ആറ് പതിറ്റാണ്ടിന്റെ അനുഭവപാഠങ്ങൾ കരുത്താക്കിത്തീർക്കുക
gs letter
പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകാൻ അഞ്ചുനാളുകൾ കൂടി അവശേഷിക്കുന്ന ഓണക്കാലത്താണ് ഈ കുറിപ്പെഴുതുന്നത്.വജ്രജൂബിലിവർഷത്തിന്റെ പ്രവർത്തനബാഹുല്യം ഓരോ പരിഷത്തംഗവും ആഹ്ലാദപൂർവ്വം അനുഭവിച്ചുകൊണ്ടിരിക്കുന്നു.കേന്ദ്രനിർവ്വാഹകസമിതിയിൽ നിന്നുള്ള നിർദ്ദേശമില്ലാതെ തന്നെ വ്യത്യസ്തപ്രവർത്തനങ്ങൾ യൂണിറ്റുകളും മേഖലാകമ്മിറ്റികളും ഏറ്റെടുത്തുതുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം.വിദ്യാഭ്യാസം,ബാലവേദി,വിജ്ഞാനോത്സവം,ആരോഗ്യം,യുവസമിതി തുടങ്ങിയ വ്യത്യസ്തമേഖലകൾ സ്വയംസജീവമായി മുന്നോട്ടുപോകുന്നു.ശാസ്ത്രവിജ്ഞാനവ്യാപനത്തിൽ ലൂക്ക കേരളത്തിന്റെ വൈജ്ഞാനികലോകത്ത് മിന്നിത്തിളങ്ങുന്നു എന്നുതന്നെ പറയാം.അണിയറയിൽ വികസനകാമ്പയിൻ ഒരുങ്ങുന്നുണ്ട്.നമ്മുടെ പകുതിയോളം മേഖലകൾ പ്രാദേശികപഠനങ്ങൾ വിജയിപ്പിക്കുന്നതിന്റെ തിരക്കിലാണ്.കൊല്ലത്തെ ശാസ്ത്രസാംസ്ക്കാരികോത്സവത്തിന്റെ സംഘാടകസമിതി പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.മറ്റ് പതിമൂന്ന് ജില്ലകളും അവരവർ സംഘടിപ്പിക്കേണ്ട സെമിനാറുകളുടെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.ഒക്ടോബർ 23,24 തീയതികളിൽ നടക്കുന്ന സംസ്ഥാനപ്രവർത്തകക്യാമ്പോട് കൂടി പദയാത്രയുടേയും കലാജാഥയുടേയും സൈക്കിൾ റാലിയുടേയുമൊക്കെ സൂഷ്മതല ആസൂത്രണം പൂർത്തിയാവും. വർഷാവ സാനമെത്തുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാവും.
കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ പരിഷത്ത് പ്രവർത്തനത്തിന്റെ ചരിത്രം കേരളത്തിന്റെ വളർച്ചാവികാസങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്.സാധാരണ ജനങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വിണ്ണിലായിരുന്നില്ല പരിഷത്തിന്റെ സ്ഥാനം.അവർ ചവുട്ടി നിൽക്കുന്ന മണ്ണിലായിരുന്നു പരിഷത്തും.അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ പാരിസ്ഥിതികാവബോധത്തിലും പാഠ്യപദ്ധതിയിലും ആരോഗ്യമേഖലയിലുംപരിഷത്തിന്റെ കൈയൊപ്പു് പതിഞ്ഞിട്ടുള്ളത്.അളവ് കുറവാണെങ്കിലും ഊർജ്ജാസൂത്രണത്തിലും ലിംഗനീതിയുടെ മേഖലയിലും നമ്മുടെ സാന്നിദ്ധ്യമുണ്ട്.കേരളത്തിന്റെ പൊതുമണ്ഡലത്തിൽ പരിഷത്തിനും പരിഷത്ത് പ്രവർത്തകർക്കുമുള്ള സ്വീകാര്യതയുടെ അടിത്തറയും മറ്റൊന്നല്ല.
വിയോജിപ്പുകളൊന്നുമില്ലാതെ പരിഷത്ത് സമ്പൂർണ്ണമായും സ്വീകാര്യമായിരുന്നു എന്ന് ഇതിനർത്ഥമില്ല.കാൽപ്പനിക പരിസ്ഥതിവാദികൾ എന്ന് വികസനരംഗത്ത് പ്രവർത്തിക്കുന്നവർ നമ്മെ പരിഹസിച്ചിട്ടു ണ്ട്.നാം അങ്ങേയറ്റം വികസനവാദികളാണെന്ന് ചില പരിസ്ഥിതിപ്രവർത്തകരെങ്കിലും ആക്ഷേപിച്ചിട്ടുണ്ട്. നിരീശ്വരത്വം പ്രചരിപ്പിക്കുന്നവർ എന്ന് പുരോഹിതന്മാരും ദൈവത്തെ നിഷേധിക്കാത്തവർ എന്ന് യുക്തിവാദ പ്രവർത്തകരും പരിഷത്തിനെ വിമർശിച്ചിട്ടുണ്ട്.സി ഐ ഏ ചാരന്മാർ,ലോകബാങ്ക് ഏജന്റന്മാർ തുടങ്ങിയ പഴികൾ ഒന്നിലധികം തവണ നമ്മൾ കേട്ടിട്ടുണ്ട്.വിമർശനങ്ങളിൽ പലതും പരസ്പരവിരുദ്ധമായിരുന്നു എന്ന കാര്യം നമുക്ക് കൗതുകത്തോടെ നീരീക്ഷിക്കവുന്നതുമാണ്.
പരിമിതികളൊന്നുമുല്ലാതെ പരിഷത്ത് അനുസ്യൂതം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു എന്ന് ഇതിനർ ത്ഥമില്ല.പരിഷത്ത് പ്രവർത്തനങ്ങളിലെ ശാസ്ത്രോള്ളടക്കം കുറഞ്ഞുവരുന്നു എന്ന വിമർശനത്തെ വിമർശന പരമായി സ്വീകരിക്കാതെ വയ്യ.ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ശാസ്ത്രാംശം വർദ്ധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ല.ഒപ്പം ശുദ്ധശാസ്ത്രത്തിന്റെ മേഖലയിലേയ്ക്ക് കൂടുതൽ പരിഷദ് പ്രവർത്തകർ കടന്നുവരികയും വേണം.വിമർശനങ്ങൾ മാത്രം പോര ബദലുകളും കണ്ടെത്തണം.പരിഷദ് പ്രവർത്തകർ തമ്മിലുള്ള അനൗപ ചാരികബന്ധങ്ങൾ കുറേക്കൂടി ഹൃദയാവർജ്ജകമാക്കണം.
കേരളത്തെ ബോധവത്ക്കരിക്കുകയല്ല മാറ്റിത്തീർക്കുകയാണ് നമ്മുടെ ലക്ഷ്യം.അത് അതിവീദൂരഭാവി യിൽ നേടേണ്ട ഒരു ലക്ഷ്യമല്ല,സമീപഭാവിയിൽ തന്നെ നേടേണ്ടതാണ്.വികസനകാമ്പയിൻ അതിനു പറ്റിയ ഒരു ഉജ്ജ്വലപ്രവാഹമായിത്തീരുമെന്നതിൽ സംശയമില്ല.
ആറുപതിറ്റാണ്ടിന്റെ അനുഭവപാഠങ്ങളുമായി പുതിയ ലക്ഷ്യത്തിലേയ്ക്ക് കുതിക്കുക
പാരിഷത്തികാഭിവാദനങ്ങളോടെ
ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി