ഒപ്പം ക്യാമ്പയിൻ രജിസ്ട്രേഷൻ ആരംഭിച്ചു

കൽപ്പറ്റ : ചൂരൽമല-മുണ്ടക്കൈ ദുരന്തം പശ്ചാത്തലത്തിൽ യുവസമിതി പ്രവർത്തകർ വ്യത്യസ്ത തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു.
ദുരന്തമുഖത്തെ അതിജീവിച്ച പ്രാദേശിക സമൂഹത്തെ മാനസികമായി ശാക്തീകരിക്കുകയും പിന്തുണ നൽകി ഒപ്പം നിൽക്കേണ്ടതിന്റെയും അനിവാര്യത തിരിച്ചറിഞ്ഞ് യുവസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ആണ് “ഒപ്പം”. പരിസര വിഷയസമിതിയും വയനാട് ജില്ലാ കമ്മിറ്റിയും ഈ ക്യാമ്പയിന് ആവശ്യമായ സഹായസഹകരണങ്ങളുമായി ഒപ്പമുണ്ട്. ഈ ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുകയെന്നത് അഭിമാനകരവും അതേ സമയം നമ്മുടെ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗവും കൂടിയാണ്. “ഒപ്പം – ഒപ്പമുണ്ട് ഒന്നിച്ച്, ഒന്നായ്” എന്ന ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ യുവജനതയെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. 18നും 30നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് ഇതിന്റെ ഭാഗമാകാം. മെയ് ആദ്യവാരം മേപ്പാടി, പൊഴുതന പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ച് വീട്ടിലെ അംഗങ്ങളുമായി സംസാരിക്കുകയും അവബോധം നൽകുകയും ലഘുലേഖ വിതരണം ചെയ്യുകയും സായാഹ്നങ്ങളിൽ ചർച്ചാ സദസ്സുകൾ നടത്തുകയുമാണ് ഈ ക്യാമ്പയിനിലൂടെ സാധ്യമാക്കുന്ന ചില പ്രധാന പ്രവർത്തനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള താമസസൗകര്യം, ഭക്ഷണം, യാത്രാച്ചെലവ് മുതലായവ സംഘടന വഹിക്കും. പരിശീലനം പൂർത്തിയാക്കി ക്യാമ്പയിനിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. നൽകിയിരിക്കുന്ന ഗൂഗിൾ ഫോം മുഖേന രജിസ്ട്രേഷൻ ചെയ്യാൻ കഴിയും. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 18 നമുക്ക് ഒരുമിച്ച് നിൽക്കാം, ഒന്നിച്ച് ഒന്നായ് നിൽക്കാം.
രജിസ്ട്രേഷൻ ഫോം : https://forms.gle/rgi6yqD7LZ9eY33x8