ഇന്ത്യ സ്റ്റോറി നാടകയാത്ര പാലക്കാട് ജില്ലാ പര്യടനം പൂർത്തിയാക്കി
പാലക്കാട് – 31-1-2025
സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടി എന്ന നിലയ്ക്ക് 20 കേന്ദ്രങ്ങളിലാണ് ജില്ലയിൽ നാടകം കളിച്ചത്. എല്ലാ കേന്ദ്രങ്ങളും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാട്ടുപാടിയും ലളിതമായ ചോദ്യങ്ങൾ ചോദിച്ചും സദസ്സിനെ ശാസ്ത്ര ചിന്തയുടെ ബാലപാഠങ്ങൾ പഠിപ്പിച്ച ജാഥാ മാനേജർ പി എ തങ്കച്ചൻ മാഷിൻ്റെ ആമുഖ അവതരണങ്ങൾ നാടകത്തിൻറെ പ്രമേയവുമായി ചേർന്നു നിൽക്കുന്നവയായിരുന്നു.
സമകാലിക ഇന്ത്യയിൽ നാം എന്താണ് ചെയ്യേണ്ടതെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് നാടകയാത്ര കടന്നുപോകുന്നത്. എന്തുതന്നെ സംഭവിച്ചാലും നിശബ്ദരായിരിക്കുന്ന ഒരു ജനതയെ പിടിച്ചു കുലുക്കാനാണ് ‘ഇന്ത്യ സ്റ്റോറി’ ശ്രമിക്കുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യ എങ്ങനെയാണ് ഏകാധിപത്യ സ്വഭാവമുള്ള ഭാരതമായി മാറുന്നതെന്ന് നാടകം നമുക്ക് കാണിച്ചു തരുന്നുണ്ട്. മതനിരപേക്ഷ സ്വഭാവമുള്ള ഒരു ജനതയുടെ മനസ്സിന് കുറുകെ ഹിന്ദുത്വ രാഷ്ട്രത്തിൻ്റെ ഘോഷയാത്ര കടന്നുവരുന്നതും നമുക്ക് കാണാനാവും. ജനാധിപത്യ പ്രക്രിയയെ അപഹസിക്കുന്നതും, അപ്രസക്തമാക്കുന്നതും കാണികളെ കൂടി പങ്കാളികളാക്കിക്കൊണ്ട് ബോധ്യപ്പെടുത്താനും നാടകത്തിന് കഴിയുന്നുണ്ട്. കേരളത്തോടുള്ള കടുത്ത അവഗണയും, അവജ്ഞയും തുറന്നു കാണിക്കുന്നത് കൂടിയാണ് ഇന്ത്യ സ്റ്റോറി. ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ നീരാളി പിടുത്തത്തിൽ നിന്ന് കുതറി മാറാനും, മതനിരപേക്ഷ ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി നിലനിർത്താനും, കേരളമെന്ന ബദലിനെ സംരക്ഷിക്കാനും ഈ നാടിനെ പ്രാപ്തമാക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യാ സ്റ്റോറിയെ കാണുക എന്നത് ചെറുതല്ലാത്ത രാഷ്ട്രീയ പ്രവർത്തനമാണ്. ഈ കാലത്തെ നിരീക്ഷിക്കാനും, വിലയിരുത്താനും , മറികടക്കാനും സമൂഹത്തിന് പ്രാപ്തി നൽകാനുള്ള മാധ്യമമെന്ന നിലയിൽ നാടകം അതിൻ്റെ ധർമ്മം നിറവേറ്റുന്നുണ്ട്. പ്രതിസന്ധികളെ മുറിച്ചു നടക്കാനുള്ള പുതുവഴികൾ കേരളം കണ്ടെത്തുമെന്ന് ഉറപ്പാണ്. പുതിയൊരു ഓണം വിളിക്കുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം. നാടകയാത്രയുമായി ബന്ധപ്പെട്ട് ജില്ലയിൽ 10 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാനായി.