പ്രവർത്തനം നിർത്തി വെയ്പ്പിച്ച് പത്തനംതിട്ട ജില്ലയിലെ പാറമടകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക.

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 
പത്തനംതിട്ട ജില്ലാ കമ്മിറ്റി

കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയിൽ  ഉണ്ടായ അപകടം ഏറെ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ഹിറ്റാച്ചിക്കുമേൽ പാറ അടർന്നു വീണ്  അന്യസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികൾ മരണപ്പെട്ടത് സ്തോഭജനകമാണ്.

ഈ തൊഴിലാളികളുടെ ദാരുണ ദുരന്തത്തിൽ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അതീവമായി ദുഃഖിക്കുന്നു. നിയമങ്ങൾ ലംഘിച്ചും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയും ഖനനം നടത്താൻ പാറമട ഉടമയ്ക്ക് ഒത്താശ ചെയ്ത അധികൃതരുടെ അനാസ്ഥയിലും കൃത്യവിലോപത്തിലും പരിഷത്ത് ശക്തമായി പ്രതിഷേധിക്കുന്നു. മനുഷ്യത്വരഹിതമായ അനാസ്ഥയ്ക്കും നിയമലംഘനത്തിനും കാരണക്കാരായവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് പരിഷത്ത് അധികൃതരോട് അഭ്യർത്ഥിക്കുന്നു.

പത്തനംതിട്ട ജില്ലയിൽ പൊതുവേയും വനമേഖല കേന്ദ്രീകരിച്ചും അനേകം പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി നാശവും  ജൈവവൈവിധ്യ ശോഷണവും സൃഷ്ടിക്കുന്ന ഇവയെ സംബന്ധിച്ച് പരിഷത്ത് പല പ്രാവശ്യം മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്. എന്നാൽ പാറമട ഉടമകൾ ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനങ്ങളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുഗുണമാക്കി മാറ്റുന്ന പ്രവണത കാരണം ഉചിതമായ നടപടികൾ ഉണ്ടാകുന്നില്ല.

പരിസ്ഥിതി നാശം മൂലം അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും  ദുരന്തം വിതയ്ക്കുന്ന  വർത്തമാനകാലത്ത് പാറഖനനം സംബന്ധിച്ച്  വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ സമീപനം ഉണ്ടാകണം. അതിനായി ഒരു വിദഗ്ധ സമിതിയെ ഗവണ്മെൻ്റ് അടിയന്തിരമായി നിയോഗിക്കണം.

പഠന കാലയളവിൽ ഖനനം നിർത്തിവയ്ക്കുകയും തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സൗജന്യ റേഷനും സാമ്പത്തിക സഹായവും നൽകുകയും വേണം.

അടുത്ത കാലത്തായി നിർമ്മാണ മേഖലകളിൽ പണിയെടുക്കുമ്പോൾ ദുരന്തങ്ങൾക്കിരയാകുന്നവരിൽ മഹാഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്യാൻ ഇവർ  നിർബന്ധിക്കപ്പെടുന്നുവെന്ന് സംശയിക്കാവുന്ന സാഹചര്യമാണുള്ളത്. കേരളത്തിലെ നിർമ്മാണ മേഖലയിലെ ചൂഷണത്തിൻ്റെ ഇരകളാണ് ഇവർ. പാറമടകളെ പ്പറ്റി പഠിക്കുന്ന വിദഗ്ധ സമിതി ഈ മേഖലയിലെ അതിഥി തെഴിലാളികളുടെ ജീവിതാവസ്ഥയും പഠന വിഷയമാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ഗവണ്മെൻ്റിനോട് അഭ്യർത്ഥിക്കുന്നു.

ഡോ. കെ.പി. കൃഷ്ണൻകുട്ടി
കൺവീനർ
പരിസ്ഥിതി വിഷയ സമിതി

ഡോ. മാത്യു കോശി
ചെയർമാൻ
പരിസ്ഥിതി വിഷയ സമിതി

രാജൻ ഡി ബോസ്
ജില്ലാ സെക്രട്ടറി

പ്രൊഫ. കെ.എസ്. ശ്രീകല
ജില്ലാ പ്രസിഡൻ്റ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
പത്തനംതിട്ട ജില്ല

Leave a Reply

Your email address will not be published. Required fields are marked *

You may have missed