കോഴിക്കോട് ജില്ലാ സമ്മേളനം മേമുണ്ടയിൽ സമാപിച്ചു.
രക്ഷാകർതൃ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുക
കുട്ടികളിൽ പ്രകടമായ സ്വഭാവവതിയാനങ്ങൾ ക്രമീകരിക്കുന്നതിനും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഉൾപ്പടെയുള്ള ദൂഷ്യങ്ങളിൽ അവർ പെട്ടുപോകാതിരിക്കാനും മികച്ച രക്ഷാകർതൃ വിദ്യാഭ്യാസ പദ്ധതിക്ക് രൂപംനൽകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോഴിക്കോട് : ഏപ്രിൽ 5, 6 തീയതിയിൽ മേമുണ്ട ഹയർ സെകൻഡറി സ്കൂളിൽ നടന്ന കോഴിക്കോട് ജില്ലാ സമ്മേളനം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.ടി എസ് ശ്യാംകുമാർ ” ഇന്ത്യൻ ശാസ്ത്ര പാരമ്പര്യം: ചരിത്രവും അതിഭൗതികാഖ്യാനങ്ങളും ” എന്ന വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ കെ കെ ബിജുള ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷയായി സ്വാഗതസംഘം ജനറൽ കൺവീനർ കെ വിജയൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡൻ്റ് ബി മധു, വൈസ് പ്രസിഡൻ്റുമാരായ ഇ ടി സുജാത, എ പി പ്രേമാനന്ദ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടു ജില്ലാ ട്രഷറർ സി സത്യനാഥൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. നിർവാഹക സമിതി അംഗം കെ വിനോദ് കുമാർ ജില്ലാ അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. പരിഷത്ത് ജില്ലയിൽ നടത്തിയ രണ്ട് പഠന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകളും സമ്മേളനത്തിൽ പ്രകാശിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. വി കെ ബ്രിജേഷ് സംഘടനാരേഖയുടെ അവതരണവും നടത്തി. ഒന്നാംദിനം രാത്രി പ്രതിനിധികളുടെ കലാപ്രകടനവുമുണ്ടായി.
സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ സംഘടനാ രേഖ ചർച്ചകൾ ക്രോഡീകരിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പ്രതിനിധികളുടെ ചർച്ചകൾക്കും സെക്രട്ടറി, ട്രഷറർ എന്നിവരുടെ മറുപടികൾക്കും ശേഷം സമ്മേളനം അംഗീകരിച്ചു. തുടർന്ന് ” നിർമ്മിതബുദ്ധിയും നമ്മുടെ ഭാവിയും ” വിഷയം അവതരിപ്പിച്ച് കാസർകോട് ഗവ: കോളജ് അദ്ധ്യാപകനും ശാസ്ത്ര എഴുത്തുകാരനുമായ ഡോ. ജിജോ പി ഉലഹന്നാൻ പ്രഭാഷണം നടത്തി. ജില്ലയിൽ മാസിക പ്രചാരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ ചേളന്നൂർ, ബാലുശ്ശേരി, കുന്നമംഗലം മേഖലകളെ സമ്മേളനത്തിൽ പ്രൊഫ. കെ ശ്രീധരൻ, പ്രൊഫ. കെ പാപ്പൂട്ടി എന്നിവർ പ്രശസ്തിപത്രം നൽകി ആദരിച്ചു. തുടർന്ന് യുവസമിതിയുടെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ നടക്കുന്ന “ഒപ്പം – ഒപ്പമുണ്ട് ഒന്നിച്ച്, ഒന്നായ് ” ക്യാമ്പയിൻ ലോഗാ യുവസമിതി പ്രവർത്തകർക്ക് നൽകി സംസ്ഥാന ജനറൽ സെക്രട്ടി പി വി ദിവാകരൻ പ്രകാശിപ്പിച്ചു.
തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയേയും മെയ് മാസത്തിൽ പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ ഭാരവാഹികളായി വി കെ ചന്ദ്രൻ ( പ്രസിഡൻ്റ്), ഇ ടി സുജാത, എ പി പ്രേമാനന്ദ് (വൈസ് പ്രസിഡൻ്റുമാർ), പി ബിജു (സെക്രട്ടറി), പി ശ്രീനിവാസൻ, ഹരീഷ് ഹർഷ ( ജോയിൻ്റ് സെക്രട്ടറിമാർ), സി സത്യനാഥൻ (ട്രഷറർ) എന്നിവർ പ്രവർത്തിക്കും.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി, മാസിക മാനേജിങ്ങ് എഡിറ്റർ പി എം വിനോദ് കുമാർ, നിർവാഹക സമിതി അംഗം പി കെ സതീശ്, ടി മോഹൻദാസ്, ടി ബാലകൃഷ്ണൻ, ഇ അബ്ദുൾ ഹമീദ്, ഡോ. ആതിര, ഇ പി രാജൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കോഴിക്കേട് ജില്ലയിലെ കുന്നിടിക്കലും ചെങ്കൽ ഖനനവും നിയന്ത്രിക്കുക, പരിസ്ഥിതി പ്രാധാന്യമുള്ള കോട്ടൂളി തണ്ണീർതടം സംരക്ഷിക്കുക, രക്ഷാകർതൃ വിദ്യാഭ്യാസത്തിന് സമഗ്ര പദ്ധതി നടപ്പിലാക്കുക, സിന്തറ്റിക്ക് മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി ഉപയോഗത്തിനെതിരെ വാർഡ്തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക, കേരളത്തിൽ വർദ്ധിച്ചു വരുന്ന തീരശേഷണത്തെ പ്രതിരോധിക്കാൻ പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരിപാടികൾ രൂപപ്പെടുത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.