കടൽ മണൽ ഖനന തീരുമാനം ശാസ്ത്രീയ പഠനങ്ങൾക്കും ജനകിയ വിലയിരുത്തലുകൾക്കും ശേഷം മാത്രം. തൊഴിലാളീ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പത്രപ്രസ്താവന
കേന്ദ്ര സർക്കാർ ബ്ലൂ എക്കോണമി നയത്തിന്റെ ഭാഗമായി കൊല്ലം തീരക്കടലിൽ പ്രഖ്യാപിച്ചിരിക്കുന്ന മണൽഖനനം കേരളത്തിന്റെ തീരപ്രദേശത്തെ വീണ്ടും അശാന്തമാക്കിയിരിക്കുന്നു.നിർമ്മാണാവശ്യങ്ങൾക്കായുള്ള മുന്നൂറ് ദശലക്ഷം ടണ്ണിനടുത്ത് മണൽ ശേഖരം ഇവിടെയുണ്ടെന്നാണ് കണക്ക്.ആലപ്പുഴ,ചാവക്കാട്, പൊന്നാനി തുടങ്ങിയ തീരക്കടൽ മേഖലകളിലും മണൽശേഖരമുണ്ട്.മൈനിങ് മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച് തീരത്തുനിന്ന് ഇരുപത്തിയേഴ് മുതൽ മുപ്പത്തിമൂന്ന് വരെ കിലോമീറ്റർ പരിധിയിലുള്ള ഇരുനൂറ്റി നാൽപ്പത്തിരണ്ട് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ,അടിത്തട്ടിൽ നിന്ന് ഒന്നര മീറ്റർ ആഴം വരെയുള്ള മണൽ ശേഖരം ഖനനം ചെയ്യും.ഇത് ആഭ്യന്തര ഉപയോഗത്തിനോ കയറ്റുമതിക്കോ എന്നു വ്യക്തമല്ല.ഇങ്ങനെ ലഭിക്കുന്ന മണലിന്റെ വിലയും വ്യക്തമല്ല. ഖനനാവകാശം ലേലത്തിലൂടെ സ്വകാര്യ കമ്പനികളെ ഏൽപിക്കാനും ഖനന കാലാവധി 50 വർഷം വരെ നൽകാനും 2023 ൽ വരുത്തിയ നിയമ ഭേദഗതിയുടെ കേന്ദ്രസർക്കാരിന് അധികാരം ഉണ്ടാക്കിയിട്ടുണ്ട്. ഖനനത്തിന്റെ സാങ്കേതികവിദ്യയും അതിലെ വിദേശപങ്കാളിത്തവും ഖനനകാലയളവും ഇപ്പോഴും രഹസ്യമാണ്. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന കോർപ്പറേറ്റുകൾക്ക് ഖനനാനുമതി നൽകിയാൽ പാരി സ്ഥിതികവും സാമൂഹ്യവുമായ നീതി ഉറപ്പാക്കുമെന്ന് കരുതാനാവില്ല.സമുദ്രജലത്തിൽ നിന്ന് ഖനനം ചെയ്തെടു ക്കുന്ന മണൽ ശുദ്ധീകരിക്കാൻ എത്ര ശുദ്ധജലം വേണ്ടിവരുമെന്നോ അത് എവിടെ നിന്ന് ശേഖരിക്കുമെന്നോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.
കടലും അതിന്റെ അടിത്തട്ടും സവിശേഷമായ പരിസ്ഥിതിമേഖലയാണ്. തികച്ചും വ്യത്യസ്തമായ അടിത്തട്ട് ഭൂരൂപങ്ങളും ഭൗമ-കടൽ പ്രക്രിയകളും പ്രതിഭാസങ്ങളും ജൈവവൈവിധ്യവും പാരിസ്ഥിതികഘടകങ്ങളും ആവാസവ്യവസ്ഥയും അവയുടെ അനുസ്യൂതമായ തുടർച്ചയുമുള്ളതാണ് കടൽപരിസ്ഥതി.സവിശേഷമായ ഉപജീവനപ്രവത്തനങ്ങളും സംസ്കാരവുമുള്ള തീരദേശജനതയെ കടൽ മണൽ ഖനനം എങ്ങനെ ബാധിക്കുമെന്നത്
പരിശോധിച്ചിട്ടില്ല.ഖനനത്തിന്റെ പരിസ്ഥിതി ആഘാതം പഠിക്കാൻ ഖനനം നടത്താൻ പോകുന്ന കമ്പിനിയെത്തന്നെ ചുമതലപ്പെടുത്തിയതിന്റെ ഉദ്ദേശശുദ്ധിയേയും സംശയിക്കണം.
കൊല്ലം തീരക്കടലും അടിത്തട്ടും വളരെ സമ്പന്നമായ ജൈവവൈവിധ്യകേന്ദ്രങ്ങളാണ്.കൊല്ലം പരപ്പ് ഒരു ജൈവവൈവിധ്യ കലവറയാണ്. ഇതാണ് കൊല്ലം-ആലപ്പുഴ കടലിന്റെ ഉയർന്ന മത്സ്യ ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഈ മേഖലയിൽ പവിഴപ്പുറ്റുകളുടെ സാന്നിധ്യവുമുണ്ട്.തീരക്കടലിലെ സമ്പന്നമായ പാറപ്പാരുക ൾ മറ്റൊരു പ്രധാന ആവാസവ്യവസ്ഥയാണ്. ഒപ്പം ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്ന മേൽത്തളളൽ പ്രതിഭാസവും അതിനെ സ്വാധീനിക്കുന്നുണ്ട്. ഋതുഭേദങ്ങൾക്കനുസരിച്ചുണ്ടാകുന്ന കടലൊഴുക്കുകളും കടൽതാപനവും പരിഗണിക്കപ്പെടേണ്ടതുണ്ട്. കൊല്ലംപരപ്പും മറ്റൊരു ജൈവവൈവിധ്യ കലവറയായ വെഡ്ജ് ബാങ്കും മറ്റ് കടൽ ആവാ സവ്യവസ്ഥകളും ജൈവപരമായും കടൽപ്രക്രിയാപരമായും പരസ്പരബന്ധിതവും ഒന്നു മറ്റൊന്നിനാൽ പോഷി പ്പിക്കപ്പെടുന്നതുമാണ്.ഖനനം ഇവയെ എങ്ങനെ ബാധിക്കുമെന്നും ഉത്പാദനക്ഷമതയ്ക്ക് എന്ത് ആഘാതമുണ്ടാക്കുമെന്നും വിലയിരുത്തേണ്ടതുണ്ട്.ഖനനം മൂലം ഉണ്ടാകാവുന്ന കലക്കലും പ്രകമ്പനവും എത്ര ദൂരത്തിൽ, ജല ജീവികളെ എങ്ങനെയെല്ലാം ബാധിക്കുമെന്നും ഇനിയും മനസ്സിലാക്കിയിട്ടില്ല.വിവിധ ജിയോളജീയ കാലഘട്ടങ്ങളിലെ കടലേറ്റവും കടലിറക്കവും ഉൾപ്പെടെയുള്ള ഭൌമ പ്രക്രിയകൾ കടൽത്തീരത്തിന്റെയും മണൽത്തീര ത്തിന്റെയും രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നിർദ്ദിഷ്ട ഖനനം കടൽത്തീരത്തിന്റെ സുസ്ഥിരതയെ എങ്ങനെയെല്ലാം ബാധിക്കും എന്നും അറിയില്ല.ഇത് കേരളതീരത്തെ കൂടുതൽ ദുർബ ലമാക്കും.ഖനനം സംസ്ഥാന തീരത്തോ കേന്ദ്രാധികാരമേഖലയിലോ എന്നതല്ല,ഖനനം സൃഷ്ടിക്കുന്ന പാരി സ്ഥിതികസാമൂഹ്യ പ്രത്യഘാതങ്ങളാണ് ചർച്ചയിൽ വരേണ്ടത്. ആയതിനാൽ ഖനന നടപടിക്രമങ്ങൾ, കാലയളവ്, ഉത്പ്പാദിപ്പിക്കുന്ന മണലിന്റെ ഉപഭോക്താവ്,വില എന്നിവ അടിയന്തിരമായി പരസ്യപ്പെടുത്തണം. കടലിലെയും അടിത്തട്ടിലെയും ജൈവ വൈവിധ്യത്തേക്കുറിച്ചും ഖനനത്തിന്റെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചും പഠിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കിഴിലുള്ള വിദഗ്ദ്ധ സ്ഥാപനങ്ങളെ ഏൽപ്പിക്കണം.കടലിന്റെയും അടിത്തട്ടിന്റെയും അവിടുത്തെ ജൈവവൈവിധ്യ ത്തിന്റെയും പാരിസ്ഥിതികപ്രക്രിയകളുടെയും തീരദേശജനതയുടെ ഉപജീവന പ്രവൃത്തികളുടെയും ആവശ്യങ്ങ ളുടെയും സവിശേഷതകൾ കണക്കിലെടുത്ത് നേട്ടകോട്ട വിശ്ലേഷണം നടത്തണം.ഇത്തരം ശാസ്ത്രീയപഠനങ്ങളുടേയും അവയുടെ ജനകീയ ചർച്ചകളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് ഖനനവുമായി ബന്ധപ്പെട്ട ഏത് തീരുമനവും ഉണ്ടാകേണ്ടത്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശ മേഖലകൾ കൃത്യമായി രേഖപ്പെടുത്തി തീരസമുദ്ര മേഖലാ സ്പേഷ്യൽ പ്ലാനിംഗ് തയ്യാറാ ക്കണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.ഒപ്പം ഈ മേഖലയിൽ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികളോട് ഐക്യദാർഢ്യപ്പെടുകയും ചെയ്യുന്നു.
ടി.കെ. മീരഭായി
(പ്രസിഡൻറ്)
പി.വി ദിവാകരൻ
( ജനറൽ സെക്രട്ടറി )