രണസ്മൃതി 79 ; രണസ്മൃതിസംഗമം കണ്ണൂരിൽ
വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കുന്നത് ചരിത്ര നിഷേധം – ഡോ. മാളവിക ബിന്നി
കണ്ണൂർ :ഒരാൾക്ക് ഒരു വോട്ട് എന്ന സങ്കല്പവും അവകാശവും സ്വാതന്ത്ര്യ സമരത്തിൻ്റെ ഫലമായി നേടിയെടുത്തതാണെന്നും അതിനെ അട്ടിമറിക്കുന്നത് ചരിത്ര നിഷേധവും ഭരണഘടനയുടെ ലംഘനവുമാണെന്ന് ചരിത്രകാരി ഡോ. മാളവിക ബിന്നി പറഞ്ഞു. ലോകത്ത് പലയിടത്തും എല്ലാവർക്കും വോട്ടവകാശം കൊടുത്തിട്ടില്ല. അതിന് സാമൂഹ്യവും സാമ്പത്തികവുമായ മാനദണ്ഡങ്ങൾ വെച്ചു പുലർത്തുന്ന രാജ്യങ്ങൾ ഉണ്ട്. നൂറ് വർഷം നീണ്ട സമര ചരിത്രമുണ്ട് ഇങ്ങനെയൊരവകാശം നേടിയതിനു പിന്നിൽ. ആ സമരത്തെ അവഹേളിക്കരുത്.ഡോ. മാളവിക പറഞ്ഞു. സ്വാതന്ത്ര്യദിന ത്തിൻ്റെ ഭാഗമായി കേരള ശാസ്ത സാഹിത്യപരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച രണസ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ പാഠ്യ പദ്ധതിയും പാഠപുസ്തകങ്ങളും വലിയ തോതിൽ മാറ്റിക്കൊണ്ടിരിക്കുകയാണ് . എൻസിഇആർടി ഹയർ സെക്കണ്ടറി സിലബസ്സിൽ നിന്ന് ജനാധിപത്യവും തെരഞ്ഞെടുപ്പും നവോത്ഥാനവും ബഹുസ്വരതയുമെല്ലാമുൾക്കൊള്ളുന്ന 23 പാഠഭാഗങ്ങങ്ങളാണ് എടുത്തു മാറ്റിയത്. അതിനു താഴെയുള്ള ക്ലാസുകളിൽ ഇതിൽ കൂടുതലാണ്. നമ്മുടെ മക്കൾ എന്തു പഠിക്കുന്നു വെന്നും എന്തു പഠിക്കുന്നില്ലയെന്നും രക്ഷിതാക്കൾ അറിയേണ്ടതാണ്. സ്വാതന്ത്ര്യത്തിൻ്റെ 79 മത് വാർഷിക ദിനം കടന്നു വരുമ്പോൾ മുൻപൊരിക്കലുമില്ലാത്ത വിധം ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ് ജനങ്ങൾ. വയലൻസ് എന്നത് ഒരു സ്വാഭാവികതയായി മാറിയിരിക്കുന്നു. അവർ പറഞ്ഞു.
രണസ്മൃതി സംഗമത്തിൻ്റെ സ്വാഗത സംഘം ചെയർമാൻ കെ.എൻ മോഹനൻ അധ്യക്ഷനായി. സി.പി. ഹരീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പരിഷത്ത് മുൻ ജനറൽ സെക്രട്ടരി വി.വി.ശ്രീനിവാസൻ പുസ്തക പരിചയം നടത്തി. ജില്ലാ കലാവിഭാഗം അവതരിപ്പിച്ച പാട്ടുകൂട്ടം ഗാന ശില്പങ്ങൾ എന്നിവ അരങ്ങേറി. സഫ് വാൻ ഷാൻ,വി.കെ.കുഞ്ഞികൃഷ്ണൻ, കെ.പി. രാമകൃഷ്ണൻ, പി.സി സുരേഷ് ബാബു, നിഷ കസ്തൂരി, കെ.ഒ.ശ്യാമള , മോഹിനി പാപ്പിനിശ്ശേരി തുടങ്ങിയവർ നേതൃത്വം
നൽകി.രണസ്മൃതി സപ്ലിമെൻ്റ് കുഞ്ഞിരാമൻ കവിണിശ്ശേരിക്കു നൽകി ടി.ആർ കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്തു. പരിഷത്ത് ജനറൽ സെക്രട്ടരി പി.വി.ദിവാകരൻ ജില്ലാപ്രസിഡൻ്റ് പി.വി.ജയശ്രീ, എം.ദിവാകരൻ സെക്രട്ടരി ബിജു നിടുവാലൂർ എന്നിവർ സമ്മാനവിതരണം നടത്തി. ധർമ്മൻ അഴിക്കോട് സ്വാഗതവും പി.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു.