ചുമ സിറപ്പുകൾ ഫലപ്രദമാണോ? എന്താ തെളിവ്?… Capsule Kerala
രോഗലക്ഷണങ്ങളിൽ വളരെ പരിചിതമായ ഒന്നാണ് ചുമ. സാമൂഹിക ഇടപെടലുകളിൽ അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന തോടൊപ്പം പലവിധ ആശങ്കകൾക്കും ചുമ കാരണമാകുന്നുണ്ട്. അതിനാൽ തന്നെ ചുമ ബാധിച്ചവർ ഏതെങ്കിലും മരുന്നുകൾ കഴിക്കാറുണ്ട്. കൗണ്ടർ വഴി ലഭ്യമാകുന്ന മരുന്നുകൾ, ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ ഒക്കെ ഇതിൽപ്പെടും.
ചുമ രോഗലക്ഷണം മാത്രമാണെന്നും അതിന്റെ പിന്നിൽ എന്തെങ്കിലും രോഗം പതിയിരിക്കുന്നുണ്ടാവും എന്നും നാം മനസിലാക്കുന്നു. ഇതിനു കൃത്യമായ രോഗനിർണയം നടത്തി ചികിത്സ നിശ്ചയിക്കുന്നതാണ് അഭികാമ്യം.
അതിനിടയിൽ ചുമ സിറപ്പുകൾക്ക് എന്താണ് സ്ഥാനം? ചുമയുടെ തീവ്രത ലഘൂകരിക്കാനും രോഗലക്ഷങ്ങളിൽ നിന്ന് ആശ്വാസം ഉണ്ടാവാനും ചുമ സിറപ്പുകൾക്ക് കഴിയുമെന്ന വിശ്വാസം പരക്കെ നിലവിലുണ്ട്. അതിനാലാണ് ചുമ സിറപ്പുകൾ ഫലപ്രദമെന്ന തെളിവുണ്ടോ എന്ന ചോദ്യം ചോദിക്കപ്പെടേണ്ടത്.
ലഭ്യമായ അറിവുകൾ ഇങ്ങനെ ചുരുക്കാം:
1. ചുമ സിറപ്പുകൾ എന്നാൽ ഒന്നോ അതിലധികമോ ഔഷധങ്ങളുടെ കൂട്ട് ആകുന്നു. ചുമയെ അടക്കിനിർത്താൻ പ്രയോഗിക്കുന്നവ, കഫം അലിയിക്കാനുള്ളവ, കഫം പുറമേയ്ക്ക് തള്ളിക്കളയാൻ സഹായിക്കുന്നവ, അലർജി പോലെ ചില അസ്വാസ്ഥ്യങ്ങളെ നിയന്ത്രിക്കുന്നവ എന്നിവയുടെ കൂട്ട് ചുമ മരുന്നുകൾ എന്നറിയപ്പെടുന്നു. ഏതെങ്കിലും ഒരു ബ്രാൻഡിൽ ഇതെല്ലാം ഉണ്ടായിക്കൊള്ളണമെന്നില്ല.
2. കഴിഞ്ഞ 50 വർഷമായി പുതിയ ചുമ മരുന്നുകൾ പോപ്പുലർ ആയിട്ടില്ല. P2X3 സ്വീകരിണികളിൽ പ്രവർത്തിക്കുന്ന Gefapixant എന്ന തന്മാത്ര മാത്രമാണ് ഇക്കാലത്ത് കണ്ടെത്താനായത്; അതാകട്ടെ ദീർഘകാലമായി അടങ്ങാത്ത ചുമയ്ക്ക് നല്കാനുള്ളതാണ്. പുതിയ മരുന്നുകൾ വന്നില്ല എന്നത് പോട്ടെ, അതില്ലാത്തതിനെ ചൊല്ലി ആരും ആശങ്കപ്പെടുന്നുമില്ല.
3. കഴിഞ്ഞ അനേക ദശാബ്ദങ്ങളായി ചുമ മരുന്നുകളുടെ ഫലപ്രാപ്തി കണ്ടെത്താനുള്ള ശ്രമം ഉണ്ടായിരുന്നു. കൃത്യമായ ഫലസൂചനകൾ ഇനിയും ലഭിച്ചിട്ടില്ല. ചുമ നിയന്ത്രിക്കപ്പെടുന്നത് ചുമ മരുന്നുകളുടെ ഫലമാണെന്ന് പറയാൻ ഇനിയും തെളിവുകൾ കിട്ടിയിട്ടില്ല എന്നർത്ഥം.
അങ്ങനെയെങ്കിൽ ചുമ മരുന്നുകൾ എന്ന ഔഷധക്കൂട്ട് ആവശ്യമാണോ എന്ന ചോദ്യം അവിടെ നിൽക്കുന്നു. ഡോക്ടറുടെ ഉപദേശം ഇക്കാര്യത്തിൽ തേടാവുന്നതാണ്. കോക്‌ടെയ്ൽ മരുന്നുകൾ ഒഴിവാക്കാനും നിശ്ചിതമായ തന്മാത്രകളിലേയ്ക്ക് ചുമമരുന്ന് ചുരുക്കാനും സാധിക്കും. ചുമയ്ക്ക് കാരണമാകുന്ന ഇതര രോഗാവസ്ഥകൾ ശ്രദ്ധയിൽ കൊണ്ടുവരാനും ഇതാവശ്യമാണ്.