കെ.വി.രഘുനാഥൻ മാഷിനെ അനുസ്മരിച്ചു

0

20/06/24 തൃശൂർ

ഈ ലോകത്ത് എൻ്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ടയാൾ ഞാനായിരുന്നു. അച്ഛൻ എൻ്റെ കാര്യങ്ങൾക്ക് എന്നും മുന്തിയ പരിഗണന നൽകി. വലിയ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമ്പോഴും ഞാനുൾപ്പെട്ട കുടുംബത്തിൻ്റെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പോലും അദ്ദേഹം വലിയ ശ്രദ്ധയും പ്രാധാന്യവും നൽകി.
അല്ലെങ്കിൽ, അങ്ങിനെ ഞങ്ങൾക്ക് തോന്നിക്കും വിധം സ്നേഹവും പരിഗണനയും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹവുമായി ഇടപെട്ട സമൂഹത്തിലെ ആർക്കും ഈ തോന്നലുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിൻ്റെ നേട്ടം. ഒരിക്കൽ പരിചയപ്പെട്ട ആർക്കും അദ്ദേഹത്തെ എളുപ്പം മറക്കാനാകില്ല”
ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുൻനിര പ്രവർത്തകനായിരുന്ന കെ.വി.രഘുനാഥൻ മാഷെ അനുസ്മരിക്കാൻ വേലൂർ ഗ്രാമകം ഹാളിൽ ചേർന്ന യോഗത്തിൽ അദ്ദേഹത്തിൻ്റെ ഏകമകൾ ഡോ.ശുഭ നരസിംഹൻ തേങ്ങലടക്കാൻ പാടുപെട്ടുകൊണ്ട് ഗദ്ഗദകണ്ഠയായി സംസാരിക്കുകയായിരുന്നു. “എല്ലായിടത്തും ഞാൻ മുമ്പിലാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. ആകാശമാണ് പരിധി എന്നദ്ദേഹം പറയുമായിരുന്നു. എന്നെ മലയാളം മീഡിയം സ്കൂളിലാണ് പഠിപ്പിച്ചത്. എന്നാൽ ഇംഗ്ലീഷിൽ ഞാൻ മോശമാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന് വേണ്ടി ആഴ്ചയിൽ 2 ദിവസം വീട്ടിൽ എല്ലാവരും ഇംഗ്ലീഷിൽ ആശയവിനിമയം നടത്തണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അച്ഛനോടൊപ്പം അമ്മയുടെയും ശക്തമായ പിന്തുണ കൊണ്ടാണ് ഞാൻ ഇന്നീ നിലയിൽ എത്തിയത് ” അമേരിക്കൻ പൗരത്വമുള്ള അവർ പറഞ്ഞു. അവരുടെ ഭർത്താവ് ഡോ.നരസിംഹനും സംസാരിച്ചു. അദ്ദേഹം തനിക്ക് അമ്മായി അച്ചൻ ആയിരുന്നില്ല; അച്ഛൻ തന്നെയായിരുന്നു എന്ന് ഡോ.നരസിംഹൻ അനുസ്മരിച്ചു. രഘുനാഥൻ മാഷിൻ്റെ നർമ്മബോധവും സരസഭാഷണവും ഉദാഹരണസഹിതം അദ്ദേഹം ഓർത്തെടുത്തു.
1962ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ആളാണ് രഘുനാഥൻ മാഷ്. പരിഷത്ത് രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത മറ്റാരും ഇന്ന് ജീവിച്ചിരിപ്പില്ല. സംസ്ഥാന വൈസ് പ്രസിഡന്റ്, ഗ്രാമശാസ്ത്രസമിതി കൺവീനർ, ശാസ്ത്രകേരളം മാസികയുടെ എഡിറ്റർ എന്നീ വിവിധ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. പരിഷത്തിന് സാധാരണക്കാർക്കിടയിൽ വേരോട്ടമുണ്ടാക്കാൻ അവിശ്രമം അധ്വാനിച്ച മനുഷ്യസ്നേഹിയെയാണ് രഘുനാഥൻ മാഷിൻ്റെ മരണത്തോടെ നമുക്ക് നഷ്ടമായത്. ജനങ്ങളോട് സമർത്ഥമായി ആശയവിനിമയം നടത്തിയ ചുരുക്കം ചിലരിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ഗതാഗത സൗകര്യവും ഫോൺ സൗകര്യവും പരിമിതമായ കാലത്ത് കണ്ണൂർ ജില്ലയിലെമ്പാടും അദ്ദേഹം നടന്നുകൂട്ടിയ കാതങ്ങൾക്ക് കണക്കില്ല! സ്കൂൾ അധ്യാപകനായി പ്രവർത്തിക്കുമ്പോഴും കൃത്യമായ രാഷ്ട്രീയബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ നിർഭയം പ്രവർത്തിച്ചയാളായിരുന്നു രഘുനാഥൻ മാഷ്…
ഇത്തരത്തിലാണ് യോഗത്തിൽ സംസാരിച്ചവരെല്ലാം അദ്ദേഹവുമായുള്ള ഓർമ്മകൾ അയവിറക്കിയത്…
വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ. ഷോബി അധ്യക്ഷത വഹിച്ചു. ഡോ.കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ.കെ.ആർ.ജനാർദനൻ, പി.കെ.രാജൻ, എ.പി.സരസ്വതി, എ.എൻ.സോമനാഥൻ, ടി.ആർ.മോഹനൻ, ജെയ്സൺ, മണി അധികാരിവീട്ടിൽ, ടി.എസ്.നിർമൽ കുമാർ, രാജി അധികാരിവീട്ടിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *