നാദാപുരം മേഖലാ സമ്മേളനം സമാപിച്ചു
വാണിമേൽ: നാദാപുരം മേഖല സമ്മേളനം വാണിമേൽ സ്വപനഗ്രാമം സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു. സ്വാഗത സംഘം ചെയർമാൻ രാജീവൻ പി അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ പരിഷത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗത സംഘം കൺവീനർ സി പി അശോകൻ സ്വാഗതം പറഞ്ഞു
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖല പ്രസിഡൻ്റ് കെ രാജൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ട്രഷറർ അനിൽ കുമാർ പേരടി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് എ പി പ്രേമാനന്ദൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനാ റിപ്പോർട്ടിന്മേൽ പ്രതിനിധികൾ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്തു. ചർച്ചകളുടെ അവതരണത്തിൽ 18 യൂണിറ്റുകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്തു. സംഘടനാ രേഖ ചർച്ചയും അവതരണവും 5 ഗ്രൂപ്പുകളായി നടത്തി. സംഘടനാ രേഖ ചർച്ചകളിൽ പ്രതികരിച്ച് ജില്ലാ കമ്മിറ്റി അംഗം പി കെ മുരളി, ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അന്ധവിശ്വാസ ചൂഷണ വിരുദ്ധ നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നും, ലഹരിവ്യാപനത്തിനെതിരെ കാമ്പയിൻ സംഘടിപ്പിക്കണമെന്നും, ലഹരി വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്നും അധികൃതരോട് അഭ്യർത്ഥിക്കുന്ന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ജില്ലാ ട്രഷറർ സി സത്യനാഥൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികളായി ഇ ടി വത്സലൻ (പ്രസിഡൻ്റ്), രാജവല്ലി കെ കെ (വൈസ് പ്രസിഡൻ്റ്), എൻ ടി ഹരിദാസൻ (സെക്രട്ടറി),
പി കെ അശോകൻ (ജോയിൻ്റ് സെക്രട്ടറി), അനിൽകുമാർ പേരടി (ട്രഷറർ) എന്നിവരേയും 1 2 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, വിഷയസമിതി/ഉപസമിതി ചെയർമാൻ/ചെയർപേഴ്സൺ,ജില്ലാ സമ്മേളന പ്രതിനിധികൾ എന്നിവരേയും തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ സ്വാഗത സംഘത്തെ പരിചയപ്പെടുത്തി.മേഖല പ്രസിഡൻ്റ് ഇ ടി വത്സലൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എൻ ടി ഹരിദാസ് ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. പി കെ അശോകൻ്റെ നേതൃത്വത്തിൽ പരിഷത്ത് ഗാനാലാപത്തോടെ സമ്മേളനം അവസാനിച്ചു.