ഇന്ത്യ എന്റെ രാജ്യം : സർഗ്ഗപ്രതിരോധസംഗമം
24/09/23 തൃശൂർ
കോലഴി, അവണൂർ: ഇന്ത്യാരാജ്യം ഇരുണ്ട മതരാഷ്ട്രത്തിന്റെ പാതയിലാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖല സംഘടിപ്പിച്ച “ഇന്ത്യ എന്റെ രാജ്യം : സർഗ്ഗപ്രതിരോധസംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം വർഗ്ഗീയവൽക്കരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം പാർലിമെന്റിൽ വിതരണം ചെയ്ത ഇന്ത്യൻ ഭരണഘടയുടെ ആമുഖത്തിൽ സെക്യുലറിസം, സോഷ്യലിസം എന്നീ വാക്കുകൾ തമസ്കരിച്ചു. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും അപകടത്തിലാണെന്ന സൂചനയാണിത് നൽകുന്നത്. ബോളിവുഡ് നടികളെ പോലും പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചപ്പോൾ ഇന്ത്യയുടെ സർവസൈന്യാധിപയായ പ്രസിഡണ്ട് ദ്രൗപതി മുർമുവിനെ അവഗണിച്ചു ! സ്വേച്ചാധിപത്യത്തിന്റെ പാരമ്യമാണിത് സൂചിപ്പിക്കുന്നത്. ചാന്ദ്രയാൻ ലാന്റ് ചെയ്ത സ്ഥലത്തിന് മതപരമായ പേര് നൽകി ശാസ്ത്രനിരാസത്തിന് ഭരണകൂടം തന്നെ ഒത്താശ ചെയ്യുന്നുവെന്ന് തെളിയിച്ചു. ഇന്ത്യ എന്ന പേര് പോലും ഉച്ഛരിക്കാൻ നമുക്കവകാശമില്ലാത്ത കെട്ട കാലത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ! ഇത്തരം കലുഷിതമായ ഇന്ത്യൻ സാഹചര്യത്തിൽ മൗനം പാലിക്കാൻ നമുക്കവകാശമില്ലെന്നും വലിയ ചെറുത്തുനില്പുകൾ അനിവാര്യമാണെന്നും കരിവെള്ളൂർ മുരളി പറഞ്ഞു. ഇത്തരം സർഗ്ഗപ്രതിരോധ സംഗമങ്ങൾ നാടെങ്ങും സംഘടിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അവണൂർ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർപെഴ്സനുമായ തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. കവി എം.എം.സചീന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ജനറൽ കൺവീനർ വി.കെ.മുകുന്ദൻ , പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല, സെക്രട്ടറി പി.എസ്. ജൂന, മേഖലാപ്രസിഡന്റ് എം.എൻ. ലീലാമ്മ, സെക്രട്ടറി ഐ.കെ. മണി, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.വി.സൈമി , സി.ബാലചന്ദ്രൻ , രാജൻ നെല്ലായി, കൃഷ്ണൻ സൗപർണിക , കെ.ബി. മധുസൂദനൻ എ.പി.ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ഉഷാകുമാരി , കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
വിവിധ മേഖലകളിൽ മുദ്ര പതിപ്പിച്ച 8 പേരെ വേദിയിൽ ആദരിച്ചു. 80ഓളം കലാകാരന്മാർ വേദിയിൽ കലാവതരണങ്ങളിലൂടെയും വാക്കും വരയിലൂടെയും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. 300ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.