പരിഷത്ത് ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയും

കലവൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ സമ്മേളനം 2025 ഏപ്രിൽ 19,20 (ശനി, ഞായർ )തീയതികളിലായി കലവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടക്കുന്നു. മുഴുവൻ മേഖലാ വാർഷികങ്ങളും നേരത്തേ തന്നെ തീർന്നെങ്കിലും, ഏപ്രിൽ 12,13 തീയതികളിൽ നിശ്ചയിച്ച ജില്ലാ വാർഷികം മാറ്റിവയ്ക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിൽ ദേശീയ പാതയോരത്തു മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമം ആണ് കലവൂർ.പ്രമുഖ പൊതുമേഖലാ സ്ഥാപനം ആയ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP),
ആകാശവാണി ആലപ്പുഴ നിലയം, കയർ മ്യൂസിയം തുടങ്ങി ഒരുപാട് പ്രശസ്ത സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഇപ്പോഴും വിവാദത്തിൽ നിൽക്കുന്ന കൃപാസനം എന്ന സ്ഥാപനവും സമ്മേളനനഗരിയുടെ തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കലാകായിക രംഗത്തെ നിരവധി പ്രശസ്തർക്ക് ജന്മം നൽകിയ നാടാണിത്. പ്രശസ്ത നടൻ രതീഷ്, തിരക്കഥാകൃത്ത് കലവൂർ രവികുമാർ, സംഗീത സംവിധായകൻ കലവൂർ ബാലൻ, സംസ്ഥാന അവാർഡ് നേടിയ നാടക നടൻ അഭയൻ കലവൂർ, നാടകനടൻ കലവൂർ ബിസി, ദ്രോണാചര്യ അവാർഡ് നേടിയ കോച്ചും കായികതാരവും ആയിരുന്ന കലവൂർ ഗോപിനാഥൻ അടക്കം നിരവധി പ്രതിഭകളുടെ ജന്മസ്ഥലം കൂടി ആണ് കലവൂർ.
അറുപത്തിരണ്ടാം ജില്ലാ വാർഷികം പൂർർവ്വാധികം ഭംഗിയായി നടത്തുന്നതിനായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപേ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ജില്ലാ വാർഷികത്തിനു മുന്നോടിയായി കുട്ടികളുടെ ബാലോത്സവം,ജ്യോതിശാസ്ത്ര ക്ലാസുകൾ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ ആണ് നടന്നത്. ഏപ്രിൽ 18 വെള്ളിയാഴ്ച സമ്മേളനത്തിന്റെ അറിയിപ്പ് നൽകുന്നതിനായി വിളംബരജാഥയും നടത്തി.
19 ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് സമ്മേളനം ആരംഭിക്കും. സ്വാഗതസംഘം ചെയർമാൻ അഡ്വ. ശ്രീരാജ് സ്വാഗതം ആശംസിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിക്കുന്ന യോഗം പി. പി. ചിത്തരഞ്ജൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും.പ്രമുഖ ശാസ്ത്ര പ്രഭാഷക
ഡോ. സംഗീത ചേനംപുല്ലി മുഖ്യ പ്രഭാഷണം നടത്തും.12 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും.റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, സംസ്ഥാന ട്രഷറര്‍ പി. പി. ബാബുവിന്റെ നിർവാഹക സമിതിയുടെ ജില്ലാ അവലോകനം എന്നിവ ഉച്ചക്ക് മുൻപ് നടക്കും. ഉച്ചക്ക് ശേഷം ഉച്ചക്ക് ശേഷം റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ച, ചർച്ചകളുടെ റിപ്പോർട്ടിങ് എന്നിവക്ക് ശേഷം കേന്ദ്ര നിർവാഹക സമിതി അംഗം പി. ഗോപകുമാർ സംഘടനാ രേഖ അവതരിപ്പിക്കും. തുടർന്ന് സംഘടനാ രേഖയിന്മേലുള്ള ഗ്രൂപ്പ് ചർച്ചക്കു ശേഷം വൈകിട്ട് 6.30 ന് ജില്ലാ കമ്മിറ്റി യോഗം ചേരുന്നതോടെ ഒന്നാം ദിന പരിപാടികൾ സമാപിക്കും.
രണ്ടാം ദിവസം റിപ്പോർട്ട്, കണക്ക്, സംഘടനരേഖ ഇവയിന്മേൽ നടന്ന ചർച്ചകൾക്ക് മറുപടിക്കു ശേഷം ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഭാരവാഹികൾ, സംസ്ഥാന സമ്മേളന പ്രതിനിധികൾ തുടങ്ങിയവരുടെ തെരഞ്ഞെടുപ്പ് നടക്കും തുടർന്ന് നിയുക്ത സെക്രട്ടറി ഭാവി പ്രവർത്തന അവതരണം നടത്തിയതിനു ശേഷം ഉച്ചഭക്ഷണത്തിന് പിരിയും. ഉച്ചകഴിഞ്ഞു ഭാവിപ്രവർത്തനം ഗ്രൂപ്പ് ചർച്ച, റിപ്പോർട്ടിങ്, പ്രമേയങ്ങളുടെ അവതരണം, സ്വാഗതസംഘം പരിചയപ്പെടുത്തൽ തുടങ്ങിയവ നടക്കും. 4 മണിക്ക് പരിഷത്ത് ഗാനത്തോടെ ജില്ലാ സമ്മേളനത്തിന് സമാപനം കുറിക്കും.