കടൽ മണൽ ഘനനം വിശദ പഠനത്തിനുശേഷം നടപ്പാക്കിയാൽ മതി:ശാസ്ത്രസാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ വാർഷികം.
ഹരിപ്പാട്: കേന്ദ്രസർക്കാർ ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കേരളത്തിന്റെ തീരദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന കടൽ മണൽ ഖനനം വിശദമായ പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
നിർമ്മാണ ആവശ്യങ്ങൾക്കായി 300 ദശലക്ഷം ടൺ മണൽ തീരത്തുനിന്നു ഉടനടി സംഭരിക്കാം എന്നാണ് കണക്കുകൂട്ടുന്നത്.
ലഭ്യമായ വിവരം അനുസരിച്ച് തീരത്ത് നിന്ന് 30 കിലോമീറ്റർ വരെ പരിധിയുള്ള 42 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഒന്നര മീറ്റർ വരെ ആഴത്തിൽ മണ്ണിൽ ഖനനം ചെയ്യും. ഇത് ആഭ്യന്തര ഉപയോഗത്തിനോ കയറ്റുമതിക്കോ എന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.ഖനനാവകാശം ലേലത്തിലൂടെ 50 വർഷം വരെ കാലയളവിൽ സ്വകാര്യ കുത്തക കമ്പനികളെ ഏൽപ്പിക്കുവാനാണ് നീക്കം. 2023 ൽ വരുത്തിയ നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ഇതിനുള്ള അധികാരം കവർന്നെടുത്തിട്ടുണ്ട്. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്വകാര്യ കുത്തകൾക്ക് ഖനന അനുമതി നൽകിയാൽ പാരിസ്ഥിതികവും സാമൂഹികവുമായ നീതി ഉറപ്പാക്കും എന്ന് കരുതുവാൻ ആവില്ല. പാരിസ്ഥിക ആഘാതം പഠിക്കുവാൻ ഖനനം നടത്തുവാൻ പോകുന്ന കമ്പനിയെ തന്നെ ഏൽപ്പിച്ചത് ദുരൂഹമാണ്. ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിക സാമൂഹിക പ്രത്യാഘാതങ്ങളാണ് ആദ്യം പരിശോധിക്കേണ്ടതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ വാർഷിക സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. മേഖലാ വൈസ് പ്രസിഡന്റ് എസ് ഗോപീകൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്.
ഹരിപ്പാട് മേഖലാ പരിധിയിലുള്ള പത്തോളം പഞ്ചായത്തുകളിൽ നീർത്തടങ്ങളും, തോടുകളും കായലും പ്ലാസ്റ്റിക്കും അല്ലാതെയും ഉള്ള മാലിന്യങ്ങൾ കൊണ്ട്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നീർത്തടങ്ങളും വീണ്ടെടുക്കുവാൻ ഉള്ള പദ്ധതിയും തുകയും എല്ലാ പഞ്ചായത്തുകളുടെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും മേഖലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കാട്ടിൽ മാർക്കറ്റ് ഗവൺമെന്റ് ആത്മവിദ്യാസംഘം എൽപി സ്കൂളിൽ നടന്ന മേഖലാ സമ്മേളനം ” നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയം ” എന്ന വിഷയം അവതരിപ്പിച്ച് പരിഷത്ത് സംസ്ഥാന നിർവാഹ സമിതി അംഗം അരുൺ രവി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനിൽ സംഘാടകസമിതി ചെയർമാൻ എ സന്തോഷ് കുമാർ അധ്യക്ഷനായി. കൺവീനർ കെ എൻ സനൽ സ്വാഗതവും , ഡി രഘു കൃതജ്ഞതയും രേഖപ്പെടുത്തി. ഉദ്ഘാടന ശേഷം നടന്ന സംഘടനാ സമ്മേളനത്തിൽ ആർ. സോമരാജൻ അധ്യക്ഷനായി. ഡോ.സദാശിവൻ മേഖലാ റിപ്പോർട്ടും, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി സലിം സംഘാടനാ രേഖയും, പൊന്നമ്മ ടീച്ചർ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. 10 യൂണിറ്റുകളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. എ കെ രാജൻ ചെയർമാനും, കെ എൻ സനൽ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് സമ്മേളന ഒരുക്കങ്ങൾ നടത്തിയത്. ഗോപികൃഷ്ണൻ (പ്രസിഡന്റ്),സി സഹജ,
ബിനു കരുവാറ്റ ( വൈസ് പ്രസിഡന്റുമാർ ), ഡോ.സദാശിവൻ (സെക്രട്ടറി)
എം സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി )
അനിൽ മാത്യു( ട്രഷറർ )
എന്നിവർ ഭാരവാഹികളായ മേഖലാ കമ്മിറ്റിയെയും,ജില്ലാ വാർഷിക പ്രതിനിധികളെയും തിരഞ്ഞെടുത്തു.