ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുക

0

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കാറ്റിൽ പറത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അപലപനീയമാണ്. ഭരണഘടന അനുസരിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം രാജ്യത്തു താമസിക്കലും ജൈവ ബന്ധങ്ങളുമാണ്. അത് ഒരിക്കലും മതത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അത് ശാസ്ത്രരംഗത്തടക്കം എല്ലാം മേഖലയിലും കനത്ത തിരിച്ചടിയാണുണ്ടാക്കുക.
പാളിപ്പോയ നോട്ടു നിരോധനവും മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ആകെ തകിടം മറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സമ്പദ്ഘടന തന്നെ തകരുകയും വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയുമാണ്. രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ച മുരടിച്ചതായി ധനകാര്യ വിദഗ്ധരും അന്താരാഷ്ട്ര ഏജൻസികളും സാക്ഷ്യപ്പെടുത്തുന്നു. ഇത് നിലവിലുള്ള പ്രതിസന്ധികളെ കൂടുതൽ രൂക്ഷമാക്കാനേ ഇടയാക്കൂ. ഇവയ്ക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടിയാണ് വർഗീയ അജണ്ട പുറത്തെടുത്തു കൊണ്ട് പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
“ഒരൊറ്റയിന്ത്യ ഒരൊറ്റ ജനത” എന്ന കാഴ്ചപ്പാട് മുറുകെ പിടിച്ചു കൊണ്ട് ജനാധിപത്യ രീതിയിൽ നടത്തുന്ന വിദ്യാർഥികളുടേയും പൊതു പ്രവർത്തകരുടേയും ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ സമീപനം അപകടകരമാണ്. ഇതിന്നെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയർത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *