കൂവപ്പടി പഞ്ചായത്തിൽ യുറീക്ക ക്ലബ്ബുകൾ പ്രവർത്തനം തുടങ്ങി
22 ജൂലൈ 2023
പെരുമ്പാവൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൂവപ്പടി പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മറ്റിയും ചേർന്ന് കൂവപ്പടി പഞ്ചായത്തിലെ സ്‌കൂളുകളിൽ യുറീക്ക ക്ലബ്ബുകൾ രൂപീകരിച്ചു. ക്ലബ്ബുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂവപ്പടി ഗവണ്മെന്റ് പോളിടെക്ക്നിക് കോളേജിൽ വച്ചു നടന്ന ചടങ്ങിൽ കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു അരവിന്ദ് നിർവഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡന്റ് ശ്രീ പി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മനോജ് മൂത്തേടൻ ആശംസകൾ നേർന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ബാലവേദി കൺവീനർ ശ്രീ വിനോദ് പി വി യുറീക്ക ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് ISROയിലെ ശാസ്ത്രജ്ഞൻ ഡോ. ബി ബിജു പ്രസാദ് സ്കൂൾ കുട്ടികൾക്കായി ചന്ദ്രയാൻ ദൗത്യത്തെ കുറിച്ച് അവതരണം നടത്തി. കൂവപ്പടി പഞ്ചായത്തിലെ 9 സ്‌കൂളുകളിൽ നിന്നായി 75 വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് UP HS കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോടനാട് – കൂവപ്പടി യൂണിറ്റുകൾ ചേർന്ന് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂൾതല യുറീക്ക ക്ലബ്ബുകളിൽ വിഭാവനം ചെയ്യുന്നത്.