ആദരാഞ്ജലികൾ ……..
വേദനയോടെ വിട……..
കേന്ദ്ര നിർവാഹക സമിതി അംഗം രഞ്ജിനി ടീച്ചർ വാഹനാപകടത്തിൽ മരണപ്പെട്ടു.ടീച്ചറുടെ ഭൗതീകശരീരം നാളെ രാവിലെ 7 മണിക്ക് പെരുമ്പാവൂർ അല്ലപ്രയിലുള്ള വീട്ടിൽ കൊണ്ടുവരും. 11 മണിക്ക് മലമുറി പൊതുശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
തൃപ്പൂണിത്തുറ ഗവ:സംസ്കൃത കോളേജിലെ അധ്യാപികയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹകസമിതി അംഗവുമായ പ്രൊഫ.എം രഞ്ജിനി വാഹനാപകടത്തിൽ മരണപ്പെട്ടു. റോഡിൽ പൊലിയുന്ന മറ്റൊരു പരിഷത്ത് കുടുംബാംഗം.
കാലടി സംസ്കൃത സർവ്വകലാശാല അധ്യാപകനും വി.ടി.സ്മാരക ട്രസ്റ്റ് വൈസ് ചെയർമാനുമായ ഡോ.കെ.എം.സംഗമേശന്റെ സഹധർമ്മിണിയാണ് കണ്ണൂർ സ്വദേശിനിയായ രഞ്ജിനി.
2023 ജനുവരി 26 മുതൽ ഫെബ്രുവരി 28വരെ 34 ദിവസം നീണ്ട കേരള പദയാത്രയിൽ നിരവധി ദിവസങ്ങളിൽ ടീച്ചർ പങ്കെടുത്തിരുന്നു. ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചും പരിഷത്ത് ഗാനങ്ങൾ പാടിയും നടത്തത്തിന്റെ ക്ഷീണമറിയിക്കാതെ ജാഥാംഗങ്ങളെ ഒപ്പം നടത്തിയ ഊർജ്ജസ്വലയായ ടീച്ചറെ ആ ജാഥയിൽ പങ്കെടുത്ത ആർക്കും മറക്കാനാവില്ല.
പറവൂർ വച്ചു നടന്ന വി. കെ. എസ്. ശാസ്ത്രസാംസ്കാരികോത്സവത്തിലും കുസാറ്റിലും പാലക്കാട് ഐ. ഐ. ടി. യിലും വച്ചു നടന്ന സയൻസ് സ്ലാമിലുമെല്ലാം രഞ്ജിനി സജീവമായി രംഗത്തുണ്ടായിരുന്നു.
പരിഷത്തിന് നഷ്ടപ്പെടുന്ന നല്ലൊരു പ്രവർത്തക.
പരിഷത്ത് പ്രവർത്തകരുടെ പ്രിയപ്പെട്ട രഞ്ജിനി ടീച്ചറുടെ ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്