ജെ.ഡി.ബർണൽ പരിഷത്ത് പ്രവർത്തകരുടെ ആചാര്യൻ: ആർ.വി.ജി മേനോൻ

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായ തത്വശാസ്ത്രത്തിൻ്റെ ആചാര്യനാണ് വിഖ്യാത ശാസ്ത്രജ്ഞനായ ജെ.ഡി.ബർണൽ എന്ന്  ഗ്രന്ഥകാരനും ആധ്യാപകനും പരിഷത്ത് മുൻ പ്രസിഡണ്ടുമായ പ്രൊഫ.ആർ.വി.ജി. മേനോൻ പറഞ്ഞു. പരിഷത്ത് പ്രസിദ്ധീകരിച്ച ‘ജെ.ഡി.ബർണൽ: മഹാശാസ്ത്രജ്ഞൻ്റെ ജീവിതകഥ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വഴുതക്കാട് ലെനിൻ ബാലവാടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കണ്ടെത്തലുകളുടെയും ശാസ്ത്ര സാങ്കേതികവിദ്യകളുടെയും പ്രയോജനം സാധാരണക്കാരായ ജനങ്ങളുടെ ജീവിത പുരോഗതിക്ക് സഹായകരമാകണമെന്നും അതിനെപ്പറ്റിയുള്ള ശാസ്ത്രീയവീക്ഷണം ജനങ്ങളിൽ ഉണ്ടാകുകയും അതിനനുസൃതമായി ഭരണകൂടത്തെ നയിക്കുകയും ചെയ്യാൻ സംഘടനകളും (Organised movement)  , ജനകീയ ശാസ്ത്ര എഴുത്തും ( Popular Science Writing ) വേണം.  അത് ലക്ഷ്യമിട്ടാണ് പരിഷത്ത് പ്രവർത്തിക്കുന്നത്.  അത്തരത്തിൽ പ്രവർത്തിക്കാനുള്ള ദിശാബോധം നൽകുകയും ശാസ്ത്രത്തിന് ഒരു സാമൂഹിക ധർമ്മമുണ്ടെന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ ലോകത്തിന് കാട്ടിത്തരികയും ചെയ്ത മഹാനായ ശാസ്ത്രജ്ഞനായിരുന്നു ബർണൽ എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം എസ്.ഉഷാനന്ദിനി പുസ്തകം ഏറ്റുവാങ്ങി.
ഭാരത് ഗ്യാൻ വിഗ്യാൻ സമിതി അഖിലേന്ത്യാ പ്രസിഡണ്ടും പരിഷത്ത്  പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ.കൃഷ്ണകുമാർ പുസ്തകം പരിചയപ്പെടുത്തി. ഇതിഹാസസമാനമായ ജീവിതം നയിച്ച ഒരു മഹാശാസ്ത്രജ്ഞൻ്റെ ജീവിതകഥ രചിച്ച ആൻഡ്രൂ ബ്രൗൺ, അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹെർബർട്ട് ആൻ്റണി എന്നിവർ ശാസ്ത്രലോകത്തിന് നൽകിയ സംഭാവന നിസ്തുലമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിനെ ഇത്രമേൽ ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ശാസ്ത്രജ്ഞൻ ബർണലിനെ പോലെ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം’ എന്ന കുമാരനാശാൻ്റെ കവിതയിലെ ഒരു വരി മാറ്റി ‘ശാസ്ത്രത്തിൽ നിന്നുദിക്കുന്നു’ എന്നാക്കിയാൽ അത് ബർണലിൻ്റെ ചിന്തയാകും. സമൂഹത്തെ വിമോചനത്തിലേക്ക് നയിക്കാനുള്ള ഏറ്റവും ശക്തമായ ഉപാധിയാക്കി അദ്ദേഹം ശാസ്ത്രത്തെ നിർവചിച്ചു. ശാസ്ത്രത്തിൻ്റെ പരസ്പരബന്ധവും ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധവും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അനുക്രമമായി വികസിക്കുന്നത് ജീവിതകഥ വായിക്കുമ്പോൾ നമുക്ക് കാണാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിഷത്തിൽ താൻ പ്രവർത്തിക്കുന്ന  തൃശ്ശൂരിലെ കോലഴി മേഖലയുടെ അന്യാദൃശമായ സാഹോദര്യവും പിന്തുണയുമാണ് തനിക്ക് ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താൻ പ്രചോദനവും പ്രേരണയുമായതെന്ന് മറുപടിപ്രസംഗം നടത്തവെ വിവർത്തകൻ ഹെർബർട്ട് ആൻ്റണി പറഞ്ഞു. ആ സാഹോദര്യമാണ് കോലഴി മേഖലയിലെ 20ഓളം വരുന്ന സംഘത്തിന് തിരുവനന്തപുരത്തെ ഈ പ്രകാശനപരിപാടിയ്ക്ക് ഐക്യദാർഡ്യവുമായെത്താൻ  കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡണ്ട് കെ.ശശാങ്കൻ  അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ജി.ഷിംജി, ട്രഷറർ ആർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *