കോട്ടയം ജില്ലാപ്രവര്‍ത്തക ക്യാമ്പ്
കോട്ടയം : ശാസ്ത്രം നാനാതുറകളിൽ നേട്ടം കൈവരിക്കുമ്പോഴും സാധാരണ ജനവിഭാഗങ്ങൾക്ക് ശാസ്ത്രത്തിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുന്നില്ല എന്നും, ശാസ്ത്ര നേട്ടങ്ങൾ മറന്നുകൊണ്ട് വർണ്ണവ്യവസ്ഥ ശാസ്ത്രീയമായിരുന്നു എന്ന് പറയുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാരും ഇന്ത്യയിൽ ഉണ്ടായി വരുന്നെന്നും ഡോ.കെ.പി.അരവിന്ദൻ പറഞ്ഞു. ഒക്ടോ.29,30 തീയതികളിൽ വൈക്കം ഉല്ലല പി.എസ്.എസ്.ഗവ.എൽ.പി.സ്‌കൂളിൽ വച്ച് നടന്ന പരിഷത്ത് കോട്ടയം ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്ധവിശ്വാസങ്ങളും,അനാചാരങ്ങളും ഉൾപ്പെടെയുള്ള ദുഷ്‌പ്രവണതകളെ ഇല്ലാതാക്കുവാൻ ശാസ്ത്ര വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകു എന്നും കൂട്ടിച്ചേർത്തു.
പ്രകൃതിയെ സ്നേഹിക്കുന്ന, ഉൾകൊള്ളുന്ന, ബഹുമാനിക്കുന്ന, ഒരു പുതിയ തലമുറയെ നാം വളർത്തികൊണ്ട് വരണമെന്ന് പ്രൊഫ.എസ്.ശിവദാസ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രവർത്തകയോഗത്തിൽ മനുഷ്യനും സൂക്ഷ്മജീവികളും ക്ലാസ് അദ്ദേഹം എടുത്തു. ആറു മാസക്കാലത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറിയും, വരവ് ചെലവ് കണക്ക് ട്രഷററും അവതരിപ്പിച്ചു. വിഷയസമിതികളുടെ അവതരണങ്ങൾ ജോജി, ശ്രീശങ്കർ, പ്രകാശൻ, ലേഖ എന്നിവരും കല സംസ്കാരം ഉപസമിതി അവതരണം കണ്‍വീനര്‍ കെ.എ.രാജനും നടത്തി. ജില്ലാ പ്രസിഡന്റ് പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രണ്ട് ദിവസങ്ങളിലായി 48 പേര്‍ പങ്കെടുത്തു.