കാസർഗോഡ് ജില്ലാ സമ്മേളനം
ലഹരിക്കെതിരായി വിപുലമായ ജനകീയ സാമൂഹിക മുന്നേറ്റം വളർത്തിയെടുക്കുക.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – കാസർഗോഡ് ജില്ലാ സമ്മേളനം
കേരളം, വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന ഒരു സംസ്ഥാനമായി അംഗീകരിക്കപ്പെടുമ്പോഴും, ലഹരി ഉപയോഗം എന്ന മഹാദുരന്തം നമ്മുടെ സമൂഹത്തെ ഗ്രസിക്കുന്ന ഒരു ഭീഷണിയായി ഉയർന്നുവരുന്നു എന്ന കാര്യം അതീവ ഗൗരവത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ ലഹരി ഉപയോഗം അപകടകരമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഇപ്പോൾ വിദ്യാലയ ങ്ങളിലടക്കം ലഭ്യമാകുന്ന അവസ്ഥയുണ്ട്.
കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങൾ വരെ നീളുന്ന ലഹരി വിപണന ശൃംഖലകൾ പ്രവൃത്തിക്കുന്നുണ്ട്. ഈ മാഫിയാ സംഘങ്ങൾ കുട്ടികളേയും യുവജനങ്ങളേയും അവരറിയാതെ തന്നെ ലഹരി വസ്തുക്കളുടെ അടിമകളാക്കുന്നു.
ലഹരി ഉപഭോഗം ആരോഗ്യപരമായും മാനസികപരമായും വ്യക്തിയുടെ ജീവിതം നശിപ്പിക്കുന്നു. കുടുംബങ്ങളും സമൂഹവും തകർക്കപ്പെടുന്നു. സമൂഹത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ദാരിദ്ര്യത്തിനും കാരണമായിത്തീരും. ഇതിനെതിരെ ശക്തമായ സാമൂഹിക ഇടപെടലുകൾ അനിവാര്യമാണ്.
ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് ഈ സാഹചര്യത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിയണം. പ്രചരണത്തിലൂടെയും പ്രത്യക്ഷ പ്രവർത്തന ങ്ങളിലൂടെയും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ ശക്തമാക്കണം. ലഹരി ഉപയോഗ ത്തിലേക്ക് വിദ്യാർത്ഥികളെയടക്കം നയിക്കുന്ന ഘടകങ്ങൾ ആഴത്തിൽ പരിശോധി ക്കേണ്ടതുണ്ട്.
സ്കൂളുകളിൽ, കോളേജുകളിൽ, പഞ്ചായത്ത് തലങ്ങളിലും ക്ളാസുകളും സംവാദങ്ങളും തുടർച്ചയായി നടപ്പിലാക്കണം.ലഹരി ഉപയോഗത്തിനെതിരായ ശക്തമായ നിയമപ്രവർത്തനം ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.സ്കൂൾ, കോളേജ് തലങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ പഠന പ്രവർത്തനങ്ങളിൽ ഉൾചേർത്ത് തുടർച്ചയായും ശാസ്ത്രീയമായും നടത്തണം.രക്ഷിതാക്കളും അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സ്കൂൾ തലത്തിൽ പദ്ധതി ആവിഷ്ക്കരിക്കണം.വ്യാപകമായി വളർന്നു വരുന്ന പാൻ മസാല കേന്ദ്രങ്ങളെ നിയമം മൂലം നിരോധിക്കണം.
ദേശിയവും സംസ്ഥാനതലവുമായ നർക്കോട്ടിക് കൺട്രോൾ ബ്യൂറോകൾ കൂടുതൽ ജാഗ്രത പുലർത്തുകയും, യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള വാണിജ്യലഹരി മാഫിയക്കെതിരെ കഠിനനടപടികൾ സ്വീകരിക്കുകയും വേണം.
നമ്മുടെ പാഠ്യപദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും കുട്ടികളിൽ അവബോധമുണ്ടാക്കുകയും വേണം.സാംസ്കാരിക-ശാസ്ത്ര സാമൂഹിക പ്രസ്ഥാനങ്ങൾ ഈ വിഷയത്തിൽ കൂട്ടായ്മയുടെ ഒരു ശബ്ദമായി മാറണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
ഡോ. മുബാറക്സാനി, ഡോ. സി. രാമകൃഷ്ണൻ, വി.ടി. കാർത്തയണി, കെ.ആർ.അശോകൻ, കെ. പ്രേംരാജ്, പി.പി. സുകുമാരൻ, ബി. അശോകൻ, പ്രൊഫ: എം. ഗോപാലൻ, കെ. ബാലകൃഷ്ണൻ , പി. കുഞ്ഞിക്കണ്ണൻ, എം. രമേശൻ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
ബാലകൃഷ്ണൻ കൈരളി (പ്രസിഡണ്ട്)
വി.പി. സിന്ധു, എൻ. എ. ദാമോദരൻ (വൈസ്. പ്രസിഡണ്ടുമാർ)
പി.പി. രാജൻ (സെക്രട്ടറി)
പി. കുഞ്ഞിക്കണ്ണൻ, എം.വി. പുരുഷോത്തമൻ (ജോ. സെക്രട്ടറിമാർ)
കെ. പ്രേംരാജ് (ട്രഷറർ)