തിരുവനന്തപുരം മേഖല വാർഷികം സമാപിച്ചു.
അന്ധവിശ്വാസചൂഷണവും ശബ്ദമലിനീകരണവും നിയമം വഴി തടയുക: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ സമ്മേളനം
തിരുവനന്തപുരം: അന്ധവിശ്വാസവിരുദ്ധനിയമം ഉടൻ നിർമ്മിക്കണമെന്നും ശബ്ദമലിനീകരണം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും കിള്ളിയാർ മലിനീകരണം തടയണമെന്നുമുള്ള ആവശ്യങ്ങളുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാവാർഷികം സമാപിച്ചു. വട്ടിയൂർക്കാവ് വാഴോട്ടുകോണം കമ്മ്യൂണിറ്റി ഹാളിലായിരുന്നു രണ്ടു ദിവസത്തെ സമ്മേളനം.
അന്ധവിശ്വാസചൂഷണ നിരോധന നിയമത്തിനുള്ള ബിൽ ശാസ്ത്രസാഹിത്യപരിഷത്ത് ഒരു പതിറ്റാണ്ടു മുമ്പ് കേരളസർക്കാരിനു സമർപ്പിച്ചതാണ്. ഇതു നിയമമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയുമാണ്. അന്ധവിശ്വാസക്കൊലകളും ചൂഷണങ്ങളും തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിയമം എത്രയുംവേഗം കൊണ്ടുവരണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ശബ്ദമലിനീകരണം തടയാൻ 2014ൽ തിരുവനന്തപുരം ജില്ലയിൽ നിയമം കർക്കശമായി നടപ്പിലാക്കിയിരുന്നു. എന്നാൽ, പിന്നീട് അധികൃതർ പിന്നാക്കം പോയിരിക്കുന്നു. പ്രസ്തുത നടപടികൾ കർക്കശവും കാര്യക്ഷമവുമായി നടപ്പാക്കണമെന്ന് തിരുവനന്തപുരം കളക്ടറോടും സമാനമായ നിയന്ത്രണം സംസ്ഥാനത്തുടനീളം നടപ്പാക്കണമെന്നു സർക്കാരിനോടും സമ്മേളനം അഭ്യർത്ഥിച്ചു.
നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കിളളിയാർ ശുദ്ധീകരിക്കാൻ തുടങ്ങിവച്ച പ്രവർത്തനം നിലച്ചിരിക്കുന്നു. ആറ്റിൽ മാലിന്യം തള്ളുന്നത് അനിയന്ത്രിതവും അപകടകരവുമായ രീതിയിൽ വർദ്ധിച്ചുവരികയുമാണ്. അതിനാൽ മലിനീകരണം തടയാനും ആറു ശുദ്ധീകരികരിക്കാനും അടിയന്തരനടപടി വേണം – പരിഷത്ത് പ്രമേയത്തിൽ പറഞ്ഞു.
‘അന്ധവിശ്വാസഫാക്ടറികൾ’ എന്ന വിഷയം അവതരിപ്പിച്ച് ‘ശാസ്ത്രഗതി’ പത്രാധിപർ ഡോ. രതീഷ് കൃഷ്ണ സമ്മേളനം ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. യുക്തിചിന്ത വളർത്തുന്നത് പൗരധർമ്മമായി പ്രഖ്യാപിച്ച ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് ഭരണഘടനാസ്ഥാപനങ്ങൾതന്നെ അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും പ്രചരിപ്പിക്കുന്ന ദുരവസ്ഥയാണു വന്നിരിക്കുന്നതെന്നും ഇതിനെതിരെ ശസ്ത്രബോധം പൊതുബോധമായി വളർത്തിയെടുക്കേണ്ടത് അടിയന്തരകടമയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം വൈസ് ചെയർമാൻ ഒ എ ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഗ്രാമപത്രം മുൻ രാജ്യസഭാംഗം സി പി നാരായണൻ വട്ടിയൂർക്കാവ് കൗൺസിലർ ഐ എം. പാർവ്വതിക്ക് നൽകി പ്രകാശനം ചെയ്തു. വാഴോട്ടുകോണം കൗൺസിലർ റാണി വിക്രമൻ, എം എസ് പ്രശാന്ത്, ബി അനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ പ്രസിഡൻ്റ് പി. ബാബു അധ്യക്ഷനായി. അഡ്വ.കെ രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ശ്രീകുമാർ, സി റോജ (പ്രസീഡിയം), ജി രാധാകൃഷ്ണൻ, സൗമ്യ, (മിനിട്സ്) അഡ്വ. കെ രാധാകൃഷ്ണൻ, പി കെ പ്രകാശ് (പ്രമേയം), വി. രാജൻ, ഡി. പ്രസന്നൻ (രജിസ്ട്രേഷൻ) എന്നീ കമ്മിറ്റികളെ സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറി ബി അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ശ്രീജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
രണ്ടാം ദിവസം പ്രവർത്തനറിപ്പോർട്ടിന്മേലും വരവ് ചെലവ് കണക്കിന്മേലുമുള്ള പ്രതികരണങ്ങൾക്ക് സെക്രട്ടറിയും ട്രഷററും വിശദീകരണം നൽകി. സംഘടനാരേഖ അവതരണം ജില്ലാ കമ്മിറ്റി അംഗം കെ.ജി. ഹരികൃഷ്ണൻ അവതരിപ്പിച്ചു. മീരാസുമം, ആർ. അജയൻ, കൃഷ്ണ ജ്ഞാനസുന്ദരം, ജി. രാധാകൃഷ്ണൻ, പി.കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു ഗ്രൂപ്പുകളായി ചര്‍ച്ച ചെയ്തവതരിപ്പിച്ചവയുടെ ക്രോഡീകരണം അവതാരകൻ നിർവഹിച്ചു. ആർ രാധാകൃഷ്ണൻ (അണ്ണൻ) സമ്മേളനത്തെ അഭിസംബോധന ചെയ്തു. വട്ടിയൂർക്കാവ് യൂണിറ്റ് ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികള്‍ ഉച്ചഭക്ഷണ ഇടവേളയെ സർഗാത്മകമാക്കി.
ഭാവിപ്രവർത്തന രൂപരേഖ രണ്ടു ഭാഗങ്ങളായി ടി.പി. സുധാകരൻ, ബി. അനിൽകുമാർ എന്നിവർ അവതരിപ്പിച്ചു. സ്വാഗതസംഘം പരിചയപ്പെടൽ കൺവീനർ എം.എസ്. പ്രശാന്തും സ്വാഗതസംഘത്തിനുള്ള നന്ദി പി. ഗിരീശനും അവതരിപ്പിച്ചു. ക്രഡൻഷ്യൽ ക്രോഡീകരണം പി. ശ്രീജിത്ത് നിർവഹിച്ചു. പുതിയ മേഖലാകമ്മിറ്റിയുടെയും ജെൻഡർ കമ്മിറ്റിയുടെയും ജില്ലാ കൗൺസിൽ പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിന് അഡ്വ. വി.കെ. നന്ദനൻ, ടി.പി. സുധാകരൻ എന്നിവരുടെ സാന്നിധ്യത്തില്‍ ആർ. ജയചന്ദ്രന്‍ നേതൃത്വം നൽകി. അടുത്ത വർഷത്തെ മേഖലാ സമ്മേളനം ഭവൻ യൂണിറ്റ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. വൈകിട്ട് ശാസ്ത്രജാഥയോടെ സമാപിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം എസ്. ജയകുമാർ ജാഥയെ അഭിസംബോധന ചെയ്തു.
രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ നിർവാഹകസമിതി അംഗങ്ങളായ അഡ്വ. വി.കെ. നന്ദനൻ, എസ്.എൽ സുനിൽകുമാർ, എസ്. ജയകുമാർ, ജില്ലാ ട്രഷറര്‍ എസ്. ബിജുകുമാർ, ജില്ലാ ജോ. സെക്രട്ടറി ആർ. ജയചന്ദ്രൻ, കമ്മിയംഗങ്ങളായ ടി പി സുധാകരൻ, എൻ. ജയരാജി, ജി. സുരേഷ്, രശ്മി ശ്രീകാര്യം, കെ.ജി. ഹരികൃഷ്ണൻ, കെ.ജി. ശ്രീകുമാർ, എസ്. രാജിത്ത് എന്നിവരും പ്രൊഫ. സിപി നാരായണൻ, ആർ രാധാകൃഷ്ണൻ, പ്രഫുല്ലചന്ദ്രൻ, അപ്പുക്കുട്ടൻ നായർ, ആർ. ഗിരീഷ് കുമാർ, പ്രൊഫ. കെ.വി. തോമസ്, എ.എസ്. പിള്ള തുടങ്ങിയവരും പങ്കെടുത്തു.
പുതിയ മേഖലാഭാരവാഹികൾ: സി. റോജ (പ്രസിഡന്റ്), പി.കെ. പ്രകാശ് (വൈസ് പ്രസിഡന്റ്), ബി. അനിൽകുമാർ (സെക്രട്ടറി), ജി. രാധാകൃഷ്ണൻ (ജോ. സെക്രട്ടറി), വി. രാജൻ (ട്രഷറർ). വിഷയസമിതി കൺവീനർമാർ: മീരാ സുമം (ജെൻഡർ), അഡ്വ. കെ. രാധാകൃഷ്ണൻ (ആരോഗ്യം), ആർ. അജയൻ (പരിസ്ഥിതി), പി. ഗിരീഷൻ (വിദ്യാഭ്യാസം), പി. ശ്രീജിത്ത് (ഉന്നതവിദ്യാഭ്യാസം).