ഔഷധ വിലവർധന വീണ്ടും . ഡോ ബി ഇക്ബാൽ

0

ഔഷധ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ നടപടിക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ നടന്നുവരികയാണല്ലോ. ഈ പ്രതിഷേധ പരിപാടികൾക്ക്  സഹായകമാകുന്ന

ഡോ. ബി. ഇക്ബാലിൻ്റെ  കുറിപ്പ് പങ്കുവെയ്ക്കുന്നു.

ഔഷധ വിലവർധന വീണ്ടും
ഡോ ബി ഇക്ബാൽ
ഒക്ടോബർ 25, 2024
മരുന്ന് ഉൽപ്പാദനം ലാഭകരമല്ലെന്ന് മരുന്ന് നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ ) 8 ഇനം മരുന്നുകളുടെ വില 2024 ഒക്ടോബർ 8 ന് കുത്തനെ വർധിപ്പിച്ച് ഉത്തരവിറക്കിയിരിക്കയാണു. ഈ മരുന്നുകളിൽ ഭൂരിഭാഗവും ചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സയായി ഉപയോഗിക്കുന്നവയുമാണ് . ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായാണ് ഈ മരുന്നുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
കേന്ദ്ര രാസവളം മന്ത്രാലയത്തിന് കീഴിലാണു ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിലാണ് എൻപിപിഎ പ്രവർത്തിക്കുന്നത്, മരുന്നുകളുടെ സീലിംഗ് വില നിയന്ത്രിക്കുന്നതിനായി 1997-ലാണ് എൻപിപിഎ രൂപീകരിച്ചത്. എൻപിപിഎയാണു ദേശീയ അവശ്യമരുന്നു പട്ടികയിൽ ഉൾപ്പെടുന്ന 350-ഓളം മരുന്നുകളുടെ 960 ഫോർമുലേഷനുകളുടെ വിലനിശ്ച്ഛയിക്കുന്നത് അവശ്യചരക്ക് നിയമപ്രകാരം മരുന്ന് വില നിയന്ത്രണ ഉത്തരവ് (Drug Price Control Order) പുറപ്പെടുവിച്ച് മരുന്നുകളുടെ വില നിശ്ചയിക്കാൻ ഈ സ്ഥാപനത്തിന് അധികാരമുണ്ട് .. ഈ മരുന്നുകൾ എൻപിപിഎ അംഗീകരിച്ചതിനേക്കാൾ കൂടുതൽ വിലയ്ക്ക് വിൽക്കാൻ കഴിയില്ല. സാധാരണ മുൻവർഷത്തെ മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ, ഏപ്രിൽ 1 മുതൽ എല്ലാ സാമ്പത്തിക വർഷവും എൻപിപിഎ ചില മരുന്നുകളുടെ വില വർധിപ്പിക്കാറുണ്ട്. ആ പതിവിനു വിപരീതമായാണ് ഇപ്പോൾ പെട്ടെന്നൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്
വില വർധിപ്പിച്ച മരുന്നുകളിൽ സാൽബുട്ടമോൾ (ആസ്തമയ്ക്ക് ), കുത്തിവയ്പ്പിനുള്ള സ്ട്രെപ്റ്റോമൈസിൻ പൗഡർ (ക്ഷയരോഗം), ലിഥിയം (മാനസിക രോഗം: ബൈപോളാർ ഡിസോർഡർ), പിലോകാർപൈൻ ഐ ഡ്രോപ്പുകൾ (ഗ്ലോക്കോമ) , ബെൻസിൽ പെൻസിലിൻ , സെഫാഡ്രോക്‌സിൽ )ആന്റിബയോട്ടിക്കുകൾ) എന്നിവ ഉൾപ്പെടുന്നു. ഇവയുടെ വില നിലവിലുള്ള പരിധിയുടെ 50% വർദ്ധിപ്പിച്ചു.
ഈ മരുന്നുകൾ എല്ലാം തന്നെയും ഇന്ത്യൻ ഡ്രഗ്സ്‌ ആന്റ്‌ ഫാർമ്മസ്യൂട്ടിക്കൽ ലിമിറ്റഡ്‌, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്ക്‌ തുടങ്ങിയ പൊതുമേഖല ഔഷധകമ്പനികളിൽ ഉൽപാദിപ്പിച്ച്‌ വന്നിരുന്നവയാണു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച ഉല്പാദനമേഖലയാണ് ഇന്ത്യൻ ഔഷധവ്യവസായം. ഇന്ത്യാഗവർമെന്റ് നടപ്പിലാക്കിയ നിയമനിർമ്മാണങ്ങളുടേയും വ്യവസായ-ഔഷധ നയങ്ങളൂടേയും ഫലമായി ഇന്ത്യൻ ഔഷധവ്യവസായം വളർന്നു വികസിച്ചു. ഗുണനിലവാരവും വിലകുറവുമുള്ള അവശ്യമരുന്നുകൾ പൂർണ്ണമായും ഉല്പാദിപ്പിക്കാൻ സാങ്കേതിക ശേഷിയും സ്വാശ്രയത്വവും കൈവരിച്ച രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രമുഖസ്ഥാനം കൈവരിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യൻ ജനതക്ക് മാത്രമല്ല നിരവധി വികസ്വരരാജ്യങ്ങളിലെ ജനങ്ങൾക്കും കുറഞ്ഞവിലക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ വളർന്നു. ഭീതി സൃഷ്ടിച്ചുകൊണ്ട് ലോകമെമ്പാടും പടർന്നു പിടിച്ച എയ്ഡ്സ് രോഗത്തെ നിയന്ത്രിച്ചു നിർത്താൻ ലോകരാജ്യങ്ങൾക്ക് കഴിഞ്ഞത് വിലകുറഞ്ഞ ഇന്ത്യൻ മരുന്നുകൾ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ എയ്ഡ്സ് രോഗികൾക്ക് ലഭ്യമാക്കിയതു കൊണ്ടാണെന്ന് സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ ഫാർമസിയെന്നു (Pharmacy of Developing Countries) 1999 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ ജനകീയാരോഗ്യ പ്രസ്ഥാനമായ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ് സ് (Medicins Sans Frontiers) വിശേഷിപ്പിച്ചത്.
എന്നാൽ കഴിഞ്ഞ എതാനും വർഷക്കാലമായി മാറി മാറി വന്ന കേന്ദ്രസർക്കാരുകൾ പിന്തുടർന്നു വരുന്ന സാമ്പത്തിക സമീപനങ്ങളുടേയും ഔഷധനയങ്ങളുടേയും 2005 ൽ ലോകവ്യാപരസംഘടനയുടെ നിർദ്ദേശപ്രകാരം പേറ്റൻ്റ് നിയമത്തിൽ മാറ്റം വരുത്തിയതിൻ്റെയും ഫലമായി ഇന്ത്യൻ ഔഷധവ്യവസായം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ള കാലത്തെ സ്ഥിതിയിലേക്ക് ഇന്ത്യൻ ഔഷധമേഖല തിരികെ പോവുകയാണോയെന്ന് സംശയിക്കേണ്ട ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കേന്ദ്രസർക്കാരിന്റെ അവഗണനമൂലം പൊതുമേഖല ഔഷധകമ്പനികൾ ഒന്നും പഴയത്‌ പോലെപ്രവർത്തിക്കുന്നില്ല. ഔഷധ ഉല്പാദനത്തിൽ സ്വയം പര്യാപത കൈവരിക്കുന്നതിനും ഔഷധവില കുറക്കുന്നതിലും മുഖ്യ സംഭാവന നൽകി ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക്ക് ലിമിറ്റഡ്, ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് തുടങ്ങിയ പൊതുമേഖല ഔഷധകമ്പനികൾ സർക്കാരിന്റെ അവഗണന മൂലം തകർച്ചയെ നേരിടുകയാണ്. പാർലമെന്റംഗങ്ങളുടേയും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടേയും മറ്റും ഇടപെടലുകൾ മൂലം പരിമിതമായ ചില സാമ്പത്തിക സഹായങ്ങൾ മാത്രമാണ് പുനരുദ്ധാരണ പാക്കേജ് എന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലാക്കിയതുമില്ല. 2009 ലാണ് 441 കോടിരൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. പിന്നീട് വീണ്ടും ഒരുവർഷത്തിനു ശേഷം 2010 ൽ പാക്കേജ് നടപ്പാക്കി തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മരുന്നുല്പാദനത്തിനാവശ്യമായ അടിസ്ഥാനരാസവസ്തുക്കളുടെ (ആക്ടീവ്‌ ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്:എപി ഐ) വില അമിതമായി വർധിച്ച് വരുന്നതിനാൽ മരുന്നുകളുടെ വില വർധിപ്പിക്കണമെന്ന് മരുന്നുകമ്പനികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. വിലകൂട്ടിയില്ലെങ്കിൽ തങ്ങൾ മരുന്നുകളുടെ ഉല്പാദനം അവസാനിനിപ്പിക്കുമെന്നും കമ്പനികൾ ഭീഷണി മുഴക്കിയിരുന്നു. ദേശീയ ആരോഗ്യപദ്ധതിയിൽ ഉൾപ്പെട്ട മരുന്നുകളുടെ സുസ്ഥിര ഉല്പാദനത്തിനും ലഭ്യതക്കും മരുന്ന് വില വർധിപ്പിക്കേണ്ടതാവശ്യമാണെന്നാണ് എൻപിപിഎ ഉത്തരവിൽ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ എൻപിപിഎ പുറത്ത് വിട്ടിട്ടില്ല.
സ്വാതന്ത്ര്യം കിട്ടുന്ന അവസരത്തിൽ ബ്രിട്ടനിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ മാത്രമായിരുന്നു ഇന്ത്യയിൽ വിറ്റുവന്നിരുന്നത്. .ബ്രിട്ടീഷ് മരുന്നുകമ്പനികൾ ഇന്ത്യയിൽ ഔഷധനിർമ്മാണം നടത്തിയിരുന്നില്ല. ബ്രിട്ടനിലെ ഫാക്ടറികളിൽ നിർമ്മിച്ച മരുന്നുകൾ (ഫോർമുലേഷൻസ്) വൻവില ഈടാക്കി ഇന്ത്യയിൽ വിൽക്കുക മാത്രമാണ് ചെയ്തുവന്നിരുന്നത്. ഇന്ത്യയിൽ 1954 ലെ വ്യവസായനയവും 1978 ലെ ഔഷധനയവുമനുസരിച്ച് അടിസ്ഥാന മരുന്ന് ഘട്ടം മുതൽ മരുന്നുല്പാദനം ഇന്ത്യയിൽ തന്നെ നടത്തണമെന്ന് നിബന്ധന നിലവിൽ വന്നു. മരുന്നുകളുടെ അന്തിമഘട്ടത്തിലൂള്ള ഫോർമുലേഷൻ മരുന്നുകൾ അതേപടി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. അടിസ്ഥാന ഔഷധങ്ങൾ (എ പി ഐ: ബൽക്ക് ഡ്രഗ്സ്) ഭൂരിഭാഗവും പൊതുമേഖലകമ്പനികളിലാണു നിർമ്മിച്ചിരുന്നത്. ഇവ ഉപയോഗിച്ചാണ് വിദേശ ഇന്ത്യൻ സ്വകാര്യകമ്പനികൾ അവയുടെ ബ്രാൻഡഡ് മരുന്നുകൾ (ഫോർമുലേഷൻസ്) ഉല്പാദിപ്പിച്ചിരുന്നത്. ഔഷധമേഖലയിൽ ഇന്ത്യക്ക് സ്വാശ്രയത്വം കൈവരിക്കാൻ കഴിഞ്ഞതിൻ്റെ ഒരു പ്രധാന കാരണം പൊതുമേഖല കമ്പനികളൂടെ സാന്നിധ്യത്തോടൊപ്പം എ പി എ ഇവിടെ തന്നെ ഉല്പാദിപ്പിക്കാൻ കഴിഞ്ഞതാണു. എന്നാൽ ഘട്ടം ഘട്ടമായി ഈ നിബന്ധന നീക്കം ചെയ്തു. ഔഷനിർമ്മാണത്തിനാവശ്യമായ അടിസ്ഥാനരാസവസ്തുക്കളുടെ (ആക്ടീവ്‌ ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്:എപി ഐ) ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചരാജ്യമായിരുന്നു ഇന്ത്യ. ഇപ്പോൾ മിക്ക അടിസ്ഥാനരാസവസ്തുക്കളും വലിയവിലക്ക്‌ ഇറക്കുമതിചെയ്യേണ്ട സ്ഥിതിയാണുള്ളത്‌. ഇതോടൊപ്പം ഫോർമുലേഷനുകളും ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. രാജ്യത്തിനു ഔഷധോല്പാദനത്തിലുണ്ടായിരുന്ന സ്വശ്രയത്വം നഷ്ടപ്പെടുകയും സ്വാന്തന്ത്യലബ്ധിക്ക് മുൻപുള്ള സ്ഥിതിയിലേക്ക് രാജ്യം മടങ്ങിപ്പോവുകയും ചെയ്തിരിക്കയാണ്.
എ പി ഐ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഫാക്ടറികൾ സ്ഥാപിക്കണമെന്ന് ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾ നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ വിവിധ സംസ്ഥാനങ്ങളിലായി ആറ് ഏ പി ഐ നിർമ്മാണ ഫാക്ടറികൾ സ്ഥപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ എ പി ഐ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുമെന്നുള്ള സർക്കാർ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല. അതേയവസരത്തിൽ എ പി ഐയുടെ വിലവർധിച്ചു എന്ന കാരണം പറഞ്ഞ് മരുന്നുകളുടെ വിലവർദ്ധിപ്പിക്കണമെന്ന മരുന്നുകമ്പനികളുടെ സമ്മർദ്ദത്തിനു സർക്കാർ കീഴടങ്ങകയും ചെയ്തിരിക്കുന്നു.
സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായി മാറാൻ ഇടയുള്ള ഔഷധ വിലവർധന ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അതോടൊപ്പം പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിച്ച്‌ അവശ്യമരുന്നുകൾ ജനങ്ങൾക്ക്‌ ലഭ്യമാക്കണമെന്നും, അടിസ്ഥാനരാസവസ്തുക്കൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുമെന്നുള്ള സർക്കാർ വാഗ്ദാന നടപ്പിലാക്കണമെന്നും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനമായ ജന സ്വസ്ഥയ അഭിയാൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ തുടങ്ങിയ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *