ജീവജലത്തിന്റെ വിവരപുസ്തകം
‘ശാസ്ത്രഗതി’ 2025 സെപ്റ്റംബർ ലക്കത്തിന്റെ ഉള്ളടക്കത്തെപ്പറ്റി.
_(ഇപ്പോൾ വില്പനയിൽ)_
“ഓരോ വ്യക്തിയും ദിനംപ്രതി മുപ്പതിനായിരംകോടി കോളിഫോം ബാക്ടീരിയ വിസർജ്യത്തിലൂടെ പുറംതള്ളും! മലം ഉൾപ്പെടുന്ന ഓരോ മില്ലീലിറ്റർ മലിനജലത്തിലും ഏകദേശം 7,50,000 കോളിഫോം ബാക്ടീരിയ! അതുകൊണ്ട്, കേന്ദ്രീകൃത മലിനജല നിർമ്മാർജനസംവിധാനമില്ലാത്ത ഇടങ്ങളിൽ കുഴികക്കൂസുകൾ ഒഴിവാക്കി സെപ്റ്റിക് ടാങ്ക് സ്ഥാപിക്കണം. അല്ലെങ്കിൽ, കക്കൂസ് കുഴികൾ ഭൂഗർഭജലവിതാനത്തിനു വളരെ ഉയരെ അവസാനിക്കണം; കിണറുമായി സുരക്ഷിത അകലം ഉറപ്പാക്കണം. ജൈവപദാർഥങ്ങളടങ്ങിയ വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്പോൾ ട്രൈഹാലോമീഥെയിൻസ് പോലുള്ള ഹാലോജിനേറ്റഡ് ജൈവസംയുക്തങ്ങൾ ഉണ്ടാകാം; ഇവയിൽ ചിലത് കാൻസർകാരകമാണ്.” ഇത്തവണത്തെ (2025 സെപ്റ്റംബർ) *ശാസ്ത്രഗതി’* മാസികയിലെ ഒരു ബോക്സ് ഐറ്റത്തിലെ ഹൈലൈറ്റാണിത്. നമ്മുടെ കുടിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പ്.
ഭൂമിയിലെ ജീവന്റെ നിലനില്പിന് ആധാരമായ ജലത്തിന്റെ കരയിലെ രണ്ടു സുപ്രധാനസഞ്ചയങ്ങളിൽ ഒന്നായ ഭൂഗർഭജലത്തെപ്പറ്റിയുള്ള പ്രത്യേകപതിപ്പാണ് ഈ ലക്കം ‘ശാസ്ത്രഗതി’. അതോടൊപ്പം, ഗവേഷണപ്രബന്ധങ്ങളിലെ തട്ടിപ്പുകളുടെ അപകടം ചർച്ചചെയ്യുന്ന ഡോ. എലിസബത്ത് ബിക്കിന്റെ അഭിമുഖവും ഗിൽബർട്ട് സ്ലേറ്ററുടെ സാമൂഹികസാമ്പത്തിക പഠനരീതിശാസ്ത്രം പരിചയപ്പെടുത്തുന്ന ലേഖനവും ഈ ലക്കത്തിലെ പ്രധാനവിഭവങ്ങളാണ്.
ഭൂഗർഭജലനിയന്ത്രണ നിയമം സംസ്ഥാനത്ത് നടപ്പാക്കിയെങ്കിലും അത് ഭൂഗർഭജലാവകാശവും വിനിയോഗവും സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പോന്നതല്ലെന്ന് ഓർമ്മിപ്പിക്കുന്ന മുഖക്കുറിപ്പോടെയാണ് മാസിക തുടങ്ങുന്നത്.
വൻതോതിൽ ഭൗമജല പുനഃപൂരണത്തിനും ഭൂഗർഭജല പുനഃപൂരണത്തിനും പറ്റിയ കിണറുകളും കുഴൽക്കിണറുകളും കേരളത്തിലൊട്ടാകെ നിർമ്മിച്ചാൽ പല പ്രശ്നത്തിനും പരിഹാരമാകുമെന്ന് ‘ഭൗമജലവും ഭൂഗർഭജലവും’എന്ന ലേഖനത്തിൽ ഡോ. എം പി പരമേശ്വരൻ ചൂണ്ടിക്കാട്ടുന്നു. തീവ്രമായ പെയ്ത്തുകാലത്തു വെള്ളപ്പൊക്കത്തിന്റെ തീവ്രതയും വേനലിൽ ജലക്ഷാമവും കുറയ്ക്കാൻ ഇതു സഹായിക്കും. അങ്ങനെ, മഴയുടെ അപ്രവചനീയതയ്ക്കതീതമായി, പെയ്തുകഴിഞ്ഞ വെള്ളം പരമാവധി ശേഖരിക്കുകയും നിയന്ത്രിതമായി ഉപയോഗിക്കുകയുംവഴി കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം ഒട്ടൊക്കെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ഡോ. ഷാജി ഇ എഴുതിയ ‘കേരളത്തിലെ ഭൂഗർഭജലസവിശേഷത: അറിവും അറിയേണ്ടതും’ എന്ന ലേഖനമാണ് പിന്നാലെ. എം പി പങ്കുവച്ച ആശയം അടിവരയിട്ടുറപ്പിക്കുന്ന ഈ ലേഖനം ഉപരിതലജലം, ഭൂഗർഭജലം തുടങ്ങിയവയുടെ ശാസ്ത്രവും പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകളുംകൊണ്ടു സമ്പന്നമാണ്.
സംസ്ഥാനത്തെ ഭൂരിപക്ഷം തുറന്ന കിണറുകളിലും പ്രത്യേകിച്ച്, തീരദേശകിണറുകളിൽ, ബാക്ടീരിയ ഇ-കോളി മലിനീകരണം വ്യാപകമാണെന്നും ചില മേഖലകളിൽ നൈട്രേറ്റ്, ഫ്ലൂറൈഡ്, ഇരുമ്പ്, സോഡിയം, ലവണാംശം തുടങ്ങിയവ അനുവദനീയമായതിലുമധികം കാണുന്നുവെന്നും ലേഖനം പറയുന്നു. കേരളത്തിൽ 70% മുതൽ 90% വരെ ഭൂഗർഭജലവികസനം നടക്കുന്ന 29 ബ്ലോക്കുകൾ അർധഗുരുതരനിലയിലും 90%-ത്തിലധികം ഭൂഗർഭജലവികസനം നടക്കുന്ന മൂന്നു ബ്ലോക്കുകൾ ഗുരുതരനിലയിലുമാണ്. വ്യാപകമായ മേൽമണ്ണു നീക്കംചെയ്യൽ കേരളത്തിൽ ഭൂഗർഭജലചോർച്ച വർധിപ്പിക്കുന്നുവെന്നും ഡോ. ഷാജി വ്യക്തമാക്കുന്നു.
പ്ലാച്ചിമടയിലെ കൊക്കൊകോള ഫാക്ടറിയുടെ ജലചൂഷണവും മലിനീകരണവും കാരണം 216.26 കോടി രൂപയ്ക്കു തുല്യമായ പരിസ്ഥിതിനഷ്ടം ഉണ്ടായ അനുഭവം പ്രത്യേകകുറിപ്പായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂഗർഭജലത്തെ പൊതുസഞ്ചയ വിഭവമായി കണക്കാക്കി അനുയോജ്യമായ നിയമങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ പൊതുവിഭവ ദുരന്തത്തിൽ കലാശിക്കാമെന്ന മുന്നറിയിപ്പാണ് കെ ജെ ജോയ് എഴുതിയ ‘ഭൂഗർഭജലം: പൊതുവിഭവസ്വഭാവവും ഭരണപരമായ പ്രശ്നങ്ങളും’എന്ന ലേഖനം. ഭൂമിയെയും അതിനടിയിലെ ഭൂഗർഭജലത്തെയും വെവ്വേറെ കാണണം. പക്ഷേ, ആ വ്യവസ്ഥ രാജ്യത്തില്ല. പൊതുവുടമസ്ഥതയിലുള്ള ഉപരിതലജലം ജലസ്തരങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയോ സർക്കാരോ സമൂഹമോ റീച്ചാർജ് ചെയ്തോ ഭൂഗർഭജലമായി മാറുമ്പോൾ അതിന്റെ ഉടമസ്ഥാവകാശം സ്വകാര്യമായി മാറുന്നു! ഭൂഗർഭജലത്തിന്റെ അവകാശം ഇന്നു ഭൂവുടമകൾക്കാണ്. ഇത് ഭൂരഹിതലക്ഷങ്ങൾക്ക് കുടിവെള്ളത്തിനുള്ള അവകാശം നിഷേധിക്കുന്നു. ഹനിക്കപ്പെടുന്നത് ജനങ്ങളുടെ മൗലികാവകാശമാണ്.
അതുകൊണ്ട്, ഭൂഗർഭജലത്തെ ആവാസവ്യവസ്ഥയിലെ പൊതുവിഭവമായി പരിഗണിച്ച് അതിന്റെ ശാസ്ത്രീയ വിശകലനവും വികസനാസൂത്രണവും പരിപാലനവും സൂക്ഷ്മ നീർത്തടാടിസ്ഥാനത്തിലാക്കണമെന്ന ആശയം ലേഖനം പങ്കുവയ്ക്കുന്നു. ജലസംരക്ഷണ വിനിയോഗത്തെക്കുറിച്ച് നിയമങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തുകയും അത് പാലിക്കുകയും ചെയ്ത ഗ്രാമങ്ങൾക്കും സൂക്ഷ്മനീർത്തടങ്ങൾക്കും മാത്രമാണ് ഭൂഗർഭജലത്തിന്റെ ഉപയോഗം, വാർഷിക ജലലഭ്യതയ്ക്കുള്ളിൽ നിലനിർത്താൻ കഴിഞ്ഞിട്ടുള്ളത്. ഇത് അടിസ്ഥാന സമീപനമാക്കി പരിഷ്കരിച്ച നയനിയമഘടന ഭൂഗർഭജലത്തിന്റെ സുസ്ഥിരവും തുല്യവുമായ ഉപയോഗത്തിന് ആവശ്യമാണെന്നു ലേഖനം നിർദേശിക്കുന്നു.
ഇക്കാര്യത്തിൽ ഊന്നുന്ന എഡിറ്റോറിയൽ, ഭരണഘടനയുടെ 243ജി, 243ഡബ്ല്യു വകുപ്പുകൾ പ്രകാരം ഭൂഗർഭജലത്തിന്റെ നിയന്ത്രണം ഗ്രാമസഭകളിലും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നിക്ഷിപ്തമാക്കാൻ വ്യവസ്ഥ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു.
‘സമുദ്രാന്തർഭാഗത്തേക്കുള്ള ഭൂഗർഭജലപ്രവാഹം’എന്ന ഡോ. ഡി എസ് സുരേഷ്ബാബുവിന്റെ ലേഖനം ഭൂഗർഭജലം കടലിലേക്കും തിരികെയും വ്യാപിക്കുന്നതിന്റെ ശാസ്ത്രവും പ്രാധാന്യവും വിശദീകരിക്കുന്നു. ഉഷ്ണമേഖലയിലെയും തണുത്ത മേഖലയിലെയും ഈ പ്രവാഹത്തിന്റെ സവിശേഷതകളിലൂടെ ആഗോള പ്രവണതകളും ഇന്ത്യൻ തീരങ്ങളിലെ സാഹചര്യവും കേരളതീരത്തെ അവസ്ഥയും ലേഖനം ചർച്ചചെയ്യുന്നു. കടൽത്തീരപ്രദേശത്തെ സ്ഥിരമായ കുടിവെള്ളനഷ്ടം, രാസഭൗതിക മലിനീകരണഭാരത്തിന്റെ കൈമാറ്റംമൂലമുള്ള പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയ്ക്കും യൂട്രോഫിക്കേഷൻ, ആൽഗൽ ബ്ലൂംമൂലമുള്ള കടലോരത്തെ ചുവപ്പ്, പച്ച നിറഭേദങ്ങൾ, ചാകര രൂപവൽക്കരണം, മീഥേൻ ഉദ്ഭവം, തീരദേശമേഖലയിലെ ബീച്ച് വിപുലീകരണം എന്നിവയ്ക്കും ഒരു പ്രദേശത്തിന്റെ ജലസന്തുലിതാവസ്ഥയ്ക്കും കടൽജല-ഓരുജല ഗുണനിലവാരത്തിനും ജൈവവൈവിധ്യവും പ്രകൃതിയിലുള്ള മത്സ്യനഴ്‌സറികളും നിലനിർത്തുന്നതിനുമെല്ലാം ഭൂഗർഭജലത്തിന്റെ ഈ പ്രവാഹം കാരണമാണ്. തീരദേശ തണ്ണീർത്തടങ്ങളെയും ലവണജല ആവാസ വ്യവസ്ഥകളെയും ബന്ധിപ്പിക്കുന്നതും കാർബൺ, നൈട്രജൻ, ഇരുമ്പ്, സിലിക്ക തുടങ്ങി ധാരാളം വസ്തുക്കൾ കരയിൽനിന്നു കടലിലേക്കു കൈമാറ്റം ചെയ്യുന്നതും ഈ ഭൂഗർഭജല പ്രവാഹമാണ്. ഭൂഖണ്ഡങ്ങളിൽനിന്ന് സമുദ്രങ്ങളിലേക്കു കൈമാറുന്ന ഭൂഗർഭജലം നദികളിലൂടെ കടലിൽ എത്തുന്ന ശുദ്ധജലംപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണെന്നു സമീപകാലത്ത് അംഗീകരിക്കപ്പെട്ട കാര്യവും ലേഖകൻ ശ്രദ്ധയിൽപ്പെടുത്തുന്നു. ഇതെല്ലാംകൊണ്ടുതന്നെ, കാലാവസ്ഥാവ്യതിയാനത്തിന്റെ കാലത്ത് നാം അറിയേണ്ട സുപ്രധാനവിവരങ്ങളുടെ സഞ്ചയമായ ലേഖനം ഗൗരവപൂർവം വായിക്കേണ്ട ഒന്നാണ്. ലേഖനത്തിനു പിന്നാലെ ‘ഭൂഗർഭജലനിയന്ത്രണനിയമ’ത്തെപ്പറ്റി സമഗ്രമായ ഒരു കുറിപ്പുമുണ്ട്.
ഡോ. എലിസബത്ത് ബിക്കിന്റെ ചിത്രം മുഖച്ചിത്രമായ ഈ ലക്കത്തിലെ കവർ സ്റ്റോറി ’ശാസ്ത്രഗവേഷണമേഖലയും പേപ്പർ മിൽസ് പ്രതിഭാസവും’എന്ന ശീർഷകത്തിലുള്ള ബിക്കിന്റെ അഭിമുഖമാണ്. നെതർലാൻഡ്സ് ഗവേഷകയായ ബിക് ലോകത്തെ നാല്പതു പ്രമുഖജേണലുകളിലെ 20,621 പ്രബന്ധങ്ങൾ പരിശോധിച്ചു. ഇരുപത്തഞ്ചിൽ ഒന്നെന്ന കണക്കിന് തട്ടിപ്പു കണ്ടെത്തി! ക്രമേണ അവർ സയൻസ് ഗവേഷണമേഖലയിലെ പൂർണ്ണസമയ ‘സൂപ്പർ ഡിറ്റക്ടീവാ’യി. ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ വർധിച്ചുവരുന്ന ഗവേഷണത്തട്ടിപ്പുകളുടെ അപകടങ്ങളിലേക്ക് അഭിമുഖം വെളിച്ചം വീശുന്നു. ശാസ്ത്രഗതി എഡിറ്റോറിയൽ ടീം നടത്തിയ ഓൺലൈൻ അഭിമുഖം ഡോ. യു നന്ദകുമാറാണു തർജമ ചെയ്തത്.
ദക്ഷിണേന്ത്യൻ സാമൂഹിക ജീവിതവികാസ ചരിത്രത്തിൽ താൽപര്യമുള്ളവർക്കെല്ലാം കൗതുകമുണർത്തുന്നതാണ് ‘പരിചയപ്പെടാം ഗിൽബർട്ട് സ്ലേറ്ററുടെ സാമ്പത്തികശാസ്ത്രം’ എന്ന ലേഖനം. ഇന്ത്യയിലെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്കു കാരണം, വർധിച്ച ദാരിദ്ര്യം, തൊഴിലില്ലായ്മ, പകർച്ചവ്യാധി, കുറഞ്ഞ കാർഷികോൽപാദനക്ഷമത, കുറഞ്ഞ വിദ്യാഭ്യാസം, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയാണെന്നും ഇവയിൽനിന്ന് തൊഴിലാളികളെ രക്ഷിക്കണമെന്നും ഇന്ത്യയിൽ ദേശീയപ്രസ്ഥാനവും തൊഴിലാളി സംഘടനകളും സജീവമാകുന്നതിനുമുമ്പുതന്നെ പറഞ്ഞ, ബ്രിട്ടീഷുകാരനായ സാമ്പത്തികശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നു പ്രാഫ. ടി പി കുഞ്ഞിക്കണ്ണനും അബിത ആറും.
‘സ്ലേറ്റർ ഗ്രാമങ്ങൾ’ എന്ന് ഇന്നും അറിയുന്ന ദക്ഷിണേന്ത്യൻഗ്രാമങ്ങളെപ്പറ്റി പഠിച്ചുകൊണ്ട്, ശാസ്ത്രീയമായ ഗ്രാമപഠനത്തിനു തുടക്കംകുറിച്ച സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന ഡോ. ഗിൽബർട്ട് സ്ലേറ്റർ ഒരേസമയം വിസ്മയവും മാതൃകയുമാണ്. ജീവിത യാഥാർഥ്യങ്ങളെ ക്ലാസ്മുറികളിലേക്കു കൂട്ടിക്കൊണ്ടുവന്ന അദ്ദേഹത്തിന്റെ അധ്യാപനരീതി സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങളെയും ജനങ്ങളുടെ യഥാർഥ ജീവിതപ്രശ്നങ്ങളെയും ബന്ധിപ്പിക്കുന്നതായിരുന്നു. ബ്രിട്ടീഷിന്ത്യയിലെ സാമ്പത്തിക നയരൂപവൽക്കരണത്തിന്റെ പലതലങ്ങളിൽ പലപ്പോഴും പങ്കാളിയും ഇംപീരിയൽ ബോർഡ് ഓഫ് അഗ്രിക്കൾച്ചർ, കമ്മിറ്റി ഓൺ ഫിനാൻസ് എന്നിവയിൽ അംഗവുമായിരുന്ന സ്ലേറ്റർ ഇന്ത്യൻ സാമ്പത്തികശാസ്ത്ര രംഗത്തും വിശാലമായി ഇടപെട്ടു. ഇന്ത്യയിലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ രചിച്ച ‘Some South Indian Villages’ (1918), ‘Poverty and the State’ (1930), ‘South India, Its Political and Economic Problems’ (1936) തുടങ്ങിയ പുസ്തകങ്ങൾ ഏറെ പ്രസക്തമാണ്. തുടക്കത്തിൽ ഇംഗ്ലണ്ടിൽ തൊഴിലാളിപ്രവർത്തകനായിരുന്ന അദ്ദേഹം പ്രിൻസിപ്പലായിരിക്കെ, റസ്കിൻ കോളേജിന്റെ ഭരണസമിതിയെ തൊഴിലാളി പ്രതിനിധികൾക്കു മാത്രമായി പരിമിതപ്പെടുത്തിയെന്നതും കൗതുകകരം.
‘സർവകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സംക്ഷിപ്ത റിപ്പോർട്ട് ഡോ. രതീഷ് കൃഷ്ണൻ തയ്യാറാക്കിയത് ‘വിദ്യാഭ്യാസവും ജനാധിപത്യവും’ എന്ന ശീർഷകത്തിൽ ചേർത്തിട്ടുണ്ട്.
ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റിയിലെ ജൈവശാസ്ത്രജ്ഞനായ ലിയാം ഷാ എഴുതിയ, പെൻസിലിന്റെ യാദൃച്ഛികമായ കണ്ടെത്തൽ മുതൽ ആന്റിബയോട്ടിക് വികസനത്തിന്റെ സുവർണ്ണകാലഘട്ടം വരെയുള്ള ബൃഹത്തായ ചരിത്രയാത്ര വിവരിക്കുന്ന, ‘ദ ഡെയിഞ്ചറസ് മിറക്കിൾ’ എന്ന പുസ്തകം ‘വായനയ്ക്ക്’ എന്ന പംക്തിയിൽ എൻ ഇ ചിത്രസേനൻ പരിചയപ്പെടുത്തുന്നു.
ഡോ. പ്രീത ടി എസ് തയ്യാറാക്കിയ ‘ശാസ്ത്രവാർത്ത’യിൽ തണുപ്പിക്കുന്ന വസ്ത്രങ്ങൾ, പ്ലാസ്റ്റിക്കിനു ബദലായി ഒരു ‘സൂപ്പർ മെറ്റീരിയൽ’, ഇലക്ട്രോണിക് മാലിന്യങ്ങളിൽനിന്ന് സ്വർണ്ണം, അൽസ്ഹൈമേഴ്സിനു പ്രതീക്ഷയായി ലിഥിയം സപ്ലിമെന്റ് തുടങ്ങിയ പുതിയ കണ്ടെത്തലുകളുണ്ട്. കെ സതീഷിന്റെ കാർട്ടൂൺപംക്തിയായ ‘ഹരണഫലം’ അമേരിക്കൻ താരിഫ് യുദ്ധത്തെപ്പറ്റിയാണ്. ഇടവേളയ്ക്കുശേഷം വായനക്കാരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങി എന്നതും ശ്രദ്ധേയമാണ്.
‘ശാസ്ത്രഗതി’യുടെ അടുത്തലക്കം ‘ഓട്ടോ ഇമ്മ്യൂൺ ഡിസീസ്’ പതിപ്പാണ്.