ചുമച്ചു മരിക്കരുത് നമ്മുടെ കുഞ്ഞുങ്ങൾ ഡോ. യു .നന്ദകുമാർ
ക്യാപ്സൂൾ കേരളയുടെ ചെയർമാൻ ഡോ യു നന്ദകുമാർ ലൂക്കാ പോർട്ടലിൽ എഴുതിയ ലേഖനം
ചുമമരുന്നുകൾക്ക് നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉപദേശക വിജ്ഞാപനം (GOI advisory, 4, ഒക്ടോബർ 2025) അനുസരിച്ച് രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരിക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ചുമമരുന്നുകളിൽ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു ആദ്യ റിപോർട്ടുകൾ.
വൃക്കകൾ കേടുവന്ന് അവയുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണം എന്ന് താമസിയാതെ സ്ഥിരീകരിക്കപ്പെട്ടു. തീർച്ചയായും വൃക്കകളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ട് മരണം സംഭവിച്ചതിനാൽ വൃക്കകളെ ബാധിക്കുന്ന ഏതങ്കിലും പദാർത്ഥം മരുന്നുകളിൽ കടന്നുകൂടിയിട്ടുണ്ടാവണം. ആദ്യഘട്ടത്തിൽ രാജസ്ഥാൻ സർക്കാർ ഡെക്സ്ട്രോമെതോർഫാൻ (Dextromethorphan) എന്ന ഘടകം ചേർന്ന ചുമമരുന്നുകൾ നിരോധിച്ചു. ചുമ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണിത്. ഇത് മസ്തിഷ്ക പ്രവർത്തനത്തെ ബാധിക്കാമെങ്കിലും നേരിട്ട് വൃക്കകളിൽ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നില്ല. എങ്കിലും കുട്ടികൾക്കിത് അടങ്ങിയ അത്യാവശ്യവുമല്ല.
ചുരുക്കിപ്പറഞ്ഞാൽ വൃക്കകളെ ബാധിക്കുന്ന എന്തോ ഘടകം സിറപ്പുകളിൽ മായം ചേർക്കൽ മൂലമോ മലിനീകരണമായോ കടന്നുകൂടിയെന്നു അനുമാനിക്കാം. തുടർന്ന് വന്ന തെളിവുകൾ അത്തരം സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. കുട്ടികൾക്ക് നൽകിയത് ഡൈഎത്തിലീൻ
ഗ്ലൈക്കോൾ (Diethylene glycol) എന്ന രാസവസ്തു കലർന്നിയയുണ്ടെന്ന് തെളിവുകൾ വരുന്നു. മരണപ്പെട്ട കുട്ടികളുടെ വൃക്കകളിലും ഈ പദാര്ഥത്തിൻറെ സാന്നിധ്യം കാണാനായി. എന്താണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന് നോക്കാം. വ്യവസായങ്ങളിൽ പരക്കെ ഉപയോഗിച്ചുവരുന്ന ലായനിയാണ് ഇത്. എയർകണ്ടീഷനിംഗ്, ബ്രെയ്ക്ക് ലായനി, വസ്ത്രവ്യവസായം, ചായം നിർമിക്കൽ തുടങ്ങി അനേകം മേഖലകളിൽ ഇതുകാണാം. അതായത്, നമുക്ക് ചുറ്റും പരക്കെ ലഭ്യമായ പദാർത്ഥമാണ് എന്നർത്ഥം. നിയമവിരുദ്ധമായി വൈൻ, ബിയർ എന്നിവയിൽ രുചിയുണ്ടാക്കാൻ ഉപയോഗിച്ചുകാണുന്നു; മരുന്നുകളിലും മധുരത്തിനും ശ്യാനത ഉറപ്പാക്കാനുമായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മനുഷ്യർക്കിത് അപകടകാരിയാണ്. മസ്തിഷ്കത്തിനും വൃക്കയ്ക്കും കേടുവരുത്താൻ സാധ്യതയേറും.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ തന്മാത്രയുടെ വിഷസാധ്യത 1937 മുതൽ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷത്വം പ്രത്യക്ഷപ്പെടാൻ ഒരു കിലോ ശരീരഭാരത്തിന് 0.14 മില്ലിഗ്രാം എന്ന തോതിൽ ഉള്ളിൽ ചെന്നാൽ മതി. അതായത്, പത്ത് കിലോ ഭാരമുള്ള കുട്ടിക്ക് പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടാൻ 1.5 മില്ലിഗ്രാം ഉള്ളിലെത്തിയാൽ മതി.ഒരു കിലോ ശരീരഭാരത്തിന് ഒരു മില്ലിഗ്രാം എന്ന അളവിൽ ഉള്ളിലെത്തിയാൽ മരണസാധ്യതയുണ്ടാവും. അതിനാൽ വളരെ കർശന നിയമങ്ങൾ കൊണ്ട് ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. പദാർത്ഥം ഉള്ളിൽ ചെന്ന് അധികം കഴിയും മുമ്പുതന്നെ ഛർദ്ദി, വയറിളക്കം, മയക്കം എന്നിവ പ്രത്യക്ഷപ്പെടും. ഏതാനും ദിവസങ്ങൾക്കുള്ളിൽ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അഞ്ചു മുതൽ പത്തു ദിവസത്തിൽ മസ്തിഷ്ക്ക പ്രവർത്തനത്തിൽ മന്ദത, ബോധക്ഷയം എന്നിവയും ഉണ്ടാവാം. ഈ ഘട്ടത്തിൽ ചിലകുട്ടികൾ മരണപ്പെടുന്നു.
ഡൈഎത്തിലീൻ ഗ്ലൈക്കോൾ പ്രശ്നമായിട്ടിപ്പോൾ ഒരു ദശാബ്ദത്തിലധികമായി. ഇന്ത്യയിൽ പലേടത്തായി ചുമമരുന്നുകളുടെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 2022 ൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ഡോ റെഡ്‌റോസ് അധാനോം ഗ്രെബിയെസ്സസ് (Director-General Tedros Adhanom Ghebreyesus) ഇതേക്കുറിച്ചു സംസാരിക്കുകയുണ്ടായി. അവിടെ 66 കുഞ്ഞുങ്ങളുടെ മരണം വാർത്തയിൽ നിൽക്കുകയാണ്. ആഫ്രിക്കയിലെ ചെറിയ ഒരു രാജ്യമാണ് ദ് ഗാംബിയ. വെറും 24 ലക്ഷം പേര് മാത്രമാണിവിടുള്ളത്. അതിനാൽ തന്നെ കുറഞ്ഞ കാലയളവിൽ അനേകം കുട്ടികൾ മരണപ്പെടുമ്പോൾ ആഗോള ശ്രദ്ധയാകർഷിക്കുന്നതിൽ അത്ഭുതമില്ല. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. റ്റെഡ്റോസ് തന്നെ അന്വേഷണവും തുടർനടപടികളും ആരംഭിക്കുമ്പോൾ കാര്യം ഗൗരവതരമാകുന്നു. ഇന്ത്യയിൽ നിന്ന് കയറ്റുമതിചെയ്ത ചുമ മരുന്നാണ് പ്രതിസ്ഥാനത്ത്. അത് കഴിച്ച കുഞ്ഞുങ്ങളിൽ ചിലരാണ് വൃക്കയുടെ തകരാറുണ്ടായി മരണപ്പെട്ടത്.
ഹരിയാണയിൽ സ്ഥിതിചെയ്യുന്ന മെയ്ഡൻ ഫാമസ്യൂട്ടിക്കൽസ് ഉത്പാദിപ്പിച്ച മരുന്നുകളാണ് ഗാംബിയയിൽ എത്തിയത്. പ്രോമെതാസിൻ, കോഫാക്സ്മാലിൻ, മേക്കോഫ്, മാഗ്രിപ് എന്നീ പേരുകളിൽ വിൽക്കപ്പെടുന്ന മരുന്നുകളാണ് സംശയത്തിൻറെ നിഴലിലായത്. കുട്ടികളിൽ പനി, ജലദോഷം എന്നിവയ്ക്കായി ഈ മരുന്നുകൾ മാതാപിതാക്കൾ ഉപയോഗപ്പെടുത്തുന്നു. കഴിഞ്ഞ കുറെ നാളുകളായി അസുഖബാധിതനായ കുട്ടികൾ മരുന്നുകളുടെ ഏതാനും ഡോസ് കഴിക്കുമോൾ തന്നെ വയറിനു അസുഖമുണ്ടാകുകയും, തുടർന്ന് വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായത്തിൽ ടെസ്റ്റുകൾ നടത്തിയപ്പോൾ ചുമമരുന്നുകളിൽ ചിലതിൽ എത്തിലീൻ ഗ്ലൈക്കോൾ (EG), ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടു. കുട്ടികളുടെ മരണത്തിലേയ്ക്ക് നയിച്ച രോഗലക്ഷണങ്ങൾ ഇതേ രാസപദാർത്ഥങ്ങളുടെ പ്രവർത്തനവുമായി സമാനതകൾ കാണാം. കൂടുതൽ പരിശോധനകൾക്ക് ഇനിയും സമയം വേണമെന്നതിനാൽ, ഈ മരുന്നുകളെ മാർക്കട്ടിൽ നിന്ന് പിൻവലിക്കാൻ ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.
വിവിധ മേഖലകളിൽ വ്യത്യസ്തമായ പ്രത്യാഘാതങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശമെന്ന നിലയിൽ ഗാംബിയയും, ഇതര ആഫ്രിക്കൻ രാജ്യങ്ങളും ഇന്ത്യൻ നിർമിത മരുന്നുകളെ വലിയ ആശ്വാസമായാണ് കാണുന്നത്. കുഞ്ഞുങ്ങൾ മരിക്കുന്നത് അതി ഗൗരവമായ വിഷയമായി സമൂഹം കാണും. അതിൻറെ പ്രതിഫലനമാണ് എല്ലാ അന്താരാഷ്ട്ര മീഡിയകളും വിഷയത്തിൽ വലിയ ശ്രദ്ധ പതിപ്പിക്കുകയും ആവർത്തിച്ചുള്ള റിപ്പോർട്ടുകൾ നൽകുന്നതും. ഗാംബിയയിലാണെങ്കിൽ ആരോഗ്യവകുപ്പും, മന്ത്രിയും, പ്രസിഡൻറ്റും പ്രസ്താവനയുമായി വരികയും ചെയ്തു. ഇറക്കുമതി മരുന്നുകളിൽ ജാഗ്രത വർധിപ്പിക്കുന്നതിന് കൂടുതൽ ടെസ്റ്റിങ് സമ്പ്രദായം അദ്ദേഹം നിർദേശിക്കുന്നു. സന്നദ്ധപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി ചുമമരുന്നുകളിൽ കളങ്കിത ബ്രാൻഡുകൾ ഉണ്ടെങ്കിൽ അവ തിരിച്ചെടുക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. അമ്മമാരുടെ പ്രതിഷേധവും അക്കാലത്ത് നടന്നിരുന്നു.
മരുന്ന് നിർമാണത്തിൽ ഇന്ത്യയുടെ സ്ഥാനം വലുതാണ്. ലോകത്തിന്റെ ഫാർമസി എന്നാണ് ഇന്ത്യയെ അറിയുന്നത്. എയ്ഡ്സ്, ക്ഷയരോഗം തുടങ്ങി പല പ്രധാന രോഗങ്ങൾക്കും കുറഞ്ഞ ചിലവിൽ മരുന്നുകൾ വിതരണം ചെയ്യാൻ നമുക്ക് കഴിയുന്നു. നമ്മുടെ വികസനപർവ്വത്തിൽ വിജയകഥകളിലൊന്നാണ് വാക്സിൻ/ മരുന്നുത്പാദനം. ഇത്തരം സംഭവങ്ങൾ അതിനുമേൽ കരിനിഴൽ വീഴ്ത്തുമെന്നതിനാൽ അതിൻറെ വാണിജ്യ, നയതന്ത്ര മാനങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഫാർമ എക്സ്പോര്ട് കൗൺസിൽ മരുന്നുത്പാദകർക്ക് അംഗീകാരം നൽകുന്ന സ്ഥാപനമാണ്. മെയ്ഡൻ ഫാമസ്യൂട്ടിക്കൽസിൻറെ കയറ്റുമതി ലൈസൻസ് മരവിപ്പിക്കുമെന്ന സന്ദേശം ഇതിനകം നൽകിക്കഴിഞ്ഞു. പിഴവ് പറ്റുമ്പോൾ നടപടിയുണ്ടാകണം എന്നതിൽ സംശയമില്ല; പിഴവുകൾ തടയാനും നിയന്ത്രിക്കാനും എന്തെല്ലാം സംവിധാനങ്ങളാണ് പ്രവർത്തനക്ഷമമായി നിലകൊള്ളുന്നത് എന്നറിയാനും നാമാഗ്രഹിക്കുന്നുവല്ലോ. മെയ്ഡൻ എന്ന കമ്പനി ആഭ്യന്തര മാർക്കറ്റിലേക്ക് മരുന്നുകൾ അയക്കുന്നില്ല എന്ന് പറയുന്നു. ഇന്ത്യൻ മാർക്കറ്റിൽ വിതരണം ചെയ്യുന്ന മരുന്നുകൾക്ക് വേണ്ടത്ര ഗുണമേന്മയില്ല എന്ന പരാതി വളരെക്കാലമായി കേൾക്കുന്നതാണ്. അതിൽ കഴമ്പില്ലെന്നും പറഞ്ഞുകൂടാ. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ചു (2017) ഇന്ത്യയുൾപ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങൾ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല എന്ന് പറയപ്പെടുന്നു. പത്തു ശതമാനത്തിലധികം മരുന്നുകൾക്ക് നിലവാരം കുറവാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഡ്രഗ്സ് കൺട്രോളർ പരിശോധന നടത്തി നൂറുകണക്കിന് ജൻ ഔഷധി മരുന്നുകൾ ഗുണനിലവാരപ്പൊരുത്തം ഇല്ലാത്തതിനാൽ പിൻവലിക്കുകയുണ്ടായി. പാർലമെന്റ്റിൽ പറഞ്ഞ വിവരമനുസരിച്ചു ടെസ്റ്റ് ചെയ്യപ്പെട്ട 84874 മരുന്ന് സാമ്പിളുകളിൽ 2652 എണ്ണത്തിന് നിലവാരമില്ലായിരുന്നു എന്ന ആരോപണം നിലനിൽക്കുന്നു.
കോവിഡ് കാലഘട്ടത്തിൽ നിലവാരമില്ലാത്തെ മെഡിക്കൽ/ മരുന്ന് വൻ തോതിൽ വിതരണത്തിനെത്തുകയുണ്ടായി. വിലകുറഞ്ഞ ഉത്പന്നങ്ങൾക്കായി ഒരു ഡിമാൻഡ് സമൂഹത്തിൽ നിലനിൽക്കുന്നതായി കരുതാം. ഇതേ കാരണത്താൽ വ്യാജമരുന്നുകളുടെ ഉത്പാദനം സമാന്തര സംവിധാനമായി നിലവിലുണ്ട്. ഡൽഹി, ഫരീദാബാദ്, നോയ്ഡ, ഗുരുഗ്രാം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു വലിയ ബിസിനസ് സംരംഭങ്ങളുണ്ട്. മറ്റിടങ്ങൾ ബഹാദുർഗാർ, ഗാസിയാബാദ്, അലിഗർ, ഭിവാദി, സോനിപ്പട്ട്, ഹിസാർ, പഞ്ചാബ്, എന്നീ ഇടങ്ങൾ തൊട്ടു പിന്നിലുമുണ്ട്. ഉദ്ദേശം 400 കോടി ഡോളർ വ്യാപ്തിയുള്ള ആഭ്യന്തര ബിസിനെസ്സാണ് വ്യാജമരുന്നുകളുടേത് എന്ന് അസോച്ചം (ASSOCHAM) കരുതുന്നു. പ്രതിവർഷം 25% വർധന ബിസിനസ് രജിസ്റ്റർ ചെയ്യുന്നു. ഇത്തരം സമാന്തര ഇക്കോണോമി നിയമവ്യവസ്ഥ, റെഗുലേഷൻ, പരിശോധന, സമയബന്ധിതമായി നടപടികൾ എന്നിവയിൽ ഉദാസീനതയുണ്ടാക്കും.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് ആണ് മരുന്നുകളുടെ വിപണനവും വിതരണവും ഗുണമേന്മയും നിയന്ത്രിക്കുന്നത്. എന്നാൽ ഇതനുസരിച്ചുള്ള കേസ് രജിസ്റ്റർ ചെയ്യാനും നടപ്പാക്കാനും ബുദ്ധിമുട്ടാണ് എന്നത് മറ്റൊരു സത്യം. വ്യാജ മരുന്നുല്പാദകരെ റെയ്ഡ് ചെയ്യാനും കേസ് ഫയൽ ചെയ്യാനും ഡ്രഗ്സ് ഇൻസ്പെക്ടർമാർ വേണം. വലിയ സംസ്ഥാനങ്ങളിൽ വേണ്ടത്ര തസ്തികകൾ ഇല്ലാത്തതിനാൽ അവർക്ക് പ്രവർത്തനത്തിൽ രഹസ്യ സ്വഭാവം നിലനിർത്താനോ സുരക്ഷിതമായി റെയ്ഡ് പൂർത്തിയാക്കാനോ സാധ്യമാകണമെന്നില്ല. രജിസ്റ്റർ ചെയ്ത് കേസുകളിൽ തീർപ്പുണ്ടാകുന്നത് വര്ഷങ്ങളുടെ കാലതാമസം വേണ്ടിവരും. അപ്പോഴേയ്ക്കും കേസിൻറെ നടത്തിപ്പ് തന്നെ വളരെ ഉദാസീനമാകുകയും നേരിയ ശിക്ഷയോടെ പ്രതി പഴയ തൊഴിലിലേയ്ക്ക് തന്നെ മടങ്ങുകയും ചെയ്യും.
ഗാംബിയയിൽ കണ്ടെത്തിയ രാസവസ്തുക്കൾ മരുന്നുകളിൽ കാണാൻ പാടുള്ളതല്ല. ഇതേ രാസവസ്തുക്കൾ ചേർന്ന ചുമമരുന്നുകൾ കഴിച്ചു ഇന്ത്യയിലും കുട്ടികൾ മരിച്ചതായി പ്രിയങ്ക പുല്ല 2021 ൽ നടത്തിയ കേസ് സ്റ്റഡിയിൽ പറയുന്നു. സാമ്പത്തികമായി പിന്നാക്കം കഴിയുന്നവർ പലപ്പോഴും വ്യാജ ഡോക്ടർമാരെ സമീപിക്കുകയും ഇത്തരം മരുന്നുകൾ വാങ്ങുകയും ചെയ്യുന്നു. പ്രിയങ്കയുടെ വെളിപ്പെടുത്തൽ അനുസരിച്ചു 2020 ൽ പതിമൂന്നു കുട്ടികൾ ചുമമരുന്നു കഴിച്ചശേഷം വൃക്ക രോഗം മൂലം മരണപ്പെട്ടു. പൊതുജനാരോഗ്യ പ്രവർത്തകരായ പ്രശാന്ത് റെഡ്ഢിയും ദിനേശ് ഥാക്കൂറും പറയുന്നത് നമ്മുടെ റെഗുലേറ്ററി സംവിധാനങ്ങൾ പരാജയപ്പെടുന്നതിനാലാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് എന്നാണ്.
നമ്മുടെ മരുന്നുല്പാദന, വിതരണ മേഖല നന്നാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യമല്ലാത്ത മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഇപ്പോൾ പരിഗണയിൽ വരുമെന്ന് കരുതാം. നമ്മുടെ കുട്ടികൾക്ക് വളരാൻ സുരക്ഷിതമായ ഇടം ഒരുക്കണമെന്നതിൽ രണ്ടഭിപ്രായമില്ല.
ചുമച്ചു മരിക്കരുത് നമ്മുടെ കുഞ്ഞുങ്ങൾ
ഡോ യു നന്ദകുമാർ
ചുമമരുന്നുകൾക്ക് നിയന്ത്രണം ആവശ്യമായി വന്നിരിക്കുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉപദേശക വിജ്ഞാപനം (GOI advisory, 4, ഒക്ടോബർ 2025) അനുസരിച്ച് രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരിക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരണപ്പെട്ടതിനെത്തുടർന്നാണ് നടപടി. ചുമമരുന്നുകളിൽ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു ആദ്യ റിപോർട്ടുകൾ.
വൃക്കകൾ കേടുവന്ന് അവയുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണം എന്ന് താമസിയാതെ സ്ഥിരീകരിക്കപ്പെട്ടു. തീർച്ചയായും വൃക്കകളുടെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ട് മരണം സംഭവിച്ചതിനാൽ വൃക്കകളെ ബാധിക്കുന്ന ഏതങ്കിലും പദാർത്ഥം മരുന്നുകളിൽ കടന്നുകൂടിയിട്ടുണ്ടാവണം. ആദ്യഘട്ടത്തിൽ രാജസ്ഥാൻ സർക്കാർ ഡെക്സ്ട്രോമെതോർഫാൻ (Dextromethorphan) എന്ന ഘടകം ചേർന്ന ചുമമരുന്നുകൾ നിരോധിച്ചു. ചുമ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണിത്. ഇത് മസ്തിഷ്ക പ്രവർത്തനത്തെ ബാധിക്കാമെങ്കിലും നേരിട്ട് വൃക്കകളിൽ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നില്ല. എങ്കിലും കുട്ടികൾക്കിത് അടങ്ങിയ അത്യാവശ്യവുമല്ല.
ചുരുക്കിപ്പറഞ്ഞാൽ വൃക്കകളെ ബാധിക്കുന്ന എന്തോ ഘടകം സിറപ്പുകളിൽ മായം ചേർക്കൽ മൂലമോ മലിനീകരണമായോ കടന്നുകൂടിയെന്നു അനുമാനിക്കാം. തുടർന്ന് വന്ന തെളിവുകൾ അത്തരം സാധ്യതയിലേയ്ക്ക് വിരൽ ചൂണ്ടുന്നു. കുട്ടികൾക്ക് നൽകിയത് ഡൈഎത്തിലീൻ
ഗ്ലൈക്കോൾ (Diethylene glycol) എന്ന രാസവസ്തു കലർന്നിയയുണ്ടെന്ന് തെളിവുകൾ വരുന്നു. മരണപ്പെട്ട കുട്ടികളുടെ വൃക്കകളിലും ഈ പദാര്ഥത്തിൻറെ സാന്നിധ്യം കാണാനായി. എന്താണ് ഡൈഎത്തിലീൻ
ഗ്ലൈക്കോൾ എന്ന് നോക്കാം. വ്യവസായങ്ങളിൽ പരക്കെ ഉപയോഗിച്ചുവരുന്ന ലായനിയാണ് ഇത്. എയർകണ്ടീഷനിംഗ്, ബ്രെയ്ക്ക് ലായനി, വസ്ത്രവ്യവസായം, ചായം നിർമിക്കൽ തുടങ്ങി അനേകം മേഖലകളിൽ ഇതുകാണാം. അതായത്, നമുക്ക് ചുറ്റും പരക്കെ ലഭ്യമായ പദാർത്ഥമാണ് എന്നർത്ഥം. നിയമവിരുദ്ധമായി വൈൻ, ബിയർ എന്നിവയിൽ രുചിയുണ്ടാക്കാൻ ഉപയോഗിച്ചുകാണുന്നു; മരുന്നുകളിലും മധുരത്തിനും ശ്യാനത ഉറപ്പാക്കാനുമായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മനുഷ്യർക്കിത് അപകടകാരിയാണ്. മസ്തിഷ്കത്തിനും വൃക്കയ്ക്കും കേടുവരുത്താൻ സാധ്യതയേറും.