ജില്ലാശാസ്ത്രാവബോധ സമിതി – കുട്ടിഗവേഷകക്കൂട്ടം

0
01/12/24 തൃശ്ശൂർ:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാശാസ്ത്രാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ
കുട്ടിശാസ്ത്രജ്ഞരുടെ കൂട്ടായ്മ – കുട്ടിഗവേഷകക്കൂട്ടം- സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് കുട്ടിഗവേഷകരായി പങ്കെടുത്തത്. മൂന്ന് അംഗങ്ങൾ വീതമുള്ള 15 ടീമുകളാണ് ഉണ്ടായിരുന്നത്. ‘ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും’ എന്ന വിഷയത്തിൽ അവർ അവതരണങ്ങൾ നടത്തി. മികച്ച അവതരണം നടത്തിയ 3 ടീമുകൾക്ക് സമ്മാനവും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും മൗലികവും സൂക്ഷ്മവും തീക്ഷ്ണവുമായ അന്വേഷണം നടത്തുന്ന ശാസ്ത്രജ്ഞരായി വളരാൻ ശ്രമിക്കണമെന്ന് അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. ചിന്തയും അന്വേഷണവും മസ്തിഷ്കവളർച്ചയ്ക്ക് അനിവാര്യമാണ്. പ്രകൃതി നിലനിൽക്കുന്നത് സന്തുലനത്തിലൂടെയാണ്. പ്രകൃതിപ്രതിഭാസങ്ങൾക്ക് പിന്നിൽ കൃത്യമായ യുക്തിയുണ്ട്. പ്രകൃതിയുടെ യുക്തി അതിൻ്റെ സന്തുലനം നിലനിർത്താനാണ്. പ്രകൃതിയുടെ സന്തുലനം നഷ്ടപ്പെടുന്നതുകൊണ്ടാണ് കാലാവസ്ഥാവ്യതിയാനം പോലുള്ളവ സംഭവിക്കുന്നത്. നമ്മുടെ അന്വേഷണങ്ങൾക്ക് ഒരു കേന്ദ്രബിന്ദു ഉണ്ടാകണമെന്നും അത് പ്രകൃതിയുടെ സന്തുലനത്തിൽ ഊന്നണമെന്നും പ്രൊഫ.രവീന്ദ്രനാഥ് പറഞ്ഞു.
“ചന്ദ്രനിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ ” എന്ന വിഷയത്തിൽ ജൂലൈ മാസം പരിഷത്ത് നടത്തിയ പ്രബന്ധമത്സരത്തിലെ വിജയികൾക്ക് അദ്ദേഹം സമ്മാനവിതരണം നടത്തി. ശാസ്ത്രാവബോധസമിതി ജില്ലാചെയർമാൻ ഡോ.ബേബി ചക്രപാണി അധ്യക്ഷത വഹിച്ചു. കൺവീനർ സി.ബാലചന്ദ്രൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.സി.എൽ ജോഷി, ടി.വി.രാജു, കെ.കെ.കസീമ എന്നിവർ സംസാരിച്ചു.
പ്രൊഫ.കെ.ആർ.ജനാർദ്ദനൻ, ഡോ.ജോർജ് സി തോമസ്, ഡോ.ബേബി ചക്രപാണി, ഡോ.കെ.കെ.അബ്ദുള്ള എന്നിവരാണ് കുട്ടിശാസ്ത്രജ്ഞരുടെ അവതരണങ്ങൾ വിലയിരുത്തിയ വിദഗ്ധപാനലിൽ ഉണ്ടായിരുന്നത്.
താഴെ പറയുന്ന സ്കൂൾ ടീമുകൾക്കാണ് യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചത്.
1. ഹോളി ഫാമിലി സി.ജി.എച്ച്.എസ് തൃശ്ശൂർ
2. കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി എച്ച്.എസ്.വെള്ളാനിക്കര
3. സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്. തൃശ്ശൂർ

Leave a Reply

Your email address will not be published. Required fields are marked *