പുസ്തക പ്രകാശനവും യുദ്ധ ഭീകരതയ്ക്കെതിരായി കലാകാര സംഗമവും..
ശാസ്ത്രകലാ ജാഥയുടെ ചരിത്രഗാഥ പ്രകാശനം ചെയ്തു.
തൃശൂർ : എൻ. വേണുഗോപാലൻ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രകലാ ജാഥയുടെ നാലര ദശകത്തിൻ്റെ ചരിത്രം
“ശാസ്ത്രകലാ ജാഥയുടെ ചരിത്രഗാഥ” പ്രകാശനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി തൃശൂർ കേന്ദ്രമായ ഡോ.ജോൺ മത്തായി സെന്റർ ഡയറക്ടറും സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ ഡോ.ശ്രീജിത്ത് രമണൻ അങ്കണവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എ.ആർ സിന്ധുവിന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. ഒക്ടോബർ രണ്ട് ശനിയാഴ്ച തൃശൂർ വിവേകോദയം ബോയ്സ് സ്കൂളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന പുസ്തക പ്രകാശന പരിപാടി അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. ടി .വി .വേണുഗോപാൽ പുസ്ത പരിചയപ്പെടുത്തി. സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളി, വൈ.ചെയർപേഴ്സൺ പുഷ്പാവതി പൊയ്പ്പാടത്ത്, കലാമണ്ഡലം രചിതാ രവി, പരിഷത്ത് സംസ്ഥാന ട്രഷറർ കെ.വിനോദ് കുമാർ, പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രദോഷ് കുനിശ്ശേരി എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ എൻ. വേണുഗോപാലൻ രചനാനുഭവം പങ്കു വെച്ചു. തൃശൂർ ജില്ലാ ശാസ്ത്രാവബോധ സമിതി കൺവീനർ സി .ബാലചന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി ഐ.കെ മണി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് മുമ്പ് പരിഷത്തിന്റെ ആദ്യകാല നാടക പ്രവർത്തകർ അവതരിപ്പിച്ച ബ്രെഹിറ്റിന്റെ വിഖ്യാത കവിതയായ “എന്തിന്നധീരത” യുടെ ദൃശ്യാവിഷ്കാരം സദസ്സ് ആവേശത്തോടെ ഏറ്റെടുത്തു.
ഉച്ചതിരിഞ്ഞ്
യുദ്ധഭീകരതക്കെതിരെ നടന്ന കലാകാരസംഗമത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും വിവിധ കലാപരിപാടികളും അരങ്ങേറി.
പരിഷത്ത് പ്രവർത്തകർ അവതരിപ്പിച്ച മാജിക്ക് ഷോ, നാടൻ പാട്ടുകൾ, ഗാനാലാപനങ്ങൾ, കോലഴി നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച ഡോ.ഷീലയുടെ ഏക പാത്ര നാടകവും, മുരളി അടാട്ട് രചനയും സംവിധാനവും നിർവ്വഹിച്ച് ഷീലാമണി രംഗത്തവതരിപ്പിച്ച ഏക പാത്ര നാടകവും മികവുറ്റതായിരുന്നു. പരിപാടിയോടനുബന്ധിച്ച്
ജില്ലയിലെ മുതിർന്ന കലാകാരന്മാരെ ആദരിച്ചു.
തൃശൂർ ജില്ലാ പ്രസിഡണ്ട് ഡോ.സി എൽ ജോഷി, സെക്രട്ടറി അഡ്വ.ടി.വി രാജു, കല സംസ്കാരം ഉപസമിതി കൺവീനർ പ്രിയൻ ആലത്ത് എന്നിവർ സംസാരിച്ചു.