കേരളം യാഥാസ്ഥിതികരായ അഭ്യസ്തവിദ്യരുടെ നാടായി: വൈശാഖൻ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം
പി.ടി.ബി സ്മാരക പ്രഭാഷണം – വൈശാഖൻ
പഴമയിലേക്കും യാഥാസ്ഥിതികത്വത്തിലേക്കും അപകടകരമാംവിധം മാറിപ്പോകുന്ന അഭ്യസ്തവിദ്യരുടെ സ്ഥലമായി കേരളം മാറിയെന്ന് കഥാകൃത്ത് വൈശാഖൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 62ാം സംസ്ഥാന വാർഷിക വേദിയിൽ പി ടി ഭാസ്കരപണിക്കർ സ്മാരക പ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളീയർക്ക് അറിവുണ്ട്, പക്ഷേ തിരിച്ചറിവില്ല. തിരിച്ചറിവിനു വേണ്ടത് ശാസ്ത്ര അവബോധമാണ്. ശാസ്ത്ര അവബോധത്തിന് വേണ്ടത് യുക്തി ബോധവും, അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്തി ബോധം നഷ്ടമായവർ വർദ്ധിച്ചുവരുന്നു. മനുഷ്യവർഗ്ഗത്തിന്റെ ജീനിൽ രണ്ടു ശതമാനം നിയാണ്ടർ താലുകളുടെയാണ്. എന്നിട്ടും ശുദ്ധ മനുഷ്യവംശത്തെ പറ്റി പറയുന്നത് ശാസ്ത്രം അറിയാത്തവരാണ്. ലോകമാകെ വൈജ്ഞാനിക ഗ്രന്ഥങ്ങൾ ധാരാളമായി ഉണ്ടാകുമ്പോൾ ഇന്ത്യയിൽ അത് മുപ്പത് ശതമാനം മാത്രമാണ്. ബാക്കി എഴുപത് ശതമാനവും കഥകളാണ്. ഭാവനയിൽ വിമാനം പറത്തിയവരാണ് ഭാരതീയർ. പക്ഷേ ആകാശത്ത് വിമാനം പറത്താൻ റൈറ്റ് സഹോദരർ വേണ്ടിവന്നു. കെട്ടുകഥ ഉണ്ടാക്കാൻ ഭാവന മതി. അത് യാഥാർത്ഥ്യമാക്കാൻ യുക്തിയും ശാസ്ത്രബോധവും വേണം.
പുരാണ കഥാപാത്രത്തെ വച്ച് വോട്ട് പിടിച്ച വേറെ ഒറ്റ രാജ്യവും ലോകത്തില്ല. സയൻസിൽ പി എച്ച് ഡി എടുത്തിട്ട് ആറ്റുകാലിൽ പൊങ്കാലയിടാൻ പോയ സുഹൃത്തുണ്ട്. അടിക്കാൻ ഓങ്ങിയ അധ്യാപകരുടെ കൈ ഉളുക്കിയതിനെ തുടർന്ന് ആൾദൈവമായ വിദ്യാർത്ഥിയെയും അറിയാം. നമ്മുടെ എഴുത്തുകാരിൽ അറുപത് ശതമാനത്തോളം അന്ധവിശ്വാസികളാണെന്നും വൈശാഖൻ പറഞ്ഞു.
സിപി ഹരീന്ദ്രൻ പി.ടി.ബിയെ അനുസ്മരിച്ചു സംസാരിച്ചു. മനോജ് കെ പുതിയവിള രചിച്ച വഴിക്കുരുക്കിൽപ്പെട്ട പൂവ് എന്ന പുസ്തകം വൈശാഖൻ കുന്നത്തൂർ യുറീക്ക ബാലവേദിയംഗം നേഹ പി എസിനു നൽകി പ്രകാശനം ചെയ്തു. പരിഷത്ത് വൈസ് പ്രസിഡന്റ് പി യു മൈത്രി അധ്യക്ഷയായി.
ശാസ്ത്രഗതി ശാസ്ത്ര കഥാ രചന മത്സരത്തിൽ സമ്മാനം നേടിയ ആർ. സരിതാരാജ്,തിരുവനന്തപുരം ,സൗമ്യാ മേരി, ആലപ്പുഴ, ശാഹിദ് മുഹ്‌യിദ്ദീൻ, മലപ്പുറം എന്നിവർക്ക് വൈശാഖൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
പരിഷത്ത് പ്രസിദ്ധീകരണ സമിതി കൺവീനർ പി പ്രദോഷ് സ്വാഗതവും തെക്കൻ മേഖല സെക്രട്ടറി ജോസഫ് പി.വി നന്ദിയും പറഞ്ഞു.