ആലുവ മേഖലാ വാർഷിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് മുട്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം ജില്ല 18-3-2025
ആലുവ മേഖലാ വാർഷികം ഒന്നാം ദിവസം മാർച്ച് 15ന് രാത്രി 8ന് എൻ ജഗജീവന്റെ ഉദ്ഘാടന ഭാഷണത്തോടെ ആരംഭിച്ചു. ആശയ ചർച്ചകൾ പ്രവർത്തന പരിപാടികളിലേക്ക് വികസിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. തുടർന്ന് മേഖലാ സെക്രട്ടറി റിപ്പോർട്ടും ട്രഷറർ വരവ് ചെലവ് കണക്കുകളും ഓഡിറ്റർ പി ജി ഷാജു ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ശെൽവൻ വി സി, ശിവൻ കെ എം, രാജീവൻ വി കെ, ശ്രീജിത്ത് ബി, പ്രഭാകരൻ കുന്നത്ത് എന്നിവർ യൂണിറ്റുകളുടെ പ്രതികരണം നടത്തി
രണ്ടാം ദിവസം രാവിലെ സെക്രട്ടറിയുടെയും ട്രഷററുടെയും വിശദീകരണത്തോടെ റിപ്പോർട്ട്, വരവ് – ചെലവ് കണക്കുകൾ അംഗീകരിച്ചു.
രാവിലെ 10ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ബിപിൻ തമ്പി ‘ജൻ എക്സ് ൽ നിന്നും മില്ലേനിയൽ ജൻ ഇസഡ് ലേക്ക് ‘ എന്ന വിഷയത്തിൽ ഉദ്ഘാടന ക്ലാസ് എടുത്തു. തലമുറകൾ തമ്മിൽ വലിപ്പം, സമയ ദൈർഘ്യം, സഞ്ചരിച്ച ദൂരം തുടങ്ങിയവയിൽ ഉണ്ടായ വ്യതിയാനവും അവ സൃഷ്ടിച്ച സംഘർഷങ്ങളും അദ്ദേഹം വരച്ചുകാട്ടി.
ഡോ. എൻ ഷാജി സംഘടനാ രേഖ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയെ തുടർന്ന് രാജേഷ് സച്ചി, ശ്രീജിത്ത് ബി, മുഹമ്മദ് എന്നിവർ പ്രതികരണം നടത്തി. ജില്ലാ പ്രസിഡന്റ് പി കെ വാസു സമ്മേളനംത്തെ അഭിവാദ്യം ചെയ്തു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണു അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ സി കെ ബാബു സ്വാഗതം പറഞ്ഞു
കടുങ്ങല്ലൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന ഓഞ്ഞിത്തോട് പ്രദേശത്തെ കൃഷി, കുടിവെള്ളം, ഗതാഗതം, ടൂറിസം തുടങ്ങി മിക്കവാറും എല്ലാ വികസന രംഗങ്ങളുടെയും സാധ്യതയാണ്. എന്നാൽ അനധികൃത കയ്യേറ്റം, അശാസ്ത്രീയ നിർമ്മിതികൾ തുടങ്ങിയ വിവിധ കാരണങ്ങൾ കൊണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി വരുന്ന പുനരുദ്ധാരണ ശ്രമങ്ങൾ ഇപ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരു പൊതുപ്രവർത്തന പരിപാടിക്ക് രൂപം നൽകേണ്ടതുണ്ട്. ഇതിനായി ബഹുമാന്യരായ ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും മുൻകൈ എടുക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജൈവവളങ്ങളും രാസവളങ്ങളും സമീകൃതമായി ഉപയോഗിക്കുന്ന സുസ്ഥിരകൃഷി സംവിധാനം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന അറബികടലിലെ മണൽഖനനം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. രാജീവൻ വി കെ, ഹരീന്ദ്രൻ പി ബി തുടങ്ങിയവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
നിയുക്ത വൈസ് പ്രസിഡന്റ് അഭിജിത് ആർ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് ആർ രാധാകൃഷ്ണന്റെ ഉപസംഹാരത്തോടെ സമ്മേളന പരിപാടികൾ സമാപിച്ചു
മേഖലാ പ്രസിഡണ്ടായി ആർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് മാരായി അഭിജിത്ത് ആർ, ഖദീജ മജീദ്, സെക്രട്ടറിയായി വി ജയപാലൻ, ജോയിന്റ് സെക്രട്ടറിമാരായി മാലതി ദേവി വി എസ്, രാജേഷ് സച്ചി, ട്രഷററായി സുനിൽകുമാർ ടി എൻ എന്നിവരെ തെരഞ്ഞെടുത്തു.