വർദ്ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങൾ ആതുര സേവനരംഗത്തെ പരസ്പര വിശ്വാസ്യത തകർക്കും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

0

പത്രക്കുറിപ്പ്

ഇക്കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സർജൻ ഡോ. പി. ടി. വിപിനു നേരെ ഉണ്ടായ വധശ്രമത്തെ ശക്തമായി അപലപിക്കാൻ കേരളത്തിലെ പൊതുസമൂഹമൊന്നാകെ മുന്നോട്ടുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തന്റെ മകൾ മരണപ്പെട്ടതിലുള്ള ഒരച്ഛന്റെ സ്വാഭാവിക പ്രതികരണമായാണ് മാധ്യമങ്ങൾ  വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന ചെറുതും വലുതുമായ ആക്രമണങ്ങളുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്താൽ ഇപ്പോൾ നടന്ന സംഭവം കേവലം ഒറ്റപ്പെട്ട ഒരു വികാര പ്രകടനമായി കാണുന്നത് പ്രശ്നത്തിന്റെ ആഴവും അതിന്റെ അപകടകരമായ വിവിധ മാനങ്ങളും മനസ്സിലാക്കുന്നതിനു സഹായിക്കില്ല എന്നു ഞങ്ങൾ ഭയപ്പെടുന്നു.
ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷ ഉറപ്പാക്കുന്ന 2012 ലെ നിയമം ഡോ. വന്ദനാദാസിന്റെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് കൂടുതൽ ശക്തമാക്കുകയും, ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിയമം ശക്തിപ്പെടുത്തി നടപ്പിലാക്കിത്തുടങ്ങിയ 2023 നു ശേഷവും  എല്ലാ മാസവും വിവിധ ആശുപത്രികളിൽ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കെതിരെ കൈയേറ്റ ശ്രമങ്ങളോ, വാക്കാലുള്ള ആക്രമണങ്ങളോ നിരന്തരം ഉണ്ടാകുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.
തുടർച്ചയായ ആക്രമണവാർത്തകൾ ആരോഗ്യ പ്രവർത്തകരിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദം ആതുര സേവനമേഖലയിലെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാനിടയാകും; പ്രത്യേകിച്ച് രാത്രികാല ഡ്യൂട്ടികളിലേർപ്പെടുന്ന വനിതാ ജീവനക്കരുടെയും ഡോക്ടർമാരുടെയും കാര്യത്തിൽ. ഡോക്ടറും, രോഗിയും ബന്ധുക്കളും തമ്മിൽ രൂപപ്പെടുന്ന ആരോഗ്യകരമായ ബന്ധം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ്. എന്നാൽ നിരന്തരമായ മാനസിക സമ്മർദ്ദവും, രോഗികളുടെ എണ്ണത്തിലുള്ള വർധനവും ഡോക്ടർ – രോഗി ആശയവിനിമയത്തിനു തടസ്സമാകുകയും ആരോഗ്യകരമായ ബന്ധം വളരുന്നതിന് പകരം പലപ്പോഴും തെറ്റിദ്ധാരണകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും, ഫലപ്രാപ്തിയെക്കുറിച്ചുമുള്ള തെറ്റായ ധാരണകൾമൂലം ചികിത്സയുടെ ഫലം പ്രതീക്ഷിച്ചതുപോലെ അല്ലാതാകുമ്പോൾ ഉണ്ടാകുന്ന നിരാശ അക്രമത്തിലേക്കും വഴിമാറുകയാണ്.
പലപ്പോഴും രോഗത്തിന്റെയും ചികിത്സയുടെയും വസ്തുതാപരമായ കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള മാധ്യമ റിപ്പോർട്ടിംഗ് ആരോഗ്യപ്രവർത്തകരെ പൊതുസമൂഹത്തിനു മുന്നിൽ താഴ്ത്തിക്കെട്ടുന്നതിനും പൊതുജനങ്ങൾക്ക് അവരിലുള്ള വിശ്വാസം കുറയ്ക്കുന്നതിനും കാരണമാകും. ചികിത്സയ്ക്കിടെ സംഭവിക്കാനിടയുള്ള എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം മനുഷ്യന്റെ പിഴവുകളിലാണെന്ന് (Human factor) കരുതി രോഗത്തിന്റെയും ചികിത്സയുടെയും സങ്കീർണ്ണത മനസ്സിലാക്കാതെ, ഡോക്ടർമാരിൽ കുറ്റം ആരോപിക്കുന്നത് അവരെ ആക്രമണങ്ങൾക്ക് ഇരകളായി മാറ്റുന്നു. തെറ്റായ മാധ്യമ റിപ്പോർട്ടിംഗ് മൂലം ഉണ്ടാകുന്ന ഇത്തരം സ്ഥിതിവിശേഷവും പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട് എന്ന് ഞങ്ങൾ കരുതുന്നു. കേരളസമൂഹത്തിൽ നിർഭാഗ്യവശാൽ എല്ലാ തലത്തിലും പ്രായവ്യത്യാസമില്ലാതെ വർധിച്ച് വരുന്ന ആക്രമണ പ്രവണതയും ഈ ദുസ്ഥിതിക്ക് പശ്ചാത്തലം ഒരുക്കുന്നുണ്ട്.
ഡോക്ടർമാരുടെ സുരക്ഷയ്ക്കായി സർക്കാർ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. എങ്കിലും, താഴെ പറയുന്ന വാഗ്ദാനങ്ങൾ വൈകാതെ നടപ്പിലാക്കേണ്ടതുണ്ട്.

    ആശുപത്രികളെ പ്രത്യേക സുരക്ഷാമേഖലകളായി പ്രഖ്യാപിക്കുക.
    ട്രയേജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുകയും അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക.
    ഡോക്ടർ – രോഗി ആശയവിനിമയത്തിനു കൂടുതൽ പ്രാധാന്യം ലഭിക്കുന്ന നയപരമായ സമീപനം സ്വീകരിക്കുക.
    പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക.
    എല്ലാ ആശുപത്രികളിലും സി.സി.ടി.വി. നിരീക്ഷണം നിർബന്ധമാക്കുക.

സമൂഹത്തിന്റെ ആരോഗ്യത്തിനായി നിലകൊള്ളുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും ധാർമ്മിക ബാധ്യതയാണ്. ചികിത്സാബന്ധങ്ങളിൽ പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിൽ, ആരോഗ്യരംഗത്തെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സമഗ്ര നടപടികൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വകുപ്പിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിക്കുന്നു.

ടി. കെ. മീരാഭായ്
പ്രസിഡണ്ട്‌

പി. വി. ദിവാകരൻ
ജനറൽ സെക്രട്ടറി

10.10.2025

Leave a Reply

Your email address will not be published. Required fields are marked *