
ആശ വർക്കർമാരുടെ വേതനപ്രശ്നം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് പരിഹരിക്കുക. – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കഴിഞ്ഞ 42 ദിവസമായി കേരളത്തിലെ ആശാ വർക്കർമാർ ഹോണറേറിയ വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു കൊണ്ട് നടത്തിവരുന്ന സമരത്തിന് ഇനിയും പരിഹാരം കാണുവാൻ കഴിഞ്ഞിട്ടില്ല. മാസത്തിൽ കേവലം 7000 രൂപ ഹോണറേറിയത്തിൽ കേന്ദ്ര സർക്കാർ സ്കീമിൽ 26000 ത്തിലധികം വനിതാ ജീവനക്കാർ മാത്രം പണിയെടുക്കുന്ന ഒരു മേഖലയാണ് ആശമാരുടേത്. അതുകൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ ജനാധിപത്യപരമായ രീതിയിൽ അനുഭാവപൂർവം പരിഗണിക്കേണ്ടത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. അക്രിഡറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകളുടെ മേഖലയിൽ ഇപ്പോൾ നടക്കുന്ന പലവിധ പ്രക്ഷോഭങ്ങളെ ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭമാക്കി വികസിപ്പിക്കുകയും അവരുടെ വേതനത്തിൻ്റെ പ്രശ്നം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് പരിഹരിക്കുകയും വേണം.
ഒരു ക്ഷേമരാഷ്ട്രസങ്കല്പത്തിനുള്ളിൽ വളരുകയും വികസിക്കുകയും ചെയ്യുന്ന സമൂഹത്തിൽ മുകളിൽ നിന്ന് അടിച്ചേൽപ്പിക്ക പ്പെടുന്ന ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയും സംഘർഷവുമാണ് കേരളത്തിലെ ആശമാരുടെ സമരത്തിൽ കാണുന്നത്. കേരളത്തിൻ്റെ പൊതുജനാരോഗ്യ രംഗം മുമ്പ് തന്നെ ചിട്ടപ്പെട്ടതും മുഴുവൻ ആളുകൾക്കും ആശ്രയിക്കാവുന്നതുമായിരുന്നു.അതിന് ഒരു ദരിദ്രപക്ഷസമീപനവുമുണ്ട്. ഡോക്ടർമാർ മുതൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ വരെയുള്ള വിദഗ്ധരുടെ ദീർഘമായ ഒരു ശൃംഖല അതിൽ പ്രവർത്തിക്കുന്നു. ഇവരെല്ലാവരും ഔദ്യോഗികമായും ഔപചാരികമായും ജോലിക്കായി നിയോഗിക്കപ്പെട്ട വരും വിപുലമായ അർത്ഥത്തിൽ തൊഴിലാളികളും ജീവനക്കാരുമായി പരിഗണിക്കപ്പെട്ടവരുമാണ്.അതുകൊണ്ട് അവരുടെ സേവ ന-വേതന വ്യവസ്ഥകൾ നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ഈ ശൃംഖലയുടെ ഭാഗമായി മേൽ പ്പറഞ്ഞ തരത്തിൽ നിർണയിക്കപ്പെട്ടവരല്ലാതെ ജോലി ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ട വലിയൊരു വിഭാഗമാണ് ആശ വർക്കർമാർ. ഇത് ഔപചാരിക സംവിധാനത്തെ അനൗപചാരിക സന്നദ്ധ പ്രവർത്തനാടിസ്ഥാനത്തിലുള്ള ഒരു സംവിധാനമാക്കി മാറ്റുകയെന്ന ആഗോളവത്ക്കരണ നയത്തിന്റെ ഫലമാണ്. ഗവൺമെൻറ് അതിൻ്റെ ചുമതല കൾ കയ്യൊഴിയുകയും ഏറ്റവും അടിത്തട്ടിൽ ഉള്ള ദരിദ്രർക്കയിട്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾ സന്നദ്ധപ്രവർ ത്തനാടിസ്ഥാനത്തിൽ വിതരണം ചെയ്യുകയും ചെയ്യുകയെന്ന നയമാണ് ഇവിടെ കാണുന്നത്.
ഇത് സ്വാഭാവികമായും നമ്മുടേതു പോലെയുള്ള ഒരു സമൂഹത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കും. ഒരുപ ക്ഷേ വടക്കേ ഇന്ത്യൻ സമൂഹത്തിൽ ഇത് വലിയൊരു സംഘർഷത്തിന് കാരണമാകണമെന്നില്ല. എന്നാൽ ഉയർന്ന ശമ്പളം വാങ്ങുന്ന ഔദ്യോഗിക ജീവനക്കാരുള്ള കേരളത്തിൽ, അവരും നാമമാത്ര വേതനം വാങ്ങുന്ന സന്നദ്ധ പ്രവർത്തകരും ഒരേ സംവിധാനത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വൈരുദ്ധ്യം വളരെ പ്രകടമാണ്. ആഗോളവത്ക്കരണ നയങ്ങൾ ആരംഭിച്ചിട്ട് മൂന്നര പതിറ്റാണ്ട് തികയുന്ന ഇക്കാലത്തിനിടയിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഉള്ളടക്കപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ആഗോളവത്ക്കരണ നയങ്ങൾക്കെതിരായ സമരങ്ങൾ കുറയുകയും അത്തരം നയങ്ങൾ സൃഷ്ടിക്കുന്ന ജീവിത ദുരവസ്ഥകൾക്കെതിരേ സമരങ്ങൾ വളരുകയും ചെയ്യുന്നു എന്നതാണ്. അടിസ്ഥാന കാരണങ്ങളെ വിട്ട് പ്രതിഫലനങ്ങൾക്കെതിരേ സമരം ചെയ്യുന്ന ഇത്തരം രീതി പ്രശ്നപരിഹാരത്തിന് സഹായകരമാവില്ല.
പൊതുജനാരോഗ്യ സംവിധാനത്തിൽ ജോലി ചെയ്യുന്നവരെയെല്ലാം അതിലെ ജീവനക്കാരായി അംഗീകരിക്കുന്നതിനുള്ള തടസ്സം മുമ്പ് നരസിംഹറാവു- മൻമോഹൻ സിംഗ് സർക്കാരുകൾ തുടങ്ങി വച്ചതും ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ തീക്ഷ്ണമായി നടപ്പാക്കുന്നതുമായ ആഗോളവത്ക്കരണ നയങ്ങളാണ്. ഈ നയങ്ങളുടെ ഫലമായി യൂണിയൻ സർക്കാർ തുടങ്ങി വയ്ക്കുന്ന പ്രവർത്തനങ്ങളുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ ചുമലിൽ വയ്ക്കുന്നത് രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല.
അതുകൊണ്ട് ആശമാരുടെ സമരം കേവലമായ ശമ്പള വർദ്ധനവിന് വേണ്ടി മാത്രമല്ല കേന്ദ്രനയങ്ങൾക്കെതിരെ കൂടിയുള്ളതായി വളരേണ്ടതുണ്ട്. ഇത്തരമൊരു ജനകീയ സമരം അഖിലേന്ത്യാതലത്തിൽ വളർത്തിയെടുക്കുവാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ചേർന്ന ഐക്യനിര രൂപപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാൽ വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിലിനെ സന്നദ്ധ പ്രവർത്തനമാക്കി മാറ്റുന്ന നിരവധി പദ്ധതികൾക്കെതിരായ വിപുലമായ ജനകീയ പ്രക്ഷോഭമായി അതിനെ വളർത്താൻ കഴിയും.
ഇത് സാധ്യമാക്കും വിധം കേരളത്തിൽ ഇപ്പോൾ ആശമാരുടെ പേരിൽ നടന്നു കൊണ്ടിരിക്കുന്ന സമരം ഒത്തുതീർപ്പാക്കേണ്ടതും തൊഴിലാളികളുടെ കൂട്ടായ പ്രക്ഷോഭങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതും പ്രക്ഷോഭ രംഗത്ത് നിൽക്കുന്ന എല്ലാവരും സംസ്ഥാന സർക്കാരും അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്.
ആശമാരുടെ സാമ്പത്തികാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നത് ഹ്രസ്വകാലാടിസ്ഥാനത്തിൽ നടക്കേണ്ട ഒരു പ്രവർത്തനമാണ്. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ചർച്ച ചെയ്ത് ഇതിന് ഒരു പരിഹാരം കാണേണ്ടിയിരിക്കുന്നു.അതിനായി സംസ്ഥാന സർക്കാർ തന്നെ മുൻകൈ എടുക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
SUCI സമരവും പരിഷദ് പ്രസ്താവനയും.
—————————————————–
ഇൻസെന്റീവ് വർദ്ധനയ്ക്കല്ല സമരം.ഹോണറേറിയം വർധനയ്ക്ക് മാത്രമാണ് സമരം എന്ന് പരസ്യമായി പ്രഖ്യാപിച്ച SUCI യുടെ ഒരു സമരത്തിനു ന്യായം കാണാൻ പരിഷദ് മേൽവിലാസത്തിൽ ആഗോള പശ്ചാത്തലത്തിന്റെ വിവരണം ആവശ്യമില്ല. പ്രസ്താവനയിറക്കാൻ പരിഷത്തിന് ഇത്തിരി ആവേശം കൂടിയോ? മുദ്രാവാക്യം കേട്ടാൽ അറിയാം ഈ സമരം തിരഞ്ഞെടുപ്പ് സ്പെഷ്യൽ നാടകമാണെന്ന്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് പി എസ് സി റാങ്ക് ലിസ്റ്റ് കാരുടെ ശയന പ്രദക്ഷിണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വേറെയും വേഷക്കാർ ഇറങ്ങും.
കേവലം 7000 ക ഹോണറേറിയത്തിൽ ആണ് ആശമാർ ജോലി ചെയ്യുന്നത് എന്ന് പരിഷത്ത് നേതാക്കൾ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്? ഇൻസെന്റീവ് മുതൽ ഡ്യൂട്ടി ചെയ്യുന്നതിന് കിട്ടുന്ന മറ്റ് കാശൊന്നും വരുമാനമല്ലേ?എത്ര ദിവസമാണ് ആശമാരുടെ ജോലി? എന്തുകൊണ്ടാണ് മറ്റ് തൊഴിൽ ചെയ്യാൻ അവർക്ക് അനുവാദം കൊടുത്തത്? ഇതൊക്കെ പരിഷത്തും മനസ്സിലാക്കണം. ഈ വിധം ഗൗരവമില്ലാതെ പ്രസ്താവന എഴുതരുത്ന. കേരള സർക്കാർ ചർച്ച നടത്താത്തത് കൊണ്ടാണോ സമരം നീളുന്നത്? ഉത്തരവാദപ്പെട്ട പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാക്കകാണുമ്പോൾ കുറച്ചുകൂടി ശ്രദ്ധയോടെ സത്യസന്ധമായി പ്രസ്താവന എഴുതുന്നതല്ലേ നല്ലത്? ഈ പ്രസ്ഥാനത്തെ വ്യക്തിപരമായ ആശയങ്ങൾക്ക് അടിമപ്പെ ടുത്തരുത്. സമരം കാരണം ഈ രാജ്യത്ത് എല്ലാം താറുമാറായിക്കിടക്കുന്നു എന്ന ഗൗരവം നൽകാൻ നിങ്ങൾക്ക് എന്താണിത്ര വ്യഗ്രത. സ്കീം വർക്ക് തൊഴിലാളികളുടെ പ്രശ്നങ്ങൾ ഒന്നിച്ച് കാണിച്ച് പ്രസ്താവന ഇറക്കുന്നതിന്റെ ന്യായം മനസ്സിലാക്കാം.
30 ദിവസവും ജോലി ചെയ്യുന്ന അംഗന വാടിക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ ഇവരുടെയെല്ലാം അവസ്ഥ പരിഷത്തിനു അറിയാമല്ലോ. അതിനേക്കാൾ വലുതാണോ 10 ദിവസം ജോലി ചെയ്‌താൽ 13000 ക യിൽ അധികം കിട്ടുന്നവരുടെ പ്രശ്നം. ഹാജർ പട്ടിക പോലുമില്ല ഇവർക്ക് എന്നതും അറിയുമല്ലോ. ഒരു ദിവസം ആശുപത്രിഡ്യൂട്ടി ചെയ്‌താൽ കേരളം 700 ക അന്നത്തെ ദിവസത്തേക്ക് കൊടുക്കുന്ന കേരളത്തിന് തുല്യം ഏത് സംസ്ഥാനം ഉണ്ട്? എല്ലാവർക്കും ന്യായമായകൂലി വർധിപ്പിച്ചു നൽകണം. ഒട്ടും വിയോജിപ്പില്ല. പക്ഷെ ഈ സമര ലക്ഷ്യത്തോട് പരിഷത്തിന് എങ്ങിനെ യോജിക്കാൻ കഴിയുന്നു.സ്കീം വർക്കർമാരെ തൊഴിലാളികൾ ആക്കണമെന്നുപോലും ആവശ്യം ഉന്നയിക്കാതെയാണ് ഈ സമരം എന്നത്പരിഷത്ത് നേതാക്കൾ ശ്രദ്ധിക്കേണ്ടതല്ലേ? പരിഷത്ത് നയം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതാകണം.ഇൻസെന്റീവ് വർധന അല്ല വേണ്ടത് ഹോണറേറിയം വർധനയാണ് വേണ്ടത് എന്ന് പറയുന്നവരുടെ സമരത്തിന് ആഗോള പ്രശ്നത്തിന്റെ ആവരണമല്ല വേണ്ടത്. സ്കീം വർക്കർമാരുടെ പ്രശ്നത്തിൽ പ്രസ്താവന ആകാം. അതാണ് ഉചിതം. ലക്ഷക്കണക്കിന് ആശമാർ ദേശ വ്യാപകമായി സമരം തുടങ്ങിയപ്പോൾ ഇല്ലാത്ത ആവേശവും പ്രസ്താവനയും ഈ 500 ൽ താഴെ ആശമാരുടെ നേതൃത്വത്തിൽ ( സ്പോൺസർമാർ എത്തിക്കുന്ന ആളുകൾ ആശമാരല്ലല്ലോ) സമരം നടക്കുമ്പോൾ 7000 ക യ്ക്ക് ജോലി ചെയ്യുന്നവർ ആണിവർ എന്ന കുറിപ്പോടെ പരിഷത് മേൽവിലാസത്തിൽ പുറപ്പെടു വിച്ചത് പ്രതിഷേധർഹമാണ്.