കണ്ണൂർ ജില്ലാ സമ്മേളനം സമാപിച്ചു

0

ചികിത്സാ രംഗത്ത് അശാസ്ത്രീയ പ്രചരിപ്പിക്കുന്നതിനും ആശുപത്രി പ്രസവം നിഷേധിക്കുന്നതിനും എതിരെ ജാഗ്രത പാലിക്കണം- കേരള ശാസ്ത്ര സാഹിത്യ പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം

ചെറുതാഴം: ചികിത്സാ രംഗത്ത് അശാസ്ത്രീയ പ്രചരിപ്പിക്കുന്നതിനും ആശുപത്രി പ്രസവം നിഷേധിക്കുന്നതിനും എതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇതിനായി ജനകീയ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ക്യാമ്പയിന്‍ നടപ്പാക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തവും വ്യാപകവുമായ കേരളം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാണ്. എന്നാല്‍ ഈ നേട്ടങ്ങളില്‍ നിന്ന് നാം പിറകോട്ട് പോകുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്തു തന്നെ മെച്ചപ്പെട്ട പ്രസവ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടായിട്ടു പോലും ഉപയോഗപ്പെടുത്താത്തത് കുറ്റകരമാണ്. വീട്ടിലെ പ്രസവത്തിനെതിരെ ആരോഗ്യ വകുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍, സംഘടനകള്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗത്തെയും ഈ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു,

   മണലെടുപ്പ് നിരോധിച്ച അഞ്ചരക്കണ്ടി പുഴയില്‍ നിന്ന് ടൂറിസത്തിന്‍റെ മറവില്‍ മണലൂറ്റുന്നത് തടയുക, അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കുക, കേരളത്തിലെ യുവാക്കളിലും കുട്ടികളിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന ലഹരി ആസക്തിക്കെതിരെ പ്രചാരണ-ബോധവല്‍കരണ നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

  സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.ദിവാകരന്‍, കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ ടി.ഗംഗാധരന്‍, കെ.വിനോദ് കുമാര്‍, ഒ.എം.ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്‍റിന്‍റെ പ്രകാശനം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ വി.വിനോദ് നിര്‍വഹിച്ചു. 

  പുതിയ ഭാരവാഹികളായി പി.വി.ജയശ്രീ (പ്രസിഡണ്ട്), കെ.വിനോദ് കുമാര്‍, ടി.വി.വിജയന്‍ (വൈസ്പ്രസിഡണ്ടുമാര്‍), ബിജു നെടുവാലൂർ (സെക്രട്ടറി), ധന്യറാം, ഗിരീഷ് കോയിപ്ര (ജോ. സെക്രട്ടറിമാര്‍), കെ. ബാലകൃഷ്ണൻ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *