പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് തുടക്കമായി

0

പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആരംഭിച്ചു.

എടപ്പാള്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനത്തിന് എടപ്പാള്‍ വളളത്തോള്‍ കോളേജില്‍ തുടക്കമായി. സത്യാനന്തരകാലത്തെ ശാസ്ത്രം എന്ന വിഷയം അവതരിപ്പിച്ച് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ. അജിത്ത് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അധ്യക്ഷനായി. പി. നന്ദകുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൻ്റെ ആവശ്യത്തിലേക്ക് അരി ലഭ്യമാക്കാൻ കൃഷി നടത്തുന്നതിന് നേതൃത്വം നൽകിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ.പി.പി. മോഹന്‍ദാസ്, ജിജി വര്‍ഗീസ് പി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നുള്ള പ്രതിനിധിസമ്മേളനത്തില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് ഇരുന്നൂറ് പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സി.പി.സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വി മണികണ്ഠന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ശരത് പി. വരവ്-ചെലവ് കണക്കും ഇ വിലാസിനി അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എന്‍. ശാന്തകുമാരി സംഘടനാരേഖ അവതരിപ്പിച്ചു. വൈകീട്ട് ശാസ്ത്രജാഥയും സംഘടിപ്പിച്ചു.

രണ്ടാംദിനമായ ഞായറാഴ്ച ചര്‍ച്ചകള്‍ക്കുള്ള മറുപടി, ഭാവി രേഖ അവതരണം, ഗ്രൂപ് ചർച്ചകൾ, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. രാവിലെ 11 ന് വര്‍ത്തമാനകാല തലമുറ പ്രതിസന്ധികളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കൗമാരം സംഘർഷങ്ങൾക്കപ്പുറം – സ്വീറ്റ് ടീന്‍, ഡ്രീം ടീന്‍, ടീന്‍ ഹൊറൈസണ്‍ പാനല്‍ ചര്‍ച്ച നടക്കും. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.ഷാജേഷ് ഭാസ്ക്കര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം ഫാക്കല്‍റ്റി അപര്‍ണ വി.വി., തൃശൂര്‍ ഗവ.മാനസികാരോഗ്യകേന്ദ്രം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സുബ്രഹ്മണ്യന്‍ എസ്.വി., ലഹരി മുക്തം മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.ഹരികുമാര്‍ എന്നിവര്‍ പങ്കെടുക്കും. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം വി.വിനോദ് മോഡറേറ്ററാവും.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ ചെയര്‍മാനും പരിഷത്ത് മേഖലാ സെക്രട്ടറി ജിജി വര്‍ഗീസ് പി. ജനറൽ കണ്‍വീനറുമായ സംഘാടകസമിതിയാണ് സമ്മേളന നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്. സ്വാഗതസംഘം പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ നടത്തിയ നെല്‍ക്കൃഷിയിലൂടെയാണ് സമ്മേളനദിവസങ്ങളിലേക്ക് ആവശ്യമായ അരി സമാഹരിച്ചത്. അനുബന്ധമായി പൊന്നാനി ബ്ലോക്ക്പഞ്ചായത്തില്‍‍ ആരോഗ്യ ക്ലാസുകൾ, തെരുവോര വാനനിരീക്ഷണങ്ങള്‍, യുവസമിതി ക്യാമ്പ്, സാംസ്കാരിക പ്രഭാഷണം, ഹ്രസ്വചലച്ചിത്രമേള, അങ്കണവാടി അധ്യാപക പരിശീലനം, കുരുന്നില പുസ്തക വിതരണം തുടങ്ങിയ പരിപാടികള്‍ നടത്തി. മുഖ്യമായും ശാസ്ത്രപുസ്തക പ്രചാരണത്തിലൂടെയും പരിഷത്ത് ഉല്പന്ന പ്രചാരണത്തിലൂടെയുമാണ് സമ്മേളനത്തിനാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്.
മലപ്പുറം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ഡോ. അജിത്ത് പരമേശ്വരന്‍ സത്യാനന്തര കാലത്തെ ശാസ്ത്രം എന്ന വിഷയം അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *