മതേതരവിരുദ്ധമായ ആശയം ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംക്രമിപ്പിക്കുക എന്ന ബോധപൂര്‍വ ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേരളത്തിലെ നാല് പ്രധാനപ്പെട്ട സര്‍വ കലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ സംബന്ധിച്ച ആശങ്കയും പ്രതിഷേധവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖപ്പെടുത്തുന്നു.
———————-
ജൂലായ് 27, 28 തീയതികളില്‍ ആര്‍.എസ്.എസ്സിന്റെ ആഭിമുഖ്യത്തിലുള്ള ജ്ഞാനസഭ കൊച്ചിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടി എന്ന പേരില്‍, കേരളത്തിലെ നാല് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് രാഷ്ട്രീയ-അക്കാദമികവൃത്തങ്ങളില്‍ ഗൗരവമായ ചര്‍ച്ചക്കും വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
ഡോ. മോഹന്‍ കുന്നുമ്മല്‍ (ആരോഗ്യ സര്‍വകലാശാല, കേരള സര്‍വകലാശാല വി.സി. ഇന്‍ ചാര്‍ജ്), ഡോ. പി.രവീന്ദ്രന്‍ (കോഴിക്കോട് സര്‍വകലാശാല), പ്രൊഫ. സാജു.കെ.കെ. (കണ്ണൂര്‍ സര്‍വകലാശാല), പ്രൊഫ. എ.ബിജുകുമാര്‍ (കുഫോസ്) എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
ഭരണഘടനയുടെ അടിസ്ഥാനതത്വമായ മതേതരത്വത്തെ മുറുകെപ്പിടിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അക്കാദമികവും ഭരണപരവുമായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന നടപടിയാണിത്. തദ്ദേശീയ അറിവ് പാരമ്പര്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തേണ്ട തിന്റെ ആവശ്യകത അംഗീകരിക്കുമ്പോഴും, അതിന് മതപരമായോ രാഷ്ട്രീയമോ ആയ നിറംനല്‍കുന്ന നടപടികള്‍ ആപത്കരമാണ്.
വിഭിന്ന ജാതി-മത വിഭാഗങ്ങള്‍ ഏറെക്കുറെ തുല്യ അനുപാതത്തില്‍ ഐക്യത്തോടെ വസിക്കുന്ന പ്രദേശമാണ് കേരളം. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാ ചേരിതിരിവുകളേയും പടിക്കുപുറത്ത് നിര്‍ത്തി മുഴുവന്‍ വിഭാഗങ്ങള്‍ക്കും അവസരസമത്വവും സാമൂഹികനീതിയും പ്രദാനംചെയ്യുന്നുണ്ട്.
ഇവിടുത്തെ ഭരണത്തലവന്മാര്‍ എന്ന നിലക്ക് വൈസ് ചാന്‍സലര്‍മാര്‍ ജനാധിപത്യ മതേതര സങ്കല്പങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരാണ്. ഏതെങ്കിലും ഒരു ജാതി-മതവിഭാഗത്തിന്റെ പിണിയാളുക ളാണ് അവര്‍ എന്ന നേരിയ പ്രതീതിപോലും പൊതുജനസമക്ഷം ഉണ്ടാകുവാന്‍ അവരുടെ ചെയ്തികള്‍ കാരണമാകരുത്.
ഉന്നതവിദ്യാഭ്യാസത്തിന്റെ ഭരണപരവും അക്കാദമികവുമായ ഉള്‍പിരിവുകളെ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വിധേയമാക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് കൊച്ചിയിലെ ഉച്ചകോടിയില്‍ നടന്നതെന്നാണ് മാധ്യമ വാര്‍ത്തകളില്‍നിന്ന് അറിയുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസമാതൃക, സമത്വം, മതനിരപേക്ഷത, അക്കാദമിക് മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ വളര്‍ന്നതാണ്. ഈ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും ശക്തിപ്പെടുത്തപ്പെടേ ണ്ടതുമാണ്.
ഭരണഘടനയില്‍ ഉള്‍ക്കൊള്ളുന്ന സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിനെ മാനിച്ച്, വിദ്യാഭ്യാസ നയങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ വൈവിധ്യ സാംസ്‌കാരിക ഘടനയെ പ്രതിഫലിപ്പിക്കേണ്ടതുണ്ട്.
സംസ്ഥാന ഗവര്‍ണര്‍പദവി ഭരണഘടനയ്ക്ക് വിധേയമാണ് എന്നിരിക്കെ ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമ്മേളനത്തില്‍ അതിന്റെ പരമോന്നത പദവിയിലിരിക്കുന്ന ഒരു നേതാവിന്റെ സാന്നിധ്യത്തില്‍ ഉടനീളം പങ്കെടുത്തത് രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളില്‍ ഉണ്ടാക്കുന്ന അരക്ഷിത ബോധത്തെക്കുറിച്ച് പ്രസ്തുത വൈസ് ചാന്‍സലര്‍മാര്‍ ആലോചിക്കാതെ പോയത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
ഈ പശ്ചാത്തലത്തില്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടന വര്‍ഗീയവും  മതേതരവിരുദ്ധവുമായ ആശയം ഉന്നതവിദ്യാഭ്യാസമേഖലയില്‍ സംക്രമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേരളത്തിലെ നാല് പ്രധാനപ്പെട്ട സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെ സംബന്ധിച്ച ആശങ്കയും പ്രതിഷേധവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രേഖപ്പെടുത്തുന്നു.

പ്രസിഡണ്ട്‌
ടി.കെ.മീരാഭായ്
പി.വി.ദിവാകരന്‍                              ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *