സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂല : മേഖലാതല ഉത്ഘാടനംബഹു.മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാകമ്മിറ്റി ആവിഷ്ക്കരിച്ച, കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള സ്കൂളിൽ ഒരു ശാസ്ത്ര പുസ്തകമൂലയുടെ മേഖലാതല ഉത്ഘാടനം ബഹു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവ്വഹിച്ചു. 27.08.2024 ചൊവാഴ്ച ഉച്ചയ്ക്ക് 2.30 ന് നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു നടന്ന ഉത്ഘാടന പരിപാടിയിൽ നെടു.മുനിസിപ്പൽ ചെയർമാൻ സി.എസ്.ശ്രീജ അദ്ധ്യക്ഷയായിരുന്നു.പരിഷത്ത് മേഖലാ പ്രസിഡൻ്റ് എ.കെ.നാഗപ്പൻ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി അജിത്കുമാർ.എച്ച് പരിപാടി വിശദീകരിച്ചു.

ശാസ്ത്ര ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സ്ക്കൂളുകളിൽ പ്രാഥമിക തലം മുതൽ തന്നെ ശാസ്ത്ര പഠനം ആസൂത്രിതമായി നടപ്പിലാക്കണം.കുട്ടികളിൽ ആഴത്തിലുള്ള ശാസ്ത്ര ചിന്ത വളരാൻ അതു കാരണമാകും എന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും അന്വേഷണ തൃഷ്ണയും, ചോദ്യം ചെയ്യാനുള്ള ശീലവും കുട്ടികളിൽ വളർന്നു വരണം. ജാതി മത ചിന്തകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുട്ടികളുടെ മനസ്സുകളിൽ ഉറപ്പിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ഇതിനെതിരായി കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തിയെടുക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. സത്യങ്ങൾ വിളിച്ചു പറയാൻ ഭയപ്പെടുന്ന കാലത്ത് പരിഷത്താണ് സത്യങ്ങൾ വിളിച്ചു പറയുന്നത്.ഇത് പരിഷത്തിനു മാത്രമേ കഴിയു. അതു കൊണ്ട് ഇനിയു പരിഷത്ത് സത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. 

തുടർന്ന് നെടുമങ്ങാട് മുനിസിപ്പൽ പ്രദേശത്തെ 12 സ്കൂളുകൾക്കുള്ള, പതിനായിരം രൂപ വീതം മുഖവിലയുള്ള, പരിഷത്ത് പുസ്തകങ്ങളുടെവിതരണം മന്ത്രി നിർവ്വഹിച്ചു. നെടുമങ്ങാട് മേഖലയിലെ കരകുളം, വെമ്പായം, പനവൂർ, ആനാട്, അരുവിക്കര പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് പരിഷത്ത് പുസ്തകങ്ങൾ നല്കാനുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വസന്തകുമാരി, മുൻ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്.ബിജു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിനു, സ്കൂൾ പ്രിൻസിപ്പാൾ

നിത ആർ.നായർ, വൈസ് പ്രിൻസിപ്പാൾ രമണി മുരളി, പി.ടി.എ.പ്രസിഡൻ്റ് രെജി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. അശ്വനി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed