മുഹമ്മ പഞ്ചായത്തിൽ ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു
ജനകീയ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് മുഹമ്മ പഞ്ചായത്ത് വികസന ജനസഭ
കേരള ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന ക്യാപയിൻ്റെ ഭാഗമായി മുഹമ്മയിൽ വികസന ജനസഭയും ജനകീയ വികസന പത്രികയുടെ പ്രകാശനവും സംഘടിപ്പിച്ചു.
ജനകീയാസൂത്രണം ആരംഭിച്ചതിനു ശേഷം മുഹമ്മയിൽ ഉണ്ടായിട്ടുള്ള നേട്ട – കോട്ട വിശ്ലേഷണം നടത്തി, വികസന പരിപ്രേഷ്യം രൂപപ്പെടുത്തുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായ ചർച്ചയ്ക്ക് വയ്ക്കുകയുമാണ് ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം. ടൂറിസം, ഗതാഗതം- ഊർജം , ശിശുക്ഷേമം, പട്ടികജാതി-വർഗ്ഗ വികസനം, കുടുംബശ്രീ , ലിംഗ സമത്വം, ചെറുകിട വ്യാപാരം. മത്സ്യം, കക്ക തുടങ്ങിയ മേഖലകളിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും വിദഗ്ദ്ധരുമായുള്ള ആശയവിനിമയവും ദ്വിതീയ വിവരശേഖരണവും നടത്തി എത്തിച്ചേർന്ന നിർദ്ദേശങ്ങളാണ് ചർച്ചയ്ക്കായി അവതരിപ്പിച്ചത്.
പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ടൂറിസത്തിൻ്റെ ഭാഗമായി മുഹമ്മയ്ക്ക് ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഏകാരോഗ്യം പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പിലാകാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. മത്സ്യ മേഖലയും കക്ക തൊഴിലാളികളും ഉന്നയിച്ച തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടണമെന്ന ആവശ്യം എല്ലാവരും അഗീകരിച്ചതാണെങ്കിലും ഇതുവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജനസഭയിൽ അഭിപ്രായമുയർന്നു. മുഹമ്മ മാർക്കറ്റിൻ്റെയും ബസ് സ്റ്റാൻഡിൻ്റെയും അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കേണ്ടതുണ്ടന്നതും പ്രധാന ചർച്ചയായി.
ആശാ പ്രവർത്തകർക് ജോലി ചെയ്യുന്നതിന് അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണമെന്നും ജനസഭയിൽ അഭിപ്രായമുയർന്നു.
മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. N.T രജി വികസന പത്രികയുടെ പ്രകാശനം നിർവ്വഹിച്ചു.പരിഷത്ത് നിർവ്വാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ ആമുഖാവതരണം നടത്തി. ഡോ. വി.എൻ ജയചന്ദ്രൻ വികസന പത്രിക അവതരിപ്പിച്ചു.
പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ഡോ. ടി. പ്രദീപ്, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, ജില്ലാ വികസന കൺവീനർ പി.വി. വിനോദ് , CDS ചെയർപേഴ്സൺ സേതുഭായി, ഡോ.സുനിൽകുമാർ, മുൻകൃഷി ഓഫീസർ T.S വിശ്വൻ, V.A അബുബേക്കർ, T.S അനിൽകുമാർ , എന്നിവർ സംസാരിച്ചു.N.R ബാലകൃഷ്ണൻ സ്വാഗതവും . R. രഞ്ജിത് നന്ദിയും പറഞ്ഞു.