സ്കൂളുകള്‍ ഹൈടെക് ആകുന്നതോടൊപ്പം അക്കാദമിക നിലവാരവും ഉയരണം
കോഴിക്കോട് : സംസ്ഥാനത്തെ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോടൊപ്പം പ്രാദേശിക മുന്‍കയ്യോടെ അക്കാദമിക നിലവാര പദ്ധതികളും നടപ്പാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പുനര്‍നിര്‍മാണ ശില്‍പശാല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിര്‍ദിഷ്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഊന്നല്‍ അക്കാദമിക മികവിനാകണം. ഭൗതിക കാര്യവും ടെക്നോളജി വികസനവുമെല്ലാം അക്കാദമിക മികവിന് പരസ്പര പൂരകമായി മാറണം. ഓരോ കുട്ടിയെയും അവന്റെ അഭിരുചിക്കനുസരിച്ച് പൂര്‍ണതയിലെത്തിക്കാനാകുന്ന അക്കാദമിക ഇടപെടലുകളാണ് നടക്കേണ്ടത്. അതോടൊപ്പം ശാരീരിക മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള കര്‍മപരിപാടികളും ഉള്‍പ്പെടുത്തണം. സാങ്കേതികവിദ്യകളുടെ പ്രയോജനം ക്ലാസ്സ്മുറികളില്‍ ലഭ്യമാക്കുന്ന തരത്തില്‍ അധ്യാപകരുടെ ശേഷീവികസനത്തിനുള്ള പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കണമെന്നും ശില്പശാല ആവശ്യപ്പെട്ടു. ശാസ്ത്രകേരളം എഡിറ്റര്‍ ഓ.എം.ശങ്കരന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ‘കേരള വിദ്യാഭ്യാസ പുനര്‍നിര്‍മാണം’ എന്ന വിഷയം കെ.കെ.ശിവദാസും ‘വിദ്യാലയമികവുകളുടെ അനുഭവപാഠം’ എന്ന വിഷയം സി.സി.ജേക്കബും അവതരിപ്പിച്ചു. ബോബി ജോസഫ് അധ്യക്ഷനായി. എ.പി.പ്രേമാനന്ദ്, ഇ.അശോകന്‍, കെ.പ്രഭാകരന്‍, ടി.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പി.എം.വിനോദ്കുമാര്‍ സ്വാഗതവും കെ.പി.ദാമോദരന്‍ നന്ദിയും പറഞ്ഞു. ഒക്ടോബര്‍ 16ന് കോഴിക്കോട് ഭവനില്‍ വച്ച് നടന്ന ശില്‍പശാലയില്‍ 58 പേര്‍ പങ്കെടുത്തു.