കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, സംസ്ഥാന പ്രവർത്തക ക്യാമ്പ്

0

കണ്ണൂർ, മാവിലായിൽ  സാമൂഹ്യശാസ്ത്രജ്ഞൻ ഡോക്ടർ കെ. എം സീതി. ഉദ്ഘാടനം ചെ
യ്തു.

ലോകസമൂഹം തീവ്ര വലതുപക്ഷവല്ക്കരണ പാതയിൽ – ഡോ. കെ.എം. സീതി

മാവിലായി (കണ്ണൂർ):
ലോകമാകെ തീവ്രവലതുപക്ഷ വല്ക്കരണ പാതയിലാണെന്നും കേരള സമൂഹവും അതിന് വേഗത്തിൽ വിധേയമാവുകയാണെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മഹാത്മാഗാന്ധി സർവകലാശാല ഇൻ്റർനാഷനൽ റിലേഷൻസ് ആൻ്റ് പൊളിറ്റിക്സ് പ്രൊഫസർ ഡോ. കെ.എം. സീതി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രവർത്തകക്യാമ്പിൽ ‘ആഗോള രാഷ്ട്രീയവും വലതുപക്ഷവല്ക്കരണവും‘ എന്ന വിഷയത്തിൽ  ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുടിയേറ്റ വിരുദ്ധത , സങ്കുചിത ദേശീയത ,വംശീയത ഇവ മൂന്നുമാണ് വലതുപക്ഷ ഭരണകൂടങ്ങളുടെ പ്രത്യേകത.യുദ്ധവും അസാമാധാനവും ലോകത്ത് പടർന്നു പിടിക്കുകയാണ്. മനുഷ്യർ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള ബന്ധം ശിഥിലമായിരിക്കുന്നു. മിലിറ്ററിസം ഭരണകൂടങ്ങളുടെ മുഖമുദ്രയായിരിക്കുന്നു. ആണവായുധം പ്രയോഗിച്ച ഏക രാജ്യമായ അമേരിക്കയാണ് ആണവനിർവ്യാപനത്തിന് രാജ്യങ്ങളെ ഉപദേശിക്കുന്നത്. അതേസമയം ആണവായുധപ്രയോഗം ഭീഷണിയായി തുടരുന്നു. ഇന്ത്യയിൽ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി കുടിയേറ്റ വിരുദ്ധതയുടെ ഉദാഹരണമാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പുകമ്മീഷൻ്റെ നടപടികൾ മറ്റൊരുദാഹരണമാണ്. രണ്ടായിരം വരെ അംഗങ്ങൾ ഒരു കുടുംബത്തിൽ ഉൾപ്പെടുന്ന പോലുള്ള അദ്ഭുതങ്ങളാണ് അന്വേഷണത്തിലൂടെ പുറത്ത് വന്നിട്ടുള്ളത്.
കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ ശക്തമാകുന്ന നിസംഗത തീവ്ര വലതുപക്ഷവത്കരണത്തിൻ്റെ പ്രതിഫലനമാണ്. പാലസ്തീൻ വിഷയത്തിൽ അർഹമായ പ്രതികരണം നടത്തുന്നതിൽ മലയാളികൾ പലരും തയ്യാറാകാത്തതിൻ്റെ കാരണവും മറ്റൊന്നല്ല. അതിനെ അതിജീവിക്കാതെ നമുക്ക് മുമ്പോട്ട് പോവാൻ കഴിയില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ഒരു പൗരസമൂഹം എന്നുമുണ്ടാവണമെന്നും ജനാധിപത്യപരമായ സംവാദങ്ങൾക്കും വിമർശനങ്ങൾക്കും തയ്യാറായില്ലെങ്കിൽ സമൂഹം നിശ്ചലാവസ്ഥയിലേക്ക് പോകും എന്നും  അദ്ദേഹം മുന്നറിയിപ്പ് നൽകി. ശാസ്ത്ര ബോധവും യുക്തിചിന്തയും വ്യാപകമായി പ്രചരിപ്പിക്കണം. പരിഷത്തിന് അതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്.
പരിഷത്ത് പ്രസിഡൻ്റ് ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്  ചെയർമാനും സംഘാടകസമിതി ചെയർമാനുമായ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ , എ കെ ജി കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് കെ. എൻ മോഹനൻ, പുരോഗമന കലാസാഹിത്യ സംഘം സംഘടന സെക്രട്ടറി എം കെ മനോഹരൻ,ജനറൽ സെക്രട്ടരി പി.വി. ദിവാകരൻ, കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗം  ഡോക്ടർ. ബാലകൃഷ്ണൻ , സംഘാടക സമിതി വൈസ് ചെയർമാൻ എം കെ മുരളി പരിഷത്ത് നിർവാഹക സമിതി അംഗം പി പി ബാബു, ജില്ലാ പ്രസിഡന്റ്പി  വി ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ കെ സുഗതൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *