സർവ്വകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ : ദേശീയ സെമിനാർ
അടിമകളാക്കുന്ന വിദ്യാഭ്യാസത്തിനു പ്രാദേശികബദലുകൾ ഉയർത്തണം: തുഷാർ ഗാന്ധി
തിരുവനന്തപുരം: പൗരർക്കെതിരെ മാഫിയകൾ ഉപയോഗിക്കുന്ന കൂലിത്തല്ലുകാരെപ്പോലെയാണു ചില ഗവർണ്ണർമാരെന്ന് (Some Governors are like the hitmen used by mafia against citizens.) രാജ്യത്തെ പ്രമുഖ എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനും ഗാന്ധിജിയുടെ പ്രപൗത്രനുമായ തുഷാർ ഗാന്ധി. ‘സർവ്വകലാശലകൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ദേശീയസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്ന് രണ്ടുതരം ഗവർണ്ണർമാരുണ്ട്. ഒന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു വിടുന്നവർ. പോയി റിട്ടയർമെന്റുജീവിതം ആസ്വദിക്കൂ എന്നു പറഞ്ഞാണ് അവരെ വിടുന്നത്. പ്രതിപക്ഷപ്പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു വിടുന്നവരാണു രണ്ടാമത്തെ കൂട്ടർ. പോയി അവിടങ്ങളിലെ സർക്കാരുകളുടെ ഭരണം അസാദ്ധ്യമാക്കൂ എന്നു നിർദ്ദേശിച്ചു വിടുന്നവർ. അവരാണ് സൂപ്പർ വൈസ് ചാൻസെലർമാരായി പ്രവർത്തിച്ച് ഉന്നതവിദ്യാഭ്യാസം താറുമാറാക്കുന്നത്. ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം മെച്ചപ്പെടുത്തുക തുടങ്ങിയ കടമകൾ ഇക്കൂട്ടർ മറക്കുകയാണ്.
ഇന്ത്യയിൽ വിദ്യാസമ്പന്നരായ ഉപരിവർഗ്ഗം കൂടുതൽ യുക്തിഹീനരായി (irrational) മാറുകയാണ്. വർഗ്ഗീയശക്തികൾ നടത്തുന്ന വ്യാജപ്രചാരണപരീക്ഷണങ്ങളുടെ ഇരകളാണവർ. ഹിന്ദുക്കൾ അപകടത്തിലാണെന്നും വൈകാതെ തുടച്ചുനീക്കപ്പെടുമെന്നും വളരെ ചിട്ടയായി വിശ്വസിപ്പിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. വർഗ്ഗീയശക്തികൾ ചെയ്യുന്ന ഏത് അതിക്രമത്തെയും ഭൂരിപക്ഷജനത പിന്താങ്ങുമെന്ന് അവർ ഉറപ്പാക്കിയിരിക്കുന്നു.
ഇത് ന്യൂനപക്ഷങ്ങളുടെ വേട്ടയാടലിനു വഴിതെളിക്കുന്നു. യുക്തിചിന്ത ഇല്ലാതാക്കി അടിമവത്ക്കരിക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ഇവരെ ഇതിനു സഹായിക്കുന്നത്. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളും ആദിവാസികളും ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായില്ല. ക്രിസ്ത്യൻ പുരോഹിതനും കുടുംബവും കൊലചെയ്യപ്പെട്ടപ്പോഴും ഇതായിരുന്നു സ്ഥിതി. മതപരിവർത്തനം ആരോപിച്ചാൽ ആരെയും ആക്രമിക്കാമെന്ന നില സൃഷ്ടിച്ചിരിക്കുന്നു.
വിദ്യാഭ്യാസത്തെപ്പറ്റി തെറ്റായ കാഴ്ചപ്പാടു പുലർത്തുന്നതും വിദ്യാർത്ഥികളെ കൂടുതൽ അടിമവത്ക്കരിക്കുന്ന സംവിധാനം സൃഷ്ടിക്കുന്നതുമാണ് യൂണിയൻ സർക്കാരിന്റെ 2020-ലെ വിദ്യാഭ്യാസനയം. യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കുകയും യുക്തിചിന്ത ഇല്ലാതാക്കുകയും അടിമമനസ്സു വളർത്തുകയും ചെയ്യുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം. ഭരണാധികാരികളുടെ ഹിതം പ്രചരിപ്പിക്കാനുള്ള ഉപാധിയായി അതു മാറി. ഉന്നതവിദ്യാഭ്യാസത്തിലെ നിലവാരമില്ലായ്മയാണ് ചെറുപ്പക്കാരെ പഠനത്തിനു നാടുവിടാൻ പ്രേരിപ്പിക്കുന്നത്. ഈ നിലവാരമില്ലായ്മയ്ക്കു കാരണം അടിസ്ഥാനവിദ്യാഭ്യാസത്തിലെ പാളിച്ചകളാണ്.
ഇതിനെയെല്ലാം ചെറുക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഓരോ നാട്ടിലും ജനങ്ങൾ രംഗത്തിറങ്ങണം. സംസ്ഥാനങ്ങൾക്കാവണം വിദ്യഭ്യാസസംവിധാനം വികസിപ്പിക്കാനുള്ള അവകാശം. അതതുനാടിനും സംസ്ക്കാരത്തിനും ചേർന്ന വിദ്യാഭ്യാസസമ്പ്രദായം വികസിപ്പിച്ചുകൊണ്ടാകണം ഈ പ്രതിരോധം. നമുക്കതു സാധിക്കും. ഫാഷിസ്റ്റുകളുടെ സമഗ്രാധിപത്യസ്വഭാവമുള്ള ഭരണം അവസാനിപ്പിക്കാൻ ബ്രിട്ടിഷ് കോളനിവാഴ്ചയും ഇന്ദിരയുടെ അടിയന്തരാവസ്ഥയും അവസാനിപ്പിച്ച ഇന്ത്യൻ ജനതയ്ക്കു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡന്റ് ടി. കെ. മീരാഭായ് അദ്ധ്യക്ഷയായിരുന്നു. എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ. കെ. ബിജുകുമാർ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്. ആർ. മോഹനചന്ദ്രൻ, കേരള കാർഷികസർവ്വകലാശാലാ അധ്യാപകയൂണിയൻ (TOKAU) ജനറൽ സെക്രട്ടറി ഡോ. എ. പ്രേമ, എകെജിസിആർടി സംസ്ഥാനസെക്രട്ടറി ജി. രാജീവ്, പ്രോഗ്രസ്സീവ് ഫെഡറേഷൻ ഓഫ് കോളെജ് ടീച്ചേഴ്സ് PFCT) ജനറൽ സിക്രട്ടറി ഡോ. ടി. ജി. ഹരികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിഷത്ത് ജനറൽ സെക്രട്ടറി പി. വി. ദിവാകരൻ, സി. പി. നാരായണൻ, ഉന്നതവിദ്യാഭ്യാസവിഷയസമിതി കൺവീനർ പി. പി. ബാബു, പരിഷത്ത് ജില്ലാസെക്രട്ടറി ജി. ഷിംജി എന്നിവർ ആശംസ നേർന്നു.
തുടർന്ന്, ‘സർവ്വകലാശാലാനിയമങ്ങളും അഭിപ്രായഭിന്നതകളും’ എന്ന സെഷനിൽ കേരള വിദ്യാഭ്യാസസമിതി കൺവീനർ ഡോ. പി. പദ്മനാഭന്റെ അദ്ധ്യക്ഷതയിൽ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസെലർ ഡോ. എൻ. കെ. ജയകുമാർ വിഷയം അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം കോഴിക്കോട് സർവ്വകലാശാലാ സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ‘ഉന്നതവിദ്യാഭ്യാസം – അക്കാദമികപ്രതിസന്ധികളും മുന്നോട്ടുള്ള പാതയും’ എന്ന വിഷയം കെസിഎച്ഛ്ആർ ചെയർമാൻ ഡോ. കെ. എൻ. ഗണേഷ് അചതരിപ്പിച്ചു. ഡോ. ആർ. വി. ജി. മേനോൻ സംസാരിച്ചു. ഡോ. രതീഷ് കൃഷ്ണൻ സെമിനാർ ക്രീകരണം നടത്തി. ഉന്നതവിദ്യാഭ്യാസവിഷയസമിതി കൺവീനർ പി. പി. ബാബു നന്ദി പറഞ്ഞു.