ഭാവഭേദങ്ങളുടെ ജനിതകം

0

”എപ്പോഴും ചിരിച്ച മുഖമാണയാള്‍ക്ക് ”, ഒാ അയാളെ കണ്ടാല്‍ ”എന്തോ സംഭവിച്ചുവെന്ന് തോന്നും” ആളുകളെ തിരിച്ചറിയുന്നതിന് നാം നല്‍കുന്ന ഓരോ അടയാളമാണിത്. ഏത് ദുര്‍ഘടഘട്ടത്തിലും പ്രസന്നവദനരായി ചിലര്‍ കാണപ്പെടുന്നു. അതേസമയം എല്ലാ സൗഭാഗ്യവും ഉണ്ടെന്ന് നാം നിനക്കുന്ന ചില സുഹൃത്തുക്കള്‍ എപ്പോഴും മ്ലാനചിത്തരായി കാണപ്പെടുന്നു. എന്തുകൊണ്ട്? സുഖാനുഭവം, സൗഖ്യം, ക്ഷേമം എന്നീ കൃത്യമായി നിര്‍വചിക്കാനോ അളക്കാനോ ആവാത്ത ഭാവങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മേല്‍സൂചിപ്പിച്ച പഠനങ്ങളുടെ പ്രസക്തി. പ്രസന്നവദനവും വിഷാദമുഖവും ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഒരു പ്രഹേളികതന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇതിനൊരു വിശദീകരണം കണ്ടെത്തിയിരിക്കുന്നു.

സുഖാനുഭവങ്ങളില്‍ വ്യക്തികള്‍ക്കിടയില്‍ കാണുന്ന വ്യത്യാസം വിശദീകരിക്കുവാന്‍ കഴിയുന്ന ഹ്യൂമന്‍ ജിനോമിലെ ചില ഘടകങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ”ശാസ്ത്രചരിത്രത്തിലെ ഒരു നാഴികക്കല്ല്” എന്നാണ് അവര്‍ ഈ സാധനയെ വിശേഷിപ്പിച്ചത്. സന്തോഷാനുഭൂതിയില്‍ വരുന്ന ജനിതക വ്യത്യാസങ്ങള്‍ മുഖ്യമായും പ്രകാശിക്കപ്പെടുന്നത് കേന്ദ്രനാഡീവ്യൂഹത്തിലാണത്രേ. പ്രത്യേകിച്ച് അഡ്രിനല്‍ ഗ്രന്ഥി (Adrenal glands) കളിലും ആഗ്നേയവ്യൂഹത്തിലും (pancreatic system) സന്തോഷവും സന്താപവും തമ്മിലുള്ള ഒരു ജനിതക ഇടകലര്‍പ്പ് (overlap) കണ്ടെത്താനും ഗവേഷകര്‍ക്ക് കഴിഞ്ഞു.

ഏതാണ്ട് 300,000 പേര്‍ ഉള്‍പ്പെട്ട അതിബൃഹത്തായ ഒരു അന്താരാഷ്ട്ര പഠനപദ്ധതിയിലൂടെയാണ് മേല്‍സൂചിപ്പിച്ച വസ്തുതകള്‍ വെളിവായത്.

മീക്ക ബാര്‍ടെല്‍സ്, ഫിലിപ് കോലിന്‍ഗര്‍ (വൃഷെ യുണിവേഴ്സിറ്റി നെതര്‍ലാന്റ്) ഡാനിയേല്‍ ബെഞ്ചമിന്‍ (യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ലോസ് ആഞ്ചല്‍സ്) എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. സുസ്ഥിതിയുടെ ജനിതകവൈവിധ്യങ്ങള്‍ സംബന്ധിച്ച ഏറ്റവും വിപുലമായ പഠനമായിരുന്നു ഇത്. (Nature remities 18 April 2016) 145 ശാസ്ത്രഗവേഷണസ്ഥാപനങ്ങളും 181 ഗവേഷകരുമാണ് വിജയകരമായി പര്യവസാനിച്ച ഈ ഗവേഷണപദ്ധതിയില്‍ പങ്കെടുത്തത്. റോട്ടര്‍ഡാം, ഗ്രോനിന്‍ഗന്‍, ലീഡന്‍, യൂട്റെച്ച് എന്നിവിടങ്ങളിലെ മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനങ്ങളും റോട്ടര്‍ഡാം, ഗ്രോനിന്‍ഗന്‍ എന്നീ യൂണിവേഴ്സിറ്റികളുമായിരുന്നു മുഖ്യപങ്കാളികള്‍.

വ്യക്തിഗത സുഖാനുഭവവുമായി ബന്ധപ്പെട്ട 3 ജനിതക രൂപഭേദങ്ങളും വിഷാദവുമായി ബന്ധപ്പെട്ട രണ്ട് ജനിതക രൂപാന്തരങ്ങളുമാണ് തിരിച്ചറിയപ്പെട്ടത്. കൂടാതെ ആകുലത, ഭയം, മ്ലാനത, വിഷണ്ണത, വ്യാകുലത, അസൂയ, മോഹഭംഗം, ശങ്കാശീലത, ഏകാന്തത തുടങ്ങിയ വ്യക്തിത്വഗുണം അല്ലെങ്കില്‍ സ്വഭാവ വിശേഷത ( persanality trait) സംബന്ധിച്ച 11 ജനിതക രൂപഭേദങ്ങളും പഠനസംഘം വേര്‍തിരിച്ചറിഞ്ഞു. 17 രാജ്യങ്ങളുള്‍പ്പെട്ട ഈ പദ്ധതിയില്‍ 3 ലക്ഷം വ്യക്തികളുടെ DNA സാമ്പിളുകള്‍ പഠനവിധേയമാക്കപ്പെട്ടു. FAAH എന്നു പേരിട്ട ഒരു ജീന്‍ എന്‍കോ‍ഡ് ചെയ്യുന്ന ഒറു സവിശേഷ പ്രോട്ടീന്‍ ജലവിശ്ലേഷണത്തിനു വിധേയമാകുമ്പോള്‍ ഉണ്ടാകുന്ന അനേകം പ്രൈമറി, സെക്കണ്ടറി, ഫാറ്റി, അമ്ല അമൈഡുകളാണ് (amides) സുഖദുഃഖങ്ങളെ സ്വാധീനിക്കുന്നത്. ഈ ജീനിന്റെ ഒരു സവിശേഷ പ്രകാരഭേദം (version) വഹിക്കുന്നവര്‍ കൂടുതല്‍ പ്രസന്നചിത്തരും ഉത്സാഹഭരിതരുമായിരിക്കും. ”പുഞ്ചിരിക്കുന്ന മുഖം” അവരുടെ ട്രേഡ്‌മാര്‍ക്കാകും. പണവും ആരോഗ്യവും ഉണ്ടായതുകൊണ്ട് സന്തോഷമുണ്ടാകില്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അതുണ്ടാകണമെങ്കില്‍ നിങ്ങളുടെ ജീന്‍ തന്നെ തീരുമാനിക്കണം.

Leave a Reply

Your email address will not be published. Required fields are marked *