നാളെത്തെ പഞ്ചായത്ത് – തിരുവനന്തപുരം ജില്ലാ ശില്പശാല
തിരുവനന്തപുരം: നാളെത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള തിരുവനന്തപുരം ജില്ലാ ശില്പശാല 27.07. 2025 ന് കെ.ജി.ഒ.എ ഹാളിൽ നടന്നു. തിരുവനന്തപുരം ജില്ലാ വികസന ഉപസമിതി ചെയർമാൻ ഡോ. ഷാജി വർക്കി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിംജി. ജി സ്വാഗതം ആശംസിച്ചു. ജില്ലാ വികസന ഉപസമിതി കൺവീനർ ഷിബു എ.എസ് ആമുഖാ വതരണം നടത്തി. മുൻ ജനറൽ സെക്രട്ടറി എൻ . ജഗജീവൻ ജനകീയാസൂത്രണത്തിൻ്റെ മൂന്നു ദശകങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു.
ജനകീയാസൂത്രണം കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രളയം, കോവിഡ് തുടങ്ങിയ അപകടഘട്ടങ്ങളിലാണ് ഈ മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. എന്നാൽ ഏതൊരു മാറ്റവും നിലനിൽക്കാൻ നിരന്തര നവീകരണം ആവശ്യമാണ്. ഇല്ലെങ്കിൽ ജീർണത ബാധിക്കും. ജനകീയാസൂത്രണത്തിൻ്റെ നേട്ടങ്ങളിൽ അഭിമാനിക്കുക മാത്രമല്ല കോട്ടങ്ങൾ പരിഹരിക്കാനും ഇടപ്പെടണം. ജനകീയാസൂത്രണത്തിൻ്റെ പരിമിതികൾ മറികടക്കാൻ ക്രിയാത്മകമായ ബദലുകൾ കണ്ടെത്തി ജനങ്ങളിലെത്തിയ്ക്കുകയെന്നത് രാഷ്ട്രീയ അജണ്ടയായി മാറണം. ഇതിനു വേണ്ടിയുള്ള വിപുലമായ പ്രവർത്തനമാണ് ഈ വർഷത്തെ വികസന ക്യാമ്പയിനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കെ.ജി. ഹരികൃഷ്ണനും ഫോക്കസ്സ് ഗ്രൂപ്പ് ചർച്ചകളെക്കുറിച്ച് ബാലകൃഷ്ണനും അവതരണങ്ങൾ നടത്തി.
മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പി.ബാബു , അനിൽകുമാർ, അനിൽ നാരായണര് എന്നിവർ അവതരിപ്പിച്ചു.
മുൻ ജനറൽ സെക്രട്ടറി പി. ഗോപകുമാർ ശില്പശാലയുടെ ക്രോഡീകരണം നടത്തി. മുൻ സംസ്ഥാന പ്രസിഡൻ്റ് ബി. രമേഷ്, ദക്ഷിണമേഖലാ സെക്രട്ടറി അഡ്വ. നന്ദനൻ , സംസ്ഥാന കലാസംസ്കാരം ഉപസമിതി കൺവീനർ എസ്. ജയകുമാർ എന്നിവരും ശില്പശാലയിൽ പങ്കെടുത്തു.