ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്
05 ജനുവരി 2024
ദേശീയശാസ്ത്രകോൺഗ്രസിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂടം ഇന്ത്യയുടെ ഭാവി വികസന സാധ്യതകളെ അടച്ചുകളയുകയാണ്. അത് ശാസ്ത്രഗവേഷണ മേഖലയോടുള്ള അവഗണനയുടെ പ്രതിഫലനവും ആണ്. ഒരു വികസ്വരരാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായത്തോടെ മാത്രമേ മെച്ചപ്പെട്ട ഒരു ഭാവി നിർമ്മിച്ചെടുക്കുക സാധ്യമാവുകയുള്ളൂ എന്ന നയം സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതൽ കേന്ദ്രഭരണകൂടം പിന്തുടരുന്നതാണ്. ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇതിനായി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ കാർഷികോത്പാദനം വർദ്ധിപ്പിക്കുകയും വ്യവസായശാലകൾ ആരംഭിച്ച് ഉത്പാദനവും തൊഴിലവസരങ്ങളും വർദ്ധി പ്പിക്കുകയും വിവിധതരം ഗവേഷണസ്ഥാപനങ്ങൾ സ്ഥാപിച്ചുകൊണ്ട് വൈജ്ഞാനികഗവേഷണത്തിന് മുൻ തൂക്കം കൊടുക്കുകയും ചെയ്യുക എന്ന നയം ദീർഘകാലമായി ഇന്ത്യ പിന്തുടർന്നിരുന്നു. എന്നാൽ സംഘപരി വാർ ശക്തികൾ അധികാരത്തിൽ വന്നതിനെത്തുടർന്ന് ആധുനികശാസ്ത്രത്തിന് എതിരായ നീക്കങ്ങൾ തുറന്നു തന്നെ ആരംഭിച്ചിരുന്നു. അതിന്റെ ആദ്യഭാഗം എന്ന നിലയിൽ ശാസ്ത്രകോൺഗ്രസിന്റെ വേദികളിൽ അശാസ്ത്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അതിന് ഭരണകൂടപിന്തുണ ഉറപ്പാക്കുകയും ചെയ്തു. അതേ തുടർന്ന് പാഠപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രവും ചരിത്രവും എടുത്തുമാറ്റുന്ന തീരുമാനവും ഉണ്ടായി. ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പകരമായി പുരാണങ്ങളിലേയും കെട്ടുകഥകളിലേയും ആശയങ്ങളും വിശ്വാസപ്രമാണങ്ങളും വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ തുടർച്ചയായിത്തന്നെയാണ് ഇപ്പോൾ ശാസ്ത്രകോൺഗ്രസിന് ധനസഹായം നിഷേധിച്ചതിനെ കാണേണ്ടത്. ഒരു നൂറ്റാണ്ടിൽ അധികം കാലം മുടക്കം കൂടാതെ നടന്ന പാരമ്പര്യമുണ്ട് ശാസ്ത്രകോൺഗ്രസിന്. അതാണ് ഈ വർഷം നടക്കാതെ പോകുന്നത്. ശാസ്ത്രകോൺഗ്രസിന് ഫണ്ട് നിഷേധിക്കുക മാത്രമല്ല സർക്കാരിന്റെ ഇഷ്ടക്കാരായ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ശാസ്ത്രപ്രചാരണത്തിന്റെ പേരിൽ തന്നെ വലിയ തോതിൽ ധനസഹായം നൽകുന്നുമുണ്ട്. അതിന്റെ ലക്ഷ്യം ശാസ്ത്രപ്രചാരണം അല്ലെന്നും ശാസ്ത്രവിജ്ഞാനത്തിന് പകരം പുരാണ കഥകളെ സ്ഥാപിക്കുകയാണെന്നും സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ശാസ്ത്രഗവേഷണം മുടങ്ങിയാൽ അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സാമ്പത്തികസുസ്ഥിരതയെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത അവസരങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യതകളെയും ഒക്കെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശാസ്ത്രത്തെയും ശാസ്ത്രാധിഷ്ഠിത വളർച്ചയെയും നിരാകരിക്കുന്ന ഒന്നാണ് ഈ നടപടി. അതേസമയം ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിലേ ജനാധിപത്യവും ആരോഗ്യകരമായി പുലരുകയുള്ളൂ എന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന് എതിരായ നീക്കങ്ങൾ അടിസ്ഥാനപരമായി ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. ആ നിലയ്ക്ക് ശാസ്ത്രകോൺഗ്രസിന് ധനസഹായം നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. ശാസ്ത്രകോൺഗ്രസ്സ് സംഘടിപ്പിക്കുകയും അടുത്തയിടെ നടന്നത് പോലെ അശാസ്ത്രീയത ഉൾക്കൊള്ളുന്ന പ്രബന്ധങ്ങൾ അവതരിപ്പിക്കാതെ നോക്കുകയും വേണം. ശാസ്ത്രകോൺഗ്രസിന് എതിരായ കേന്ദ്രസർക്കാരിൻറെ നടപടിക്കെതിരെ അക്കാദമികസമൂഹവും ജനാധിപത്യലോകവും ഐക്യത്തോടെ രംഗത്ത് വരണമെന്നും പരിഷത്ത് അഭ്യർത്ഥിക്കുന്നു.
ബി.രമേശ് (പ്രസിഡന്റ്)
ജോജി കൂട്ടുമ്മേൽ (ജനറൽ സെക്രട്ടറി