നാളത്തെ പഞ്ചായത്ത് – ജനകീയ മാനിഫെസ്റ്റോ തൃശൂർ ജില്ലാ ശില്പശാല .

0

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയാസൂത്രണം തുടങ്ങിയ 1997ലേയും 2025ലേയും വികസന സ്ഥിതി ദ്വതീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഇനിയും കൈവരിക്കേണ്ടതായ ലക്ഷ്യങ്ങളും ജനകീയമായി ചർച്ചക്ക് വിധേയമാക്കുക എന്നതാണ് ജനകീയ മാനിഫെസ്റ്റോയിലൂടെ ലക്ഷ്യമിടുന്നത്.

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, 2026 ൽ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സമിതികൾക്ക് മുമ്പാകെ ഒരു ജനകീയ വികസന രേഖ അവതരിപ്പിക്കാൻ കേരള ശാസ്തസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന ശില്പശാലയിൽ ആമുഖാവതരണം സംസ്ഥാന വികസന കൺവീനർ പി.എ തങ്കൻ മാസ്റ്റർ നിർവ്വഹിച്ചു.ഭരണകൂടതാൽപര്യങ്ങൾക്കനുസരിച്ചാണ്  നിലവിൽ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് എന്നാൽ ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ അവിടെ പരിഗണിക്കപ്പെടുന്നില്ല . പ്രാദേശിക പ്രശ്നങ്ങൾ കണ്ടെത്തി അതിനനുസരിച്ചുള്ള  വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴാണ് അത്  ജനകീയമാവുന്നത് .ജനകീയ
മാനിഫെസ്റ്റോ തയ്യാറാക്കേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം വിശദീകരിച്ചു  .
വികസന രേഖ തയ്യാറാക്കേണ്ട രീതി ശാസ്ത്രം വ്യക്തമാക്കി കേന്ദ്ര നിർവ്വാഹക സമിതി അംഗം ഡോ.കെ .രാജേഷും, കേരളത്തിന്റെ അധികാര വികേന്ദ്രീകരണം  വിലയിരുത്തിക്കൊണ്ട്
അരിമ്പൂർ ഗ്രാമപഞ്ചായത്ത് വികസന ആസൂത്രണ ഉപാധ്യക്ഷൻ കെ. ഉണ്ണികൃഷ്ണനും സംസാരിച്ചു.
ജൂലായ് 24 ന് തൃശൂർ പരിസര കേന്ദ്രത്തിൽ പരിഷത്ത് ജില്ലാ പ്രസിഡണ്ട്‌ ഡോ.സി എൽ ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന പ്രസിഡണ്ട് മീരാഭായ് ടീച്ചർ,  ജില്ലാ  സെക്രട്ടറി അഡ്വ.ടി വി രാജു, വൈസ് പ്രസിഡണ്ട്  ജെയ്മോൻ സണ്ണി,
വാടാനപ്പിള്ളി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വി.ആർ,പരിഷത്ത് വികസന കൺവീനർ ശശികുമാർ പള്ളിയിൽ , ജില്ലാ കമ്മിറ്റി അംഗം നൈനാ സുകുമാരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed