുള്ളതാണല്ലോ.ഇത്രയധികം പ്രവർത്തനങ്ങൾ നടന്നിട്ടും വലി യ ജനകീയ പിന്തുണയുണ്ടായിട്ടും ഈ നിയമം തയ്യാറാക്കുന്നതിനോ നടപ്പിലാക്കുന്നതിനോ കേരള സർക്കാർ തയ്യാറായിട്ടില്ല.ഇത് കുറ്റകരമായ അനാസ്ഥയാണ്.ശാസ്ത്രാവബോധത്തിന്റെ വ്യാപനത്തിനും യുക്തിചിന്തയുടെ പ്രചരണത്തിനും തടസ്സമാണ് ഈ നിലപാടെന്ന് പറയാതെ വയ്യ. ഇക്കാര്യത്തിൽ മറ്റു സാങ്കേതികനിയമ തടസ്സങ്ങൾ ഒന്നും നിലനിൽക്കുന്നില്ല എന്നാണറിയുന്നത്. ഈ സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണ നിരോ ധന നിയമം തയ്യാറാക്കി അംഗീകരിച്ച് നടപ്പിലാക്കണമെന്ന് കേരള സാഹിത്യപരിഷത്തിന്റെ വാർഷിക സമ്മേളനം കേരളസംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.