‘ഒപ്പം’ ക്യാമ്പയിൻ ലോഗോ പ്രകാശനം

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയസമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഒപ്പം – ഒപ്പമുണ്ട് ഒന്നിച്ച്, ഒന്നായ്’ ക്യാമ്പയിൻ ലോഗോ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി പ്രകാശനം ചെയ്തു. കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ പി. സുരേഷ് ബാബു, ശാലിനി തങ്കച്ചൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. പി. സന്തോഷ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് വി. കെ. മനോജ്, ജില്ലാ ജോ. സെക്രട്ടറി കെ. പി. സുനിൽകുമാർ, പരിസരവിഷയസമിതി ജില്ലാ കൺവീനർ പ്രൊഫ. കെ. ബാലഗോപാലൻ, യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി, യുവസമിതി ജില്ലാ കൺവീനർ കെ. എ. അഭിജിത്ത്, കലാ-സംസ്കാരം വിഷയസമിതി കൺവീനർ കെ. വിശാലാക്ഷി, വി. എം. രത്നം, യുവസമിതി ജില്ലാ നവമാധ്യമസമിതി ചെയർപേഴ്സൺ കെ. ആർ. സാരംഗ് എന്നിവർ സംസാരിച്ചു. കെ. എ. അഭിനുവാണ് ലോഗോ രൂപകല്പന ചെയ്തത്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ അതിജീവിച്ചവരെ ശാക്തീകരിക്കുകയാണ് ഈ ക്യാമ്പയിനിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതിൻ്റെ ഭാഗമായി മേപ്പാടി, പൊഴുതന പഞ്ചായത്തുകളിലെ വീടുകൾ സന്ദർശിച്ച് വീട്ടിലെ അംഗങ്ങളുമായി സംസാരിക്കുകയും അവബോധം നൽകുകയും ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യും. കൂടാതെ സായാഹ്നങ്ങളിൽ ചർച്ചാ സദസ്സുകൾ, കാലാവസ്ഥ സാക്ഷരത, മുൻകരുതൽ അവബോധ പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഈ ക്യാമ്പയിനിലൂടെ സാധ്യമാക്കുക. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള യുവജനങ്ങൾ വിദഗ്ധ പരിശീലനത്തിന് ശേഷം സന്നദ്ധപ്രവർത്തകരായി ഈ ക്യാമ്പയിനിൽ പങ്കെടുക്കും.