ഇന്ത്യയുടെ ഭാവി: ആശങ്കകളും പ്രതീക്ഷകളും  ഏകദിന സെമിനാർ

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വികസന ഉപസമിതിയും കേരള സർവകലാശാല ഇൻറർനാഷണൽ സെൻറർ ഫോർ മാർക്സിയൻസ്റ്റഡീസ് ആൻഡ് റിസർച്ചും സംയുക്തമായി ഇന്ത്യയുടെ ഭാവി: ആശങ്കകളും പ്രതീക്ഷകളും എന്ന വിഷയത്തിൽ കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് സെമിനാർ ഹാളിൽ വച്ച് 2024 ഡിസംബർ 12 ന് ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു.

ഇന്ത്യൻ ഫെഡറലിസം: വർദ്ധിക്കുന്ന പ്രതിസന്ധികൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സാമ്പത്തിക വിദഗ്ധനും മുൻ ടാക്സ് കമ്മീഷണറുമായ ആർ. മോഹൻ IRS സെമിനാർ ഉദ്ഘാടനം ചെയ്തു. എന്താണ് ഫെഡറലിസമെന്നും എങ്ങനെയാണ് രൂപപ്പെട്ടു വന്നതെന്നും ഇന്ത്യയിൽ അത് എങ്ങനെയാണ് ഉപയോഗിച്ചുവരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 41 പ്രാവശ്യമാണ് കേന്ദ്രസർക്കാർ ഇന്ത്യൻ സംസ്ഥാനങ്ങളെ പിരിച്ചുവിട്ടത്. 118 പ്രാവശ്യം കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് മേൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ഡോ. എസ് നസീബ് , കേരള യൂണിവേഴ്സിറ്റി റിസർച്ച് സ്റ്റുഡൻസ് യൂണിയൻ ജനറൽ സെക്രട്ടറി അജിന്ത് അജയ് എന്നിവർ സംസാരിച്ചു. ഇൻറർനാഷണൽ സെൻറർ ഫോർ മാർക്സിയൻ സ്റ്റഡീസ് ജോയിൻ്റ് ഡയറക്ടർ ഡോ. നിത്യ കെ.പി. അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് വികസന ഉപസമിതി കൺവീനർ ഷിബു എ എസ് സ്വാഗതവും പരിഷത്ത് യൂണിറ്റ് പ്രസിഡൻ്റും യൂണിവേഴ്സിറ്റി നിയമ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. രാകേന്ദു സി കെ കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടന സെഷൻ കൂടാതെ ആറു വ്യത്യസ്ത വിഷയങ്ങളിലുള്ള അവതരണം സെമിനാറിന്റെ ഭാഗമായി നടന്നു.

ഭരണഘടനാ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. രമേശ് വിഷയാവതരണം നടത്തി. പൊളിറ്റിക്കൽ സയൻസ് വിഭാഗം റിസർച്ച് സ്കോളർ നവീൻ പി.എം. ചർച്ചയ്ക്ക് നേതൃത്വം നൽകി. നവ ലിബറൽ സാമ്പത്തിക നയങ്ങളും അസമത്വവും എന്ന വിഷയത്തെ അധികരിച്ച് കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം പ്രൊഫസർ ഡോ. സിദ്ദിഖ് റാബിയത്ത് സംസാരിച്ചു. ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ലക്ചറർ ഡോ. രാജീവൻ കുന്നത്ത് ചർച്ച നയിച്ചു.

ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന ജെൻറർ എന്ന വിഷയത്തിൽ പ്ലാനിങ് ബോർഡ് അംഗം ഡോ. മിനി സുകുമാർ അവതരണം നടത്തി. മലയാളം വിഭാഗം മേധാവി ഡോ. സീമ ജെറോം ചർച്ചയ്ക്ക് നേതൃത്വം നൽകി. 

കണ്ണ് മൂടുന്ന ക്യാമറ: മാധ്യമീകരണം സമകാലിക ഇന്ത്യയിൽ എന്നതായിരുന്നു മാർ ഇവാനിയോസ് കോളേജ് ജേർണലിസം പ്രൊഫസർ ഡോ. എസ്. ആർ. സഞ്ജീവ് അവതരിപ്പിച്ച വിഷയം. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽനിന്ന് ഡോ. മുഹമ്മദ് ഷബീർ ചർച്ച നയിച്ചു. 

പരിസ്ഥിതി ദുരന്തത്തിലേക്കെത്തുന്ന വികസന കുതിപ്പ് എന്ന വിഷയത്തിലുള്ള അവതരണം നടത്തിയത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസന ഉപസമിതി ചെയർമാനും പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ അധ്യാപകനുമായ ഡോ. ഷാജി വർക്കിയാണ്. എക്കണോമിക്സ് വിഭാഗം പ്രൊഫസർ ഡോ. ക്രിസ്റ്റബൽ പി.ജെ. ചർച്ച ഏകോപിപ്പിച്ചു. 

മോദി കാലത്തെ വിദേശ നയവ്യതിയാനങ്ങൾ എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ. ജോസഫ് ആൻറണി സംസാരിച്ചു. പൊളിറ്റിക്കൽ സയൻസ് റിസർച്ച് സ്കോളർ സുബ്രഹ്മണ്യൻ എൻ. ചർച്ച നയിച്ചു. 

സമാപനയോഗത്തിൽ മുൻ സോഷ്യോളജി വകുപ്പ് മേധാവി ഡോ. ആൻറണി പാലക്കൽ, പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജെ.ശശാങ്കൻ എന്നിവർ സംസാരിച്ചു. രണ്ടാം വർഷ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനി ഐഷ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *